വധശ്രമക്കേസിലെ പ്രതികൾ അറസ്റ്റിൽ
text_fieldsചവറ: കുളത്തിൽനിന്ന് മത്സ്യം മോഷ്ടിക്കുന്നത് ചോദ്യം ചെയ്ത ഗൃഹനാഥനെയും മക്കളെയും വധിക്കാൻ ശ്രമിച്ച കേസിൽ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.ചവറ കൊട്ടുകാട് അമ്മവീടിന് സമീപം ചേന്നാകുളങ്ങര വീട്ടിൽ അജയകുമാറിനെയും മക്കളായ അർജുൻ, അരവിന്ദ് എന്നിവരെയും ആക്രമിച്ച് പരിക്കേൽപിച്ച കേസിൽ വട്ടത്തറ ലക്ഷ്മിയിൽ രഞ്ജിത് (34 -അപ്പുണ്ണി), വട്ടത്തറ കോട്ടയ്ക്കകത്ത് പടിഞ്ഞാറ്റേതിൽ മനോജ് (31) എന്നിവരാണ് പിടിയിലായത്.
ജൂലൈ 28ന് രാത്രി ഒന്നോടെ അജയകുമാറിെൻറ വീട്ടുവളപ്പിലുള്ള കുളത്തിൽനിന്ന് പ്രതികൾ മത്സ്യം മോഷ്ടിക്കാൻ ശ്രമിച്ചു. ശബ്ദം കേട്ട് ഉണർന്നുവന്ന അജയ്കുമാറിനെയും മക്കളെയും കമ്പിവടിയും മറ്റ് മാരകായുധങ്ങളും ഉപയോഗിച്ച് പ്രതികൾ ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിൽ അജയ്കുമാറിന് ഗുരുതരമായി പരിക്കേറ്റു. മക്കൾക്കും പരിക്കേറ്റു. സംഭവത്തിനുശേഷം പ്രതികൾ ക്വാറൻറീനിൽ കഴിയുന്നെന്ന വ്യാജേന അയൽവാസികളെ കബളിപ്പിച്ച് മൈനാഗപ്പള്ളിയിലെ ബന്ധുവീട്ടിൽ ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു.പ്രധാനപ്രതി രഞ്ജിത് ചവറ, തെക്കുംഭാഗം പൊലീസ് സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.2010ൽ ജോലി ആവശ്യത്തിന് വിദേശത്തുപോയശേഷം ലോക്ഡൗണുമായി ബന്ധപ്പെട്ട് നാട്ടിൽ തിരിച്ചെത്തി വീണ്ടും ക്രിമിനൽ പ്രവൃത്തികളിൽ ഏർപ്പെടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
കരുനാഗപ്പള്ളി എ.സി.പി ബി. ഗോപകുമാറിന് ലഭിച്ച രഹസ്യവിവരത്തെതുടർന്ന് ചവറ സി.ഐ എ. നിസാമുദ്ദീൻ, എസ്.ഐമാരായ ഷെഫീക്ക്, വിജിത്ത്, സലിംകുഞ്ഞ്, സിവിൽ പൊലീസ് ഓഫിസർമാരായ ഹായ് അനു, ഷെഫീഖ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.