സുരക്ഷാസംവിധാനങ്ങളില്ലാത്ത നിർമാണം അപകടക്കെണി
text_fieldsചാത്തന്നൂർ: ദേശീയപാതയുടെ പുനർനിർമാണവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നത് ചാത്തന്നൂർ നിവാസികളാണ്. ചാത്തന്നൂർ മുതൽ പാരിപ്പള്ളി വരെ യാത്ര കൊടിയ ദുരിതമാണ്. മഴയായാൽ റോഡ് തിരിച്ചറിയാൻ കഴിയാതെ ആറുപോലെ വെള്ളമാണ്. മഴ പെയ്യുമ്പോൾ റോഡ് വെള്ളത്തിൽ മുങ്ങി വഴിയും ഓടയും കുഴികളും തിരിച്ചറിയാനാവുന്നില്ല. കാൽനടയാത്ര പോലും ദുസ്സഹമാണ്. ഇത്തിക്കരയിലെ പാലം നിർമാണം എങ്ങുമെത്താത്തതും പുനർനിർമാണം നടക്കുന്ന റോഡിൽ വെള്ളം കയറാൻ ഇടയാക്കി. മൈലക്കാട്, ചാത്തന്നൂർ, ഊറാംവിള ശീമാട്ടി, മുക്കട എന്നിവിടങ്ങളിലാണ് മേൽപാലങ്ങളുടെ നിർമാണപ്രവർത്തനം നടക്കുന്നത്. വൈദ്യുതിബോർഡുമായി ബന്ധമില്ലാതുള്ള നിർമാണപ്രവർത്തനം മൂലം ചാത്തന്നൂരിൽ ട്രാൻസ്ഫോർമറുകളും വൈദ്യുതി തൂണുകളും മാറ്റിസ്ഥാപിക്കുന്ന ജോലികൾ അവതാളത്തിലാണ്.
നാല് ട്രാൻസ്ഫോർമറുകളും 22 ഓളം വൈദ്യുതി പോസ്റ്റുകളും മാറ്റിസ്ഥാപിക്കാത്തതിനാൽ സർവിസ് റോഡിന്റെ നിർമാണപ്രവർത്തനങ്ങൾ മുടങ്ങി. അതും വെള്ളക്കെട്ടിന് കാരണമാണ്. സുരക്ഷാസംവിധാനങ്ങൾ ഒരുക്കാതെ നടക്കുന്ന നിർമാണപ്രവൃത്തികളാണ് ചാത്തന്നൂർ ജങ്ഷനെ അപകടക്കെണിയാക്കുന്നത്. സ്കൂൾ തുറന്നാൽ ആയിരക്കണക്കിന് വിദ്യാർഥികൾ ചാത്തന്നൂർ ജങ്ഷനിലെ സ്കൂളുകളിൽ എത്തിച്ചേരും. ഇവരുടെ സുരക്ഷിതയാത്ര ഉറപ്പാക്കാൻ അധികാരികൾ ഒരു മുൻകരുതലും കൈക്കൊണ്ടിട്ടില്ല.
ചാത്തന്നൂർ ഗവ. വൊക്കേഷനൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിലും ഗവ. എൽ.പി സ്കൂളിലുമായി 5000ലേറെ വിദ്യാർഥികളുണ്ട്. എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂൾ, കോയിപ്പാട് എൽ.പി സ്കൂൾ, സെന്റ് ജോർജ് യു.പി സ്കൂൾ, എം.ഇ.എസ് എൻജിനീയറിങ് കോളജ്, എം.ഇ.എസ് ആർട്സ് കോളജ്, ചാത്തന്നൂർ ഗവ. ഐ.ടി.ഐ എന്നിവയും ജങ്ഷന് ഏറെ അകലയല്ല. ചാത്തന്നൂർ എസ്.എൻ കോളജ്, എസ്.എൻ ട്രസ്റ്റ് സ്കൂൾ, എസ്.എൻ പബ്ലിക് സ്കൂൾ, വിമല സെൻട്രൽ സ്കൂൾ എന്നിവിടങ്ങളിലേക്കുള്ള കുട്ടികളും ചാത്തന്നൂരിലെത്തിയാണ് പോകുന്നത്. ജങ്ഷന് സമീപത്തായി ഒട്ടേറെ ട്യൂഷൻ സെൻററുകളുമുണ്ട്. ജങ്ഷനിലെ ഗതാഗതസംവിധാനം സുഗമമാക്കിയില്ലെങ്കിൽ വിദ്യാർഥികൾക്കുൾപ്പെടെ കാൽനടയാത്ര ദുസ്സഹമാകും.
റോഡിൽ കുഴികൾമാത്രം
ദേശീയപാതവികസനഭാഗമായി ക്രമീകരിച്ച സർവിസ് റോഡുകൾ നിറയെ കുണ്ടും കുഴിയുമാണ്. ഇരുചക്രവാഹനങ്ങളും ഓട്ടോയും കുഴികളിൽവീണ് അപകടത്തിൽപെടുന്നത് നിത്യസംഭവമായി. മേൽപാലനിർമാണ ഭാഗമായി ചാത്തന്നൂർ ജങ്ഷനിൽ മറച്ചുകെട്ടിയിരിക്കുന്ന ഭാഗത്ത് നിലവിൽ കാൽനടയാത്രക്കിടമില്ല. മഴപെയ്താൽ നടന്നുപോകാനാകുന്നില്ല. ഓടയിലൂടെ ഒഴുകേണ്ട മഴ വെള്ളം റോഡിൽക്കൂടിയാണ് ഒഴുകുന്നത്.
