കരമണ്ണ് കടത്ത്: എക്സ്കവേറ്ററും ടിപ്പറുകളും പിടികൂടി
text_fieldsചാത്തന്നൂർ: കല്ലുവാതുക്കൽ പഞ്ചായത്തിന്റെ വേളമാനൂർ ഭാഗത്തുനിന്ന് അനധികൃതമായി കരമണ്ണ് കടത്തിയ സംഭവത്തിൽ നാല് ടിപ്പറുകളും എക്സ്കവേറ്ററും പിടികൂടി. വാഹനങ്ങളുടെ ഉടമക്കെതിരെയും സ്ഥലം ഉടമക്കെതിരെയും പാരിപ്പള്ളി പൊലീസ് കേസെടുത്തു.
പാരിപ്പള്ളി വേളമാനൂരിൽനിന്നാണ് വ്യാഴാഴ്ച പുലർച്ചെ ഇവ പിടികൂടിയത്. ഒരു പാസുമില്ലാതെ ദിവസവും നൂറൂകണക്കിന് ലോഡ് മണ്ണാണ് വേളമാനൂരിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് കടത്തിയിരുന്നത്. നാട്ടുകാർ വില്ലേജ് അധികൃതർ മുതൽ കലക്ടർക്ക് വരെ പരാതി കൊടുത്തെങ്കിലും നടപടി ഉണ്ടാവാത്തതിനെ തുടർന്ന് വ്യാഴാഴ്ച നാട്ടുകാർ വാഹനങ്ങൾ തടഞ്ഞിട്ട് പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പാരിപ്പള്ളി പൊലീസെത്തി വാഹനങ്ങളും മണ്ണുമാന്തി യന്ത്രവും കസ്റ്റഡിയിലെടുത്തു. ജിയോളജി, വില്ലേജ് അധികൃതർ സ്ഥലത്തെത്തി മേൽ നടപടി സ്വീകരിച്ചു.
പാസിൽ കൃത്രിമം കാണിച്ച് മണ്ണ്കടത്ത് വ്യാപകം
വേളമാനൂരിൽ രണ്ട് ദിവസമായി ജിയോളജി വകുപ്പ് 49 ലോഡിന് നൽകിയ അനുമതിയിൽ അഞ്ഞൂറിലേറെ ലോഡ് മണ്ണ് കടത്തിയതായി നാട്ടുകാർ
ചാത്തന്നൂർ: ദേശീയപാത നിർമാണ മറവിൽ കള്ളപ്പാസുകൾ ഉപയോഗിച്ച് ദിവസവും കടത്തുന്നത് ആയിരക്കണക്കിന് ലോഡ് മണ്ണ്. ജിയോളജിയുടെ വ്യാജ പാസുകൾ നിർമിച്ചാണ് മണ്ണ് കടത്ത് നടത്തുന്നത്.
റവന്യു വകുപ്പ് മുഖേന ജിയോളജി വകുപ്പ് അനുവദിച്ച പാസിൽ കൃത്രിമം കാണിച്ച് അനുവദിച്ചതിലധികം മണ്ണ് ഖനനം ചെയ്യുകയാണ്. വേളമാനൂരിൽ രണ്ട് ദിവസമായി ജിയോളജി വകുപ്പ് 49 ലോഡിന് നൽകിയ അനുമതിയിൽ 500ൽപരം ലോഡ് മണ്ണ് കടത്തിയതായി നാട്ടുകാർ പരാതിപ്പെട്ടിരുന്നു. വലിയ ലോറികൾ ഇടതടവില്ലാതെ മണ്ണ് കയറ്റി പല വഴിക്കാണ് പോയിക്കൊണ്ടിരുന്നതെന്നും നാട്ടുകാർ പറയുന്നു.
മണ്ണെടുപ്പ് സമയത്ത് മറ്റു വാഹനങ്ങൾക്ക് റോഡിലൂടെ പോകുന്നതിന് പോലും തടസ്സംനേരിട്ട സാഹചര്യമുണ്ടായി. പാസ് അനുവദിച്ച ദിവസവും സമയവും പോകുന്ന മണ്ണിന്റെ കൃത്യമായ കണക്കും പരിശോധിക്കാൻ മണ്ണെടുക്കുന്ന സമയത്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വേണമെന്ന് പരിസ്ഥിതി പ്രവർത്തകർ ആവശ്യപ്പെടുന്നുണ്ടെങ്കിലും നടപ്പാകുന്നില്ല.
അനുവദിച്ച കുറഞ്ഞ യൂനിറ്റ് മണ്ണിന് പകരം എത്രയോ ഇരട്ടി കുറഞ്ഞ സമയംകൊണ്ട് വേളമാനൂരിൽനിന്ന് തിരുവനന്തപുരം ജില്ലയിലേക്ക് കടത്തുന്നുവെന്ന് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.