ചാത്തന്നൂർ മേഖലയിൽ തെരുവുനായ് ശല്യം രൂക്ഷം
text_fieldsചാത്തന്നൂർ: യാത്രക്കാർക്കും വിദ്യാർഥികൾക്കും ഭീഷണിയായി ചാത്തന്നൂർ പ്രദേശത്ത് തെരുവുനായ് ശല്യം രൂക്ഷം. അലഞ്ഞുതിരിയുന്ന നായ്ക്കൾ വിദ്യാർഥികളും സ്ത്രീകളുമുൾപ്പെടെയുള്ള കാൽനടയാത്രക്കാർക്ക് ഭീഷണിയാകുകയാണ്. തെരുവുനായ്ക്കളെ നിയന്ത്രിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കാൻ പഞ്ചായത്ത് തയാറാകുന്നില്ല.
ചാത്തന്നൂർ കെ.എസ്.ആർ.ടി.സി ഡിപ്പോ, ഗവ. എൽ.പി സ്കൂൾ, തോട്ടവാരം, ചന്തമുക്ക്, വെട്ടിക്കുന്ന് വിള റോഡ്, ഇത്തിക്കര, വരിഞ്ഞം, കോഷ്ണക്കാവ്, ഏറം, മീനാട് കിഴക്കുംകര, ചാത്തന്നൂർ ടൗൺ, ചാത്തന്നൂർ കുടുംബാരോഗ്യ കേന്ദ്രം എന്നിവിടങ്ങൾ തെരുവു നായ്ക്കളുടെ വിഹാരകേന്ദ്രമാണ്. സ്കൂൾ വരാന്തകളിലും പരിസരത്തും രാപകൽ വ്യത്യാസമില്ലാതെ ഇവ അലഞ്ഞുതിരിയുന്നു.
തുരത്തിയോടിക്കാൻ ശ്രമിച്ചാൽ ഇവ കൂടുതൽ അപകടകാരികളായി ആക്രമിക്കാൻ ശ്രമിക്കുകയാണ്. സ്ഥാപനങ്ങളിൽനിന്നും വീടുകളിൽനിന്നും മാലിന്യം കൊണ്ടുവന്ന് വഴിയരികിലും ഓടകളിലും തോടുകളിലും വലിച്ചെറിയുന്നതാണ് തെരുവുനായ്ക്കൾ ഇവിടെ തമ്പടിക്കാൻ കാരണം.
മാലിന്യം ഭക്ഷിക്കാൻ കൂട്ടത്തോടെയെത്തുന്ന തെരുവുനായ്ക്കൾ തമ്മിൽ ഏറ്റുമുട്ടുന്നതും യാത്രക്കാരെയും അക്രമിക്കുന്നതും പതിവാണ്. നായ്ക്കൾ റോഡിലും മറ്റും കടിച്ചുവലിച്ചിഴച്ചതും ചിന്നിച്ചിതറിക്കിടക്കുന്നതുമായ അവശിഷ്ടങ്ങൾ കാക്കകൾ കൊത്തിവലിച്ച് കുടിവെള്ള ടാങ്കുകളിലും കിണറുകളിലും കൊണ്ടിടുന്നത് പതിവാണ്.
നായ്ക്കൾ ഇരുചക്ര വാഹനയാത്രക്കാർക്ക് പിന്നാലെ ഓടുന്നതിനാൽ അമിത വേഗത്തിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ, നിയന്ത്രണം വിട്ട് അപകടത്തിൽ പെടുന്നതും നിത്യസംഭവമാണ്. റോഡിലേക്ക് തെറിച്ചുവീഴുന്ന ഇരുചക്ര വാഹന യാത്രക്കാരെ തെരുവുനായ്ക്കൾ കൂട്ടത്തോടെയെത്തി ആക്രമിക്കുന്നതും പതിവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.