ചിറക്കര പഞ്ചായത്തിൽ തെരുവുനായ് ശല്യം വ്യാപകം; പൊറുതിമുട്ടി ജനം
text_fieldsചാത്തന്നൂർ: ചാത്തന്നൂർ ചിറക്കര പഞ്ചായത്തിൽ തെരുവുനായ്ക്കളുടെയും വന്യമൃഗങ്ങളുടെയും ശല്യംകൊണ്ട് ജനം പൊറുതിമുട്ടുന്നു. അധികൃതർ മൗനം പാലിക്കുകയാണെന്നും പരാതിയുയരുന്നു. തെരുവുനായ്ക്കളെ പിടികൂടാനുള്ള പദ്ധതി ഇക്കുറിയും ചാത്തന്നൂർ, ചിറക്കര പഞ്ചായത്തുകളുടെ ബജറ്റിൽ ഒരുരൂപപോലും വകയിരുത്താത്തത് വെല്ലുവിളിയാണെന്നാണ് പറയുന്നത്.
വീടുകളിൽ എത്തുന്ന വന്യമൃഗങ്ങളും റോഡുകളും ആളൊഴിഞ്ഞ പുരയിടങ്ങളും കൈയടക്കി വിഹരിക്കുന്ന തെരുവുനായ്ക്കളും ജനങ്ങൾക്ക് ഭീഷണിയായി മാറുന്നു. കാൽനട ഇരുചക്ര വാഹന യാത്രക്കാർ തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്നത് പതിവാണ്. രാവിലെ ഓടാനും നടക്കാനും പോകുന്നവർ, പത്രവിതരണക്കാർ, പാൽ വിതരണക്കാർ തുടങ്ങിയവർ തെരുവുനായ്ക്കളുടെ ശല്യം മൂലം പൊറുതി മുട്ടി. നിർമാല്യ ദർശനത്തിനു പോകുന്നവർക്കും തെരുവുനായ് ശല്യം ഭീഷണിയായി മാറിയിട്ടുണ്ട്.
വീടുകളിൽ വളർത്തു മൃഗങ്ങൾക്ക് നേരെയും ഇവയുടെ ആക്രമണം പതിവാണ്. രാത്രിയിൽ വീട്ടിൽ വളർത്തുന്ന നായ്ക്കളെ അഴിച്ചുവിടാൻ പറ്റാത്ത അവസ്ഥയാണെന്നു നാട്ടുകാർ പറയുന്നു. മുമ്പ് നായ് ശല്യം രൂക്ഷമാകുമ്പോൾ ‘നായ് പിടിത്തക്കാർ’ ഇറങ്ങുക പതിവ്. ഇപ്പോൾ ഇതും നടക്കാതായി.
മാർക്കറ്റുകൾ, മാലിന്യം നിറയുന്ന പാതയോരങ്ങൾ എന്നിവിടങ്ങളിലാണ് നായ്ശല്യം ഏറെ യുള്ളത്.
പുറമെ വന്യമൃഗങ്ങളും
നായശല്യത്തിനൊപ്പം വന്യമൃഗങ്ങളുടെ ശല്യവും വർധിച്ചിരിക്കുകയാണ്. വനപ്രദേശങ്ങളിൽനിന്ന് കനാലുകൾ വഴി വന്യമൃഗങ്ങൾ നാട്ടിലേക്ക് എത്തുകയാണ്. മുള്ളൻപന്നിയും കാട്ടുപന്നിയും നാട്ടിൽ സർവസാധാരണമായി മാറിയതിന്റെ പിന്നാലെ തെരുവു നായ്ക്കളും ദിനംപ്രതി കൂടി വന്നതോടെ നാട്ടുകാർ ഇരട്ടി ദുരിതത്തിലായി.
അറവുശാല മാലിന്യം ഉൾപ്പെടെയുള്ളവ ഗ്രാമപ്രദേശങ്ങളിലെ റോഡുവക്കിൽ തള്ളുന്നുണ്ട്. ഇത്തരം സ്ഥലം കേന്ദ്രീകരിച്ചാണ് നായ്ക്കളെ വാഹനത്തിൽ കൊണ്ടിറക്കുന്നതും. തെരുവുനായ് ശല്യം നിയന്ത്രിക്കാൻ അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരിച്ച് തിരികെ തെരുവിൽ വിടാനുള്ള പദ്ധതി ജില്ലയിൽ പാളിയതോടെ നായ്ക്കളുടെ എണ്ണം ക്രമാതീതമായി വർധിച്ചു. വന്ധ്യംകരണം നടക്കാതെയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.