പാർക്ക് ചെയ്യുന്ന ലോറികളിൽ മോഷണം വർധിക്കുന്നു
text_fieldsചാത്തന്നൂർ: ദേശീയപാതയിൽ പാർക്ക് ചെയ്യുന്ന ലോറികളിൽനിന്ന് മോഷണം നടത്തുന്ന സംഘങ്ങൾ വ്യാപകം. തൊഴിലാളികൾ ഉറങ്ങുകയാണെങ്കിൽ അവരുടെ മുഖത്തേക്ക് മയക്കുമരുന്ന് സ്പ്രേ ചെയ്താണ് കവർച്ച നടത്തുന്നത്.
ശനിയാഴ്ച രാത്രിയിൽ ദേശീയപാതക്കരികിൽ ചാത്തന്നൂർ സ്പിന്നിങ് മില്ലിന് സമീപമാണ് ഒടുവിൽ കവർച്ച നടന്നത്. നിർത്തിയിട്ടിരുന്ന മിനിലോറിയിൽ ഉറങ്ങുകയായിരുന്ന ഡ്രൈവറെ മയക്കുമരുന്ന് സ്പ്രേ ചെയ്ത് മയക്കിയ ശേഷം പതിനായിരത്തിലധികം രൂപയും രേഖകളും കവരുകയായിരുന്നു. ഡ്രൈവർ ചാലക്കുടി സ്വദേശി സുനേഷിന്റെ ലൈസൻസ്, എ.ടി.എം കാർഡ്, ആധാർ കാർഡ്, പതിനായിരത്തി അഞ്ഞൂറ് രൂപ എന്നിവയാണ് മോഷ്ടിക്കപ്പെട്ടത്.
നിലമ്പൂരിൽ നിന്ന് ഫർണിച്ചറുകളുമായി തിരുവനന്തപുരത്ത് പോയ ശേഷം തിരികെ വരുമ്പോഴായിരുന്നു സംഭവം. പുലർച്ച 12.45ന് ചാത്തന്നൂർ സ്പിന്നിങ് മില്ലിന് എതിർവശം വാഹനം നിർത്തി ഡോർ ലോക്ക് ചെയ്ത് ഡ്രൈവർ ഉറങ്ങി. രാവിലെ എഴുന്നേറ്റപ്പോഴാണ് മോഷണവിവരം അറിയുന്നത്.
മയക്കുമരുന്ന് പോലെ എന്തോ മോഷ്ടാവ് ഉപയോഗിച്ചതുകൊണ്ടാകാം തലചുറ്റലും ശരീരത്തിന് ബുദ്ധിമുട്ടും അനുഭവപ്പെട്ടുവെന്ന് സുനേഷ് പറഞ്ഞു. പരാതി നൽകിയതിനെത്തുടർന്ന് ചാത്തന്നൂർ പൊലീസ് എത്തി പരിശോധന നടത്തി. സമീപത്തെ സി.സി.ടി.വി കാമറകൾ പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ആഴ്ചയിലും രാത്രിയിൽ ഈ ഭാഗത്ത് നിർത്തിയിട്ടിരുന്ന വാഹനത്തിൽനിന്ന് മൊബൈലും പഴ്സും കവർച്ച ചെയ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.