ചാത്തന്നൂര്‍-പരവൂര്‍-പാരിപ്പള്ളി റോഡിലെ വെള്ളക്കെട്ടിന് പരിഹാരമാകുന്നു
text_fieldsചാത്തന്നൂർ: കേന്ദ്രസർക്കാറിന്റെ റോഡ് ഫണ്ട് 22.2 കോടി രൂപ ചെലവഴിച്ച് നവീകരിക്കുന്ന ചാത്തന്നൂര്‍ - പരവൂര്‍- പാരിപ്പള്ളി റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള നിർദേശങ്ങളുമായി സാങ്കേതിക വിദഗ്ധരുടെ സംഘം. മോര്‍ത്തിന്റെ കേരള ഘടകം മേധാവി ബി.ടി. ശ്രീധര, ദേശീയപാത വിഭാഗം സൂപ്രണ്ടിങ് എൻജിനീയര്‍ എസ്. സജീവ് എന്നിവരുടെ നേതൃത്വത്തിലുള്ള സാങ്കേതിക വിദഗ്ധരുടെ സംഘമാണ് സ്ഥലം സന്ദർശിച്ചത്.
പാരിപ്പള്ളി - പരവൂര്‍ റോഡില്‍ പാരിപ്പള്ളിയിലെ വെള്ളക്കെട്ട് ഒഴിവാക്കണമെങ്കില്‍ ദേശീയപാതയില്‍നിന്ന് വെള്ളം പഞ്ചായത്ത് റോഡിലൂടെ ഒഴുക്കി സമീപത്തുള്ള ഏലായില്‍ എത്തിക്കേണ്ടതാണെന്ന് സാങ്കേതിക വിദഗ്ദ്ധരുടെ പരിശോധനയില്‍ കണ്ടെത്തി. ദേശീയപാത വികസനത്തിനുള്ള ഫണ്ട് പഞ്ചായത്ത് റോഡില്‍ ഡ്രെയിനേജ് നിര്‍മിക്കുന്നതിന് ചെലവഴിക്കാന്‍ സാങ്കേതികമായി കഴിയുകയില്ല.
ഈ സാഹചര്യത്തില്‍ ദേശീയപാതയില്‍നിന്ന് വെള്ളം പഞ്ചായത്ത് റോഡ് വരെ എത്തിക്കുന്നതിനുള്ള ചെലവ് കേന്ദ്ര റോഡ് ഫണ്ടില്‍നിന്ന് വഹിക്കാനും പഞ്ചായത്ത് റോഡില്‍ ഡ്രെയിനേജ് നിർമിക്കുന്നതിനുള്ള ചെലവില്‍ 10 ലക്ഷം രൂപ എന്‍.കെ. പ്രേമചന്ദ്രന് എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് നല്‍കാമെന്ന് എം.പിയും 10 ലക്ഷം രൂപ എം.എൽ.എ ആസ്തിവികസന ഫണ്ടില്‍നിന്ന് നല്‍കാമെന്ന് എം.എല്‍.എയും സമ്മതിച്ചു.
ബാക്കി വരുന്ന തുക പഞ്ചായത്ത് ഫണ്ടില്നിന്നുകൂടി കണ്ടെത്തി പഞ്ചായത്ത് റോഡില്‍ ഡ്രെയിനേജ് നിര്‍മിച്ച് വെള്ളക്കെട്ട് ഒഴിവാക്കാനുള്ള പരിഹാര നിർദേശം ജനപ്രതിനിധികൾ അംഗീകരിച്ചു.
പോളച്ചിറ ഏലയിൽ മഴക്കാലത്ത് കൃഷി നടത്തുന്നതിന് ബുദ്ധിമുട്ടുണ്ടാകാത്തതരത്തില്‍ പോളച്ചിറ ഏലായില്‍നിന്ന് വെള്ളം ഇത്തിക്കരയാറ്റിലേക്ക് പമ്പ് ചെയ്തുവിടുന്നതിനും വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കുന്നതിനുമായി റോഡിന് കുറുകെ നാല് മീറ്റര്‍ നീളത്തില്‍ മൂന്നുമീറ്റര്‍ താഴ്ചയില്‍ കലുങ്ക് നിര്‍മിക്കുവാനുള്ള നിർദേശം സാങ്കേതിക വിദഗ്ധര്‍ നല്കി.
അടിയന്തരമായി ഇതിനുള്ള രൂപകല്പനയും എസ്റ്റിമേറ്റും തയാറാക്കി പ്രവൃത്തി നടപ്പാക്കാനുള്ള സത്വര നടപടി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിർദേശം നല്കി. നവീകരിക്കുന്ന റോഡില്‍ വെള്ളക്കെട്ട് ഉണ്ടാകാത്തവിധം വിവിധ സ്ഥലങ്ങളിലെ പരാതി പരിഗണിച്ച് പരിഹാര നടപടികള്‍ സ്വീകരിക്കാനും ഉദ്യോഗസ്ഥര്‍ക്ക് നിർദേശം നൽകി.
എന്‍.കെ. പ്രേമചന്ദ്രന് എം.പി, ജി.എസ്. ജയലാല്‍ എം.എല്‍.എ, കല്ലുവാതുക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് രജനി രാജന്, ചിറക്കര പഞ്ചായത്ത് പ്രസിഡന്റ് സുബി പരമേശ്വരന്, രാജേന്ദ്ര പ്രസാദ്, നെടുങ്ങോലം രഘു, ഷാലു വി.ദാസ്, സുരേന്ദ്രന്, ലത മോഹന്‍ദാസ്, എക്സിക്യൂട്ടിവ് എൻജിനീയര്‍ ഏബിള്‍ മോന്, അസിസ്റ്റന്റ് എൻജിനീയര്‍ നീതു എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.