1.405 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
text_fieldsചാത്തന്നൂർ: കഞ്ചാവ് കേസുകളിലെ പ്രതിയെ 1.405 കിലോ കഞ്ചാവുമായി എക്സൈസ് പിടികൂടി. ചാത്തന്നൂർ എക്സൈസ് ഇൻസ്പെക്ടർ എം. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ മീനമ്പലം ഭാഗത്ത് നടത്തിയ പരിശോധനയിലാണ് നെടുമങ്ങാട് ആര്യനാട് ഇറവൂർ സിന്ധു മന്ദിരത്തിൽ ഷിബുമോൻ (43 -അയിരൂർ കുട്ടൻ) പിടിയിലായത്.
ഇയാൾ ദിവസങ്ങളായി എക്സൈസ് ഷാഡോ ടീമിന്റെ നിരീക്ഷണത്തിലായിരുന്നു. ഇപ്പോൾ ജില്ലയിൽ പാരിപ്പള്ളി കരിമ്പാലൂർ കോണത്തു വാടകക്ക് താമസിച്ചു കഞ്ചാവ് കച്ചവടം നടത്തിവരികയായിരുന്നു.
ഇയാൾക്കെതിരെ വാമനപുരം എക്സൈസ് ഓഫിസ്, വർക്കല എക്സൈസ് ഓഫിസ്, മാറാനല്ലൂർ പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ കഞ്ചാവ് കേസ് നിലവിലുണ്ട്. പാരിപ്പള്ളി കരിമ്പാലൂർ ഭാഗങ്ങൾ കേന്ദ്രീകരിച്ച് അസമയത്ത് യുവാക്കൾ തമ്പടിക്കുന്നുവെന്ന വിവരത്തെ തുടർന്ന് പ്രദേശത്ത് എക്സൈസ് നിരീക്ഷണം ശക്തമാക്കിയിരുന്നു.
തുടർന്ന് നടന്ന പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ഇയാളുടെ പക്കൽനിന്ന് ലോക്കൽ മാർക്കറ്റിൽ 1.5 ലക്ഷം രൂപ വിലവരുന്ന 1.405 കിലോ കഞ്ചാവും വിൽപനക്കായി ഉപയോഗിച്ചിരുന്ന ഇലക്ട്രോണിക് ത്രാസ്സും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് വിപുലമായ അന്വേഷണം തുടങ്ങിയതായി കൊല്ലം അസി. എക്സൈസ് കമീഷണർ വി. റോബർട്ട് അറിയിച്ചു.
പ്രിവന്റിവ് ഓഫിസർമാരായ ആർ.ജി. വിനോദ്, എ. ഷിഹാബുദ്ദീൻ, സിവിൽ എക്സൈസ് ഓഫിസർമാരായ ഒ.എസ്. വിഷ്ണു, ജെ. ജ്യോതി, അഖിൽ, പ്രശാന്ത്, വനിതാ സിവിൽ എക്സൈസ് ഓഫിസർ റാണി സൗന്ദര്യ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.