ചവറയിലെ രാസ ഗ്രാമം
text_fieldsചവറ: പന്മന ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങൾ രൂക്ഷമായ പാരിസ്ഥിതിക ഭീഷണിയിലാണ്. പഞ്ചായത്തിലെ ചിറ്റൂർ, പോരൂർക്കര, പന്മന, മേക്കാട് മേഖലകളിൽ ഗ്രാമ നിവാസികൾക്ക് കുടിവെള്ളം പോലും കിട്ടാത്ത അവസ്ഥയാണ്.
ഇവിടെ കിണറുകൾ, കുളങ്ങൾ തുടങ്ങിയ ജലസ്രോതസ്സുകളിൽ രാസഗന്ധമുള്ള ചുവപ്പ് നിറത്തിലുള്ള വെള്ളമാണ് നിറഞ്ഞുനിൽക്കുന്നത്. ഇത് ശരീരത്തിൽ വീണാൽ പോലും ചൊറിച്ചിൽ ഉൾപ്പെടെ അലർജി പ്രശ്നം ഉണ്ടാകുമെന്നാണ് ഗ്രാമവാസികൾ പരാതിപ്പെടുന്നത്.
ഇവർ കുടിവെള്ളത്തിനായി നിലവിൽ പൈപ്പ് ലൈനുകളെയാണ് ആശ്രയിക്കുന്നത്. രാവിലെ ഒരു മണിക്കൂർ മാത്രമാണ് പൈപ്പ് ലൈനുകളിലൂടെ വെള്ളം ലഭിക്കുന്നത്. ഇതു പൂർണമായ ആവശ്യങ്ങൾക്ക് തികയാത്ത സ്ഥിതിയാണ്. ശാസ്താംകോട്ടയിൽനിന്ന് ജലനിധി പദ്ധതി അനുസരിച്ച് പമ്പ് ചെയ്തിരുന്ന വെള്ളത്തിന്‍റെ അളവ് ഗണ്യമായി കുറഞ്ഞതോടെ കുടിവെള്ളം കിട്ടാക്കനിയായി മാറി.
താഴ്ന്ന പ്രദേശങ്ങളിലെ ഓടകൾ, കുളങ്ങൾ എന്നിവിടങ്ങളിൽ തുടർച്ചയായി രാസമാലിന്യങ്ങൾ കെട്ടിനിൽക്കുന്നത് മൂലം വിവിധതരം രോഗങ്ങളാണ് ഇവിടെ വ്യാപിക്കുന്നത്. വിവിധ ശാസകോശ രോഗങ്ങൾ, ത്വഗ്രോഗങ്ങൾ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, കാൻസർ എന്നിവ സർവസാധാരണമായി തീരുന്ന ദുഃസ്ഥിതിയുണ്ടെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
വിവിധ ബാധ്യത മേഖലയായ ഈ പ്രദേശങ്ങൾ കെ.എം.എം.എൽ ഏറ്റെടുക്കുമെന്ന് വാഗ്ദാനം നൽകിയിരുന്നെങ്കിലും നാളിതുവരെ നടപടിയും ആയിട്ടില്ല. രോഗവ്യാപനം അസഹനീയമായതിനെ തുടർന്ന് ഈ മേഖലയിൽ നിന്ന് നിരവധി കുടുംബങ്ങളാണ് കുടിയൊഴിഞ്ഞുപോയത്. പ്രദേശത്തെ മാലിന്യ പ്രശ്നം പരിഹരിക്കണമെന്ന ആവശ്യം നിരന്തരമായി ഉയർന്നു വരാറുണ്ടെങ്കിലും അധികൃതർ ഇക്കാര്യത്തിൽ തികഞ്ഞ അനാസ്ഥയാണ് തുടരുന്നത്.
മനയിൽ, പനയന്നാർക്കാവ്, കുറ്റിവട്ടം, ചാമ്പക്കടവ്, പന്മന എന്നീ സ്ഥലങ്ങളിൽ കുഴൽ ക്കിണറുകൾ സ്ഥാപിച്ച് പ്രദേശത്തെ കുടിവെള്ള പ്രശ്നം പരിഹരിക്കാനുള്ള നീക്കമാണ് അധികൃതർ ഇപ്പോൾ നടത്തുന്നത്. കെ.എം.എം.എൽ ഫാക്ടറിയിൽ നിന്ന് ടാങ്കറുകളിൽ പരിമിതമായ അളവിൽ കുടിവെള്ളം എത്തിച്ചുനൽകുന്നതൊഴിച്ചാൽ പ്രദേശത്തെ മാലിന്യപ്രശ്നം പരിഹരിക്കുന്നതിന് ഫാക്ടറി അധികൃതരും തികഞ്ഞ അനാസ്ഥയാണ്.
മഴക്കാലത്ത് താഴ്ന്ന പ്രദേശമായ ഇവിടെ റോഡുകളിൽ ഉൾപ്പെടെ വെള്ളം കെട്ടിനിൽക്കുന്നതോടെ ഭൂരിഭാഗം ഗ്രാമവാസികൾക്കും വിവിധതരം ത്വഗ് രോഗങ്ങൾ പിടിപെട്ടതായി ഗ്രാമവാസികൾ പറയുന്നു. ഫാക്ടറി പ്രവർത്തിക്കുന്ന പകൽ സമയങ്ങളിൽ പെയ്യുന്ന മഴയേറ്റാൽ പോലും ചൊറിച്ചിൽ ഉൾപ്പെടെ അസ്വസ്ഥത അനുഭവപ്പെടുമെന്ന് സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ പരാതിപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.