മണ്ഡലപരിചയം: ചവറ; മന്ത്രി മണ്ഡലം
text_fieldsനിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള ആരവം അൽപം മുമ്പേ മുഴങ്ങിയ മണ്ഡലമാണ് ചവറ. എൽ.ഡി.എഫ് എം.എൽ.എയായിരുന്ന ചവറ എൻ. വിജയൻപിള്ള അന്തരിച്ച ഒഴിവിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കുമെന്ന പ്രഖ്യാപനം മുതൽ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും തകൃതിയായി. പിന്നീട് തെരഞ്ഞെടുപ്പ് ഒഴിവായെങ്കിലും ഒരുക്കങ്ങളിൽ ഒരുപിടി മുന്നിലാണ് ചവറ. കടലും കായലും അതിരിടുന്ന കരിമണലിെൻറ നാട്ടിൽ ഇക്കുറി വീറും വാശിയും കൂടും. മണ്ഡലം നിലനിർത്താൽ എൽ.ഡി.എഫും തിരിച്ചുപിടിക്കാൻ യു.ഡി.എഫും തയാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞു. തദ്ദേശതെരഞ്ഞെടുപ്പ് മുന്നണികൾ തമ്മിലുള്ള മാറ്റുരക്കലായി.
കരിമണൽ സമ്പത്തിന് പേരുകേട്ട ചവറ മണ്ഡലം ചവറ, പന്മന, തേവലക്കര, തെക്കുംഭാഗം, നീണ്ടകര എന്നീ പഞ്ചായത്തുകളും കൊല്ലം കോർപറേഷനിലെ ശക്തികുളങ്ങര, മരുത്തടി, മീനത്തുചേരി, കാവനാട്, വള്ളിക്കീഴ്, കുരീപ്പുഴ വെസ്റ്റ്, തങ്കശ്ശേരി വെസ്റ്റ്, തിരുമുല്ലാവാരം എന്നീ ഡിവിഷനുകളും ചേർന്നതാണ്. കരിമണല്‍, മത്സ്യ, കശുവണ്ടി തൊഴിലാളികളുടെ മണ്ണാണ് ചവറ. ആർ.എസ്.പിക്ക് ആഴത്തിൽ വേരോട്ടമുള്ള മണ്ണ്. 1977ൽ രൂപവത്കൃതമായ മണ്ഡലത്തിൽ 'കേരള കിസിഞ്ജര്‍' എന്നറിയപ്പെട്ടിരുന്ന ബേബിജോണ്‍ തുടർച്ചയായി ആറുതവണ വിജയിച്ചു. പലതവണ അദ്ദേഹം നിയമസഭയില്‍ മന്ത്രിപദം അലങ്കരിച്ചു. എതിരാളികൾ മാറി പല പരീക്ഷണങ്ങൾ നടന്നെങ്കിലും വിവാദച്ചുഴലിയടിച്ചെങ്കിലും ആർ.എസ്.പിയെ മണ്ഡലം കൈവിട്ടില്ല.
98ല്‍ രോഗബാധിതനായി ബേബിജോണ്‍ രാഷ്ട്രീയത്തിൽനിന്ന് വിടവാങ്ങുന്നതുവരെ ആർ.എസ്.പിയുടെ അനിഷേധ്യ ശക്തിയായി ചവറ തുടർന്നു. പിന്നീട് പാർട്ടിയിൽ പിളർപ്പുണ്ടായി. പിളര്‍പ്പിനുശേഷം ബേബിജോണിെൻറ മകൻ ആര്.എസ്.പി(ബി) യുടെ സ്ഥാനാർഥി ഷിബു ബേബിജോണ്‍ ആര്.എസ്.പി സ്ഥാനാര്‍ഥി വി.പി. രാമകൃഷ്ണപിള്ളയെ തോല്പിച്ച് യു.ഡി.എഫിനുവേണ്ടി മണ്ഡലം നേടി. 2006ൽ എൽ.ഡി.എഫിൽനിന്ന് എന്‍.കെ. പ്രേമചന്ദ്രന് ആര്.എസ്.പിക്ക് വേണ്ടി മത്സരിച്ച് ഷിബുവിനെ തോല്പിച്ചു. 2011ൽ ഷിബു ബേബിജോണ്‍ മണ്ഡലം തിരിച്ചുപിടിച്ചു. 2014ലെ ലോക്സഭ തെരഞ്ഞടുപ്പില്‍ ഇടതുപക്ഷവുമായുള്ള തര്‍ക്കത്തെതുടര്‍ന്ന് ആര്.എസ്.പി എൽ.ഡി.എഫ് വിട്ട് യു.ഡി.എഫില്‍ എത്തി. ഇതോടെ ആര്.എസ്.പി (ബി)യും ആര്.എസ്.പിയും ലയിക്കുകയും ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍.കെ. പ്രേമചന്ദ്രന് യു.ഡി.എഫ് സ്ഥാനാർഥിയായി കൊല്ലത്തുനിന്ന് വിജയിക്കുകയും ചെയ്തു. 2016ൽ വീണ്ടും ഷിബു ബേബിജോൺ സ്ഥാനാർഥിയായി. എന്നാൽ, എൽ.ഡി.എഫിനൊപ്പമുണ്ടായിരുന്ന സി.എം.പിക്ക് നൽകിയ സീറ്റിൽ എൻ. വിജയൻപിള്ള അട്ടിമറി വിജയം നേടി. 2020ൽ അദ്ദേഹം അന്തരിച്ചു. വിജയികളിൽ വിജയൻപിള്ള ഒഴിച്ചുള്ളവരെല്ലാം മന്ത്രിപദം അലങ്കരിച്ച ഗ്ലാമർ മണ്ഡലം കൂടിയാണ് ചവറ. മണ്ഡലം നിലനിർത്താനും പിടിച്ചെടുക്കാനും കടുത്ത പോരാട്ടം നടക്കുമെന്ന് ഉറപ്പാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ അഞ്ച് പഞ്ചായത്തിൽ നാലിൽ യു.ഡി.എഫും എട്ട് കോർപറേഷൻ ഡിവിഷനുകളിൽ ആറിൽ എൽ.ഡി.എഫുമാണ് വിജയിച്ചത്.
ഉപതെരഞ്ഞെടുപ്പിനുള്ള കാഹളം മുഴങ്ങിയപ്പോൾ യു.ഡി.എഫിൽനിന്ന് ഷിബു ബേബിജോണിെൻറ പേരേ ഉയർന്നുള്ളൂ. അതിൽ മാറ്റത്തിന് സാധ്യതയുമില്ല. അന്തരിച്ച വിജയൻപിള്ളയുടെ മകന് സീറ്റ് നൽകുന്നത് നേരത്തേ എൽ.ഡി.എഫ് പരിഗണനയിലുണ്ടായിരുന്നു. അതല്ലെങ്കിൽ സി.പി.എം നിശ്ചയിക്കുന്ന ഘടകകക്ഷിക്ക് സീറ്റ് നൽകിയേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.