കൊറ്റൻകുളങ്ങരയിൽ വിളക്കെടുത്ത് പുരുഷാംഗനമാർ
text_fieldsകൊല്ലം: ചമയവിളക്കിന്‍റെ താലപ്പൊലിമയിൽ പെണ്മയിലേക്ക് അണിഞ്ഞൊരുങ്ങിയ പുരുഷാരം രണ്ടാം ദിനവും ദേവിയെ കണ്ട് വണങ്ങിയതോടെ ചവറ കൊറ്റൻകുളങ്ങര ക്ഷേത്രത്തിലെ ഈ വർഷത്തെ ഉത്സവത്തിന് സമാപനം.
ചവറ, പുതുക്കാട് കരക്കാർ ആദ്യദിനത്തിലും കുളങ്ങരഭാഗം, കോട്ടയ്ക്കകം കരക്കാർ രണ്ടാം