വശത്തോടുചേർന്ന മണ്ണ് ഇടിഞ്ഞുതാഴ്ന്ന് ഓടകൾ മൂടി. സംസ്ഥാന സർക്കാറും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ദേശീയപാത അധികൃതരോട് നടത്തുന്ന നിസ്സഹകരണവും കെ.എസ്.ഇ.ബിയുടെ മെല്ലെപ്പോക്കും സർവിസ് റോഡുകളുടെ നിർമാണം വൈകിപ്പിക്കുന്നു. കല്ലുവാതുക്കൽ ജങ്ഷൻ മുതൽ കശുവണ്ടി ഫാക്ടറി ജങ്ഷൻ, ഹൈസ്കൂൾ, ശ്രീരാമപുരം വരെയുള്ള ഭാഗങ്ങളിൽ പത്തടിയോളം ഉയരത്തിൽ കഴിഞ്ഞദിവസം വെള്ളക്കെട്ട് രൂപപ്പെട്ടു.
സ്ഥാപനങ്ങൾ വെള്ളത്തിൽ മുങ്ങുന്നു
ജങ്ഷനുസമീപത്തെ ഡോ. മഞ്ജേഷ് ഹോസ്പിറ്റലും സമീപത്തുള്ള വീടുകളും പൂർണമായും വെള്ളത്തിനടിയിലായി. സമീപത്തുണ്ടായിരുന്ന ഓടയും കലുങ്കുകളും ഹൈവേ നിർമാണത്തിന്റെ പേരിൽ പൊളിച്ച് മണ്ണിട്ടുനികത്തിയതും കെ.എസ്.ഇ.ബിപ്രവൃത്തികളുടെ മെല്ലെപ്പോക്കുമാണ് ഇവിടെയും ദുരവസ്ഥക്ക് കാരണം. ദേശീയപാതയുടെ പണി തുടങ്ങുന്ന സമയത്തുതന്നെ സമീപപ്രദേശങ്ങളിലുള്ളവർ ഈ സാഹചര്യം അറിയിച്ചിട്ടും കരാർ ഏറ്റെടുത്തവർ വകെവക്കാതെ മുന്നോട്ടുപോവുകയുമായിരുന്നു. കേരളസർക്കാർസംവിധാനങ്ങളും ഉണർന്നുപ്രവർത്തിച്ചില്ല. സ്കൂൾ തുറക്കാനിരിക്കെ കല്ലുവാതുക്കൽ പഞ്ചായത്ത് ഹൈസ്കൂളിന്റെ മേൽക്കൂര പോലും കാണാനാകാതെയാണ് വെള്ളക്കെട്ട്. സ്കൂൾ തുറക്കുമ്പോൾ ശക്തമായ മഴ ഉണ്ടായാൽ കുട്ടികൾ സ്കൂളിൽ കുടുങ്ങിയതുതന്നെ. പ്രശ്നങ്ങളിൽ പരിഹാരമുണ്ടായില്ലെങ്കിൽ സ്കൂൾ തന്നെ മാറ്റിസ്ഥാപിക്കേണ്ടിവരും.
ഏകോപനമില്ലായ്മ തിരിച്ചടി
നാഷനൽ ഹൈവേ അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള നിർമാണപ്രവർത്തനങ്ങളിൽ അതത് മേഖലയിലെ ഭൂപ്രകൃതിക്കനുസരിച്ച് സംസ്ഥാന സർക്കാറും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഏകോപനവും മുന്നറിയിപ്പും നൽകിയിരുന്നെങ്കിൽ പ്രശ്നങ്ങൾ ഒഴിവാക്കാമായിരുന്നു. ദേശീയപാതയിൽ പുതിയ പാലംനിർമാണത്തിന് ഇത്തിക്കരയാറിന്റെ ഒരു ഭാഗം മണ്ണിട്ട് നികത്തിയതും റോഡിൽ വെള്ളം കയറാനിടയാക്കി. കടമ്പാട്ടുകോണം മുതൽ കൊട്ടിയം വരെ ഒച്ചിഴയും വേഗമാണ് ദേശീയപാതയുടെ നിർമാണത്തിന്. അൽപമെങ്കിലും നിർമാണപ്രവർത്തനങ്ങൾ നടന്നത് സ്പിന്നിങ് മിൽ ഭാഗത്താണ്. ഇവിടെ റോഡ് നിർമാണം പൂർത്തിയായി. ഉമയനല്ലൂരിലെ മേൽപാലനിർമാണവും ദ്രുതഗതിയിലാണ്. സർവിസ് റോഡുകൾക്ക് ചില സ്ഥലങ്ങളിൽ വീതിയും കുറഞ്ഞിട്ടുണ്ട്. മേവറം ബൈപാസ് ജങ്ഷനിൽ റോഡിന്റെ തെക്കുവശത്തുള്ള സ്ഥലം വെറുതെയിട്ട് ഓട നിർമിച്ചത് വടക്കുവശത്ത് വീണ്ടും സ്ഥലം ഏറ്റെടുക്കേണ്ട അവസ്ഥയുണ്ടാക്കി. സ്ഥലം ഏറ്റെടുത്തപ്പോൾ അലൈൻമെൻറിൽ പാളിച്ചയുണ്ടെന്ന ജനത്തിന്റെ മുറവിളി അധികൃതർ കേൾക്കാതിരുന്നത് സ്വയം തിരിച്ചടിയായി. ഉമയനല്ലൂർ മുതൽ പട്ടരുമുക്കുവരെ ഒരുവശത്തുമാത്രമാണ് സ്ഥലം ഏറ്റെടുത്തത്. തൂണുകളിൽ മേൽപാലങ്ങൾ നിർമിക്കണമെന്നത് പരിഗണിക്കാഞ്ഞതിനാൽ പല ജങ്ഷനുകളും മതിൽകെട്ടിത്തിരിച്ച നിലയിലാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.