ആഡംബര വാഹനത്തിലെത്തി മുക്കുപണ്ടം പണയംവെച്ച് തട്ടിപ്പ് നടത്തിയ സംഘം പിടിയിൽ
text_fieldsചവറ: സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ ആഡംബര വാഹനത്തിലെത്തി മുക്കുപണ്ടം പണയംവെച്ച് തട്ടിപ്പ് നടത്തുന്ന യുവതിയടക്കമുള്ള സംഘം പിടിയിൽ. വള്ളിക്കാവ്, ആദിശ്ശേരിയിൽ ശ്യംകുമാർ (33), കാട്ടിൽകടവ് ആദിനാട് തെക്ക് പുത്തൻ വീട്ടിൽ ഗുരുലാൽ (26), ആദിനാട് കൊറകാലശ്ശേരിയിൽ വിഷ്ണു (26), പള്ളിമൺ വട്ടവിള കോളനി കരിങ്ങോട്ട് കിഴക്കതിൽ നിസ (25) എന്നിവരാണ് ചവറ പൊലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ ദിവസം നീണ്ടകര പുത്തൻതുറയിൽ പ്രവർത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ മുക്കുപണ്ടം പണയംവെക്കാൻ ഇവർ ആഡംബര വാഹനത്തിൽ എത്തുകയായിരുന്നു.
എ.എം.സി മുക്കിലുള്ള സ്ഥാപനത്തിൽ ഇവർ രണ്ടുവളകൾ പണയംവെച്ച് 64,000 രൂപ വാങ്ങുകയും തുടർന്നും സമീപമുള്ള മറ്റൊരു സ്ഥാപനത്തിൽ എത്തുകയും രണ്ടുപേർ അകത്തു കയറി വീണ്ടും രണ്ടുവളകൾ പണയം വെച്ച് 58,800 രൂപ വാങ്ങുകയും ചെയ്തു. പിന്നീട് തൊട്ടടുത്തുതന്നെയുള്ള മറ്റൊരു സ്ഥാപനത്തിൽ കയറി അവിടെയും രണ്ടുവളകൾ പണയംവെച്ച് 60,000 രൂപയും വാങ്ങി.
എന്നാൽ, ഇതിൽ ഒരുസ്ഥാപന ഉടമക്ക് തോന്നിയ സംശയത്തിന്‍റെ അടിസ്ഥാനത്തിൽ ചവറ പൊലീസിനെ അറിയിക്കുകയും തുടർന്ന് പൊലീസ് നടത്തിയ വാഹന പരിശോധനയിൽ സംഘത്തെ പിടികൂടുകയായിരുന്നു. മുക്കുപണ്ടമാണെന്ന് പെട്ടെന്ന് തിരിച്ചറിയാൻ കഴിയാത്ത ആഭരണങ്ങൾ തട്ടാനെകൊണ്ട് പരിശോധിച്ചപ്പോഴാണ് സ്വർണമല്ലെന്ന് മനസ്സിലായത്.
ഇവർ സമാനരീതിയിൽ വിവിധ സ്ഥലങ്ങളിൽ തട്ടിപ്പ് നടത്തിയിട്ടുള്ളതായി പൊലീസ് സംശയിക്കുന്നതിനാൽ വിശദമായ അന്വേഷണം നടന്നുവരികയാണ്. ചവറ പൊലീസ് ഇൻസ്പെക്ടർ യു.പി. വിപിൻ കുമാറിന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ നൗഫൽ, അഖിൽ, എസ്.സി.പി.ഒ നെൽസൻ, സി.പി.ഒ അനിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതികള പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.