വെള്ളമൊഴുകാൻ സംവിധാനമില്ല, ദുരിതമായി ദേശീയപാതയിൽ വെള്ളക്കെട്ട്
text_fieldsചാത്തന്നൂർ: വെള്ളം ഒഴുകിപ്പോകുന്നതിനുള്ള സംവിധാനം ഒരുക്കാതെ റോഡരികിലുണ്ടായിരുന്ന ഓടകളും തോടുകളുമടച്ച് ദേശീയപാതയുടെ നിർമാണ പ്രവൃത്തികൾ നടത്തുന്നതുമൂലം പലയിടത്തും വെള്ളക്കെട്ട് രൂപപ്പെടുന്നു. കഴിഞ്ഞദിവസം പെയ്ത കനത്ത മഴയിൽ കൊല്ലം-തിരുവനന്തപുരം ദേശീയപാതയിൽ കല്ലുവാതുക്കൽ പഞ്ചായത്ത് സ്കൂളിന് മുന്നിലും സമീപ പ്രദേശങ്ങളും വെള്ളക്കെട്ടായി മാറി.
വിവിധ സ്ഥലങ്ങളിൽ നിന്നും സ്കൂൾ ഗ്രൗണ്ടിൽ കളിക്കാനെത്തിയവർ ഇതോടെ ദേശീയപാതയിലെത്താൻ കഴിയാതെ മറുവശത്ത് കുടുങ്ങി. സ്കൂളിന്റെ വശത്ത് കൂടി മീനമ്പലം ഭാഗത്തേക്ക് പോകുന്ന റോഡിലെ ഗതാഗതം തടസ്സപ്പെട്ടു. മീനമ്പലം റോഡിൽ മുകളിൽനിന്ന് വെള്ളം ഒഴുകിവന്ന് ദേശീയപാതയിൽ കെട്ടിക്കിടക്കുകയാണ്. ദേശീയപാതയുടെ ഓട അടച്ചതുമൂലം മഴവെള്ളം ഒഴുകിപ്പോകാനാകാതെ റോഡിൽ തന്നെ കെട്ടിക്കിടക്കുകയാണ്.
കഴിഞ്ഞ മഴയത്തും ഇതേരീതിയിൽ വെള്ളക്കെട്ടായിട്ടും ഓട ശരിയാക്കാതെയിട്ടതാണ് ചെറിയ മഴയിൽ പോലും വെള്ളക്കെട്ടുണ്ടാകുന്നതിന് കാരണമെന്ന് പ്രദേശവാസികൾ പരാതിപ്പെടുന്നു. ദേശീയപാത കൂടിയായതിനാൽ അമിത വേഗത്തിൽ വരുന്ന വാഹനങ്ങൾ അപകടത്തിൽപെടാനും സാധ്യതയേറെയാണ്. അടിയന്തരമായി ഓടകൾ വൃത്തിയാക്കി വെള്ളം ഒഴുകിപ്പോകുന്നതിനുള്ള നടപടിയെടുക്കണമെന്നാണ് ആവശ്യമുയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.