ശൗചാലയ മാലിന്യം തള്ളുന്ന സംഘങ്ങൾ സജീവം
text_fieldsചാത്തന്നൂർ: പാതയോരങ്ങളിലും, ആറുകളിലും, ഏലായിലും രാത്രികാലങ്ങളിൽ ടാങ്കറുകളിൽ ശൗചാലയ മാലിന്യം തള്ളുന്ന സംഘങ്ങൾ സജീവമായിട്ടും നടപടിയെടുക്കാതെ അധികൃതർ. ഗുരുതരമായ ആരോഗ്യഭീഷണി ഉയർത്തുന്ന പ്രശ്നത്തിന് പരിഹാരം കാണാൻ ഒരു നടപടിയും ഉണ്ടാകുന്നില്ല.
ശൗചാലയ മാലിന്യവുമായി നിരവധി ടാങ്കറുകളാണ് രാത്രികാലങ്ങളിൽ ഒഴിഞ്ഞസ്ഥലങ്ങൾ തേടി ഓടുന്നത്. ചാത്തന്നൂരിലും പരവൂർ നഗരസഭയിലും സമീപ പഞ്ചായത്തുകളിലും മാലിന്യം തള്ളുന്ന സംഘങ്ങളെ പലതവണ നാട്ടുകാർ പിടികൂടി പൊലീസിനു കൈമാറിയെങ്കിലും ശക്തമായ നിയമ നടപടികളുണ്ടായില്ല. അടുത്തിടെയാണ് ചാത്തന്നൂരിൽ പോളച്ചിറ ഏലായിൽ മാലിന്യമൊഴുക്കിയ ഒരു മാലിന്യടാങ്കർ പൊലീസ് പിടികൂടിയത്.
ഇത്തിക്കരയാറും പോളച്ചിറ ഏലയും മാലിന്യം തള്ളുന്നവരുടെ ഇഷ്ടസ്ഥലമാണ്. കട്ടച്ചൽ -ചെങ്കുളം റോഡിൽ ആളൊഴിഞ്ഞ ഭാഗത്ത് ദിവസവും മാലിന്യം തള്ളുന്നുണ്ട്. ഇത്തിക്കര - പാലമുക്ക് റോഡിൽ ഇത്തിക്കരയാറ്റിലേക്ക് ഒരു ദിവസവും രണ്ടും മൂന്നും ലോഡ് മാലിന്യമാണ് തള്ളുന്നത്.
ഇതിനെല്ലാം നാട്ടുകാർ പലതവണ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല. തുടർച്ചയായി ശൗചാലയ മാലിന്യം തള്ളുന്ന സംഘങ്ങൾ ജില്ലയിലുണ്ട്. അവർക്ക് എജന്റുമാരും ഉണ്ട്. വാഹനം ഉൾപ്പെടെ പിടികൂടി പൊലീസിൽ ഏൽപിച്ചാലും ജാമ്യത്തിൽ വിട്ടയക്കും.
നിസ്സാര വകുപ്പുകൾ ഉൾപ്പെടുത്തിയാണ് ഇവർക്കെതിരെ കേസെടുക്കുന്നത്. കൃഷിയിടങ്ങളാണ് ഇവരുടെ ലക്ഷ്യം. കൃഷിക്ക് തടസ്സമാകുന്ന രീതിയിൽ ടാങ്കറിൽ എത്തിച്ച് മാലിന്യം തള്ളുകയാണ്.
കനാൽ പരിസരം, തോടിന്റെ വശങ്ങൾ, പുറമ്പോക്ക് ഭൂമി എന്നിവിടങ്ങളിലെല്ലാം ശൗചാലയമാലിന്യം തള്ളുന്നുണ്ട്. ജലസ്രോതസ്സുകളും കൃഷിയിടങ്ങളും മലിനമാകുന്നതിനൊപ്പം വലിയ ആരോഗ്യ ഭീഷണിയാണ് ഉയർത്തുന്നത്. പ്രശ്നത്തിന് അടിയന്തര നടപടിയുണ്ടാകണമെന്ന ആവശ്യം ഉയരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.