പോളച്ചിറ ഏലായിൽ തണ്ണീർത്തടം കൈയേറ്റം വ്യാപകം
text_fieldsചാത്തന്നൂർ: അനധികൃത നിർമാണങ്ങൾ നടത്തി പോളച്ചിറ ഏലയുടെ സമീപത്തുള്ള തണ്ണീർത്തടങ്ങൾ കൈയേറുന്നതായി പരാതി. തെക്കേ തോടിന്റെ തീരങ്ങളാണ് ഭരണ സ്വാധീനം ഉപയോഗിച്ച് വില്ലേജ് അധികൃതരുടെ ഒത്താശയോടെ ഭൂമാഫിയ കൈയേറുന്നത്. പരിസ്ഥിതി ലോല പ്രദേശമായ ഇവിടെ നെൽവയൽ സംരഷിത മേഖല കൂടിയാണ്.
മീനാട് ഭാഗത്തുള്ള വസ്തു ഉടമകളാണ് അളവോ മറ്റ് നിയമനടപടികളോ നടത്താതെ തെക്കേ തോടിന്റെ ഭാഗത്തെ രണ്ടു ഏക്കറോളം ഭാഗത്തെ തണ്ണീർത്തടങ്ങൾ മണ്ണിട്ട് നികത്തിയത്. പരവൂർ - ചാത്തന്നൂർ റോഡിന്റെ കുറുകെയുള്ള ചെറിയ പാലത്തിന് അടിയിലൂടെയുള്ള ഭാഗവും ഏലായിലെ ഭാഗവും പമ്പ് ചെയ്യുമ്പോൾ വെള്ളം ഒഴുകിപ്പോകുന്ന ചതുപ്പ് പ്രദേശവും കൈയേറ്റത്താൽ അടഞ്ഞ് പോയതായി നാട്ടുകാർ പറയുന്നു. നെൽവയൽ നികത്തിയ വസ്തു വാങ്ങിയ ഭൂമാഫിയ നടത്തുന്ന അനധികൃത
നിർമാണ പ്രവർത്തനങ്ങളാണ് ചതുപ്പുനിലം നികത്തി നടന്നുകൊണ്ടിരിക്കുന്നത്. മീനാട് പ്രവർത്തിക്കുന്ന ക്രഷർ യൂനിറ്റിന്റെ കൈയേറ്റങ്ങളും തണ്ണീർത്തടങ്ങളെ ഇല്ലാതാക്കുന്നു. ചിറക്കര പഞ്ചായത്തിന്റെ കൺമുന്നിൽ അനധികൃത നിർമാണം പൊടിപൊടിക്കുമ്പോഴും ഒന്നും കണ്ടില്ലെന്നു നടിക്കുന്നു. പോളച്ചിറ ഏലായുടെ നീർച്ചാലുകളും നടവരമ്പും കൈയേറ്റം കാരണം നാൾക്കുനാൾ അപ്രത്യക്ഷമാവുകയാണ്.
പാടശേഖരവും ചതുപ്പ് പ്രദേശങ്ങളും തണ്ണീർതടങ്ങളും ഗ്രീൻ ബെൽറ്റിൽ ഉൾപ്പെട്ട പ്രദേശമാണ്. തണ്ണീർത്തട സംരക്ഷണത്തിനായി പഞ്ചായത്തുതല ജനകീയസമിതികൾ നിലവിലുണ്ട്. പഞ്ചായത്ത് സെക്രട്ടറിയും പ്രസിഡന്റും കൃഷി ഓഫിസറും ജനകീയ കമ്മിറ്റിയിൽ അംഗങ്ങളാണ്.
പോളച്ചിറ ഏലായിൽ കൃഷിയോഗ്യമല്ല എന്ന കാരണത്താൽ തരിശ് ഭൂമി ചുളുവിലയ്ക്ക് തട്ടിയെടുക്കാൻ റിയൽ എസ്റ്റേറ്റ് ലോബികൾ സജീവമായതാണ് കൈയേറ്റം വ്യാപകമാകാൻ ഇടയാക്കിയത്. ഇത്തരക്കാർ വാങ്ങിക്കൂട്ടിയ ഭൂമികളിൽ ആദ്യം മറ്റ് കൃഷി ആരംഭിക്കും. പിന്നീട് ഭൂമിക്ക് ചുറ്റും വേലി നിർമിച്ച് നിർമാണ പ്രവർത്തനങ്ങൾ നടത്തും.
ഭൂമി മതിൽകെട്ടി മറ്റ് നിർമ്മാണങ്ങൾ ആരംഭിക്കുന്നതോടെ പ്രദേശത്തെ നീരൊഴുക്കും നിലക്കും. ഇതോടെ സമീപത്ത് കൃഷി ചെയ്തിരുന്ന കർഷകരും കൃഷി ഉപേക്ഷിക്കാൻ നിർബന്ധിതരാകും. നെൽവയലുകളായിരുന്ന സ്ഥലങ്ങളിലെല്ലാം ഇന്ന് വീടുകളും മറ്റ് സ്ഥാപനങ്ങളുമാണ്. കൃഷിക്കാവശ്യമായ സമയങ്ങളിൽ പഞ്ചായത്തിൽ നിന്നുള്ള സഹായങ്ങൾ കൃഷി ഓഫിസ് മുഖേന ലഭിക്കാതായതോടെ കർഷകർ കൃഷി ഉപേക്ഷിച്ചു.
വെള്ളക്കെട്ട് പ്രദേശമായതിനാൽ മറ്റ് കൃഷികളും നടത്താൻ കഴിയാതെയായി. ഈ ചതുപ്പുകളാണ് റിയൽ എസ്റ്റേറ്റ് ലോബികൾ വാങ്ങിക്കൂട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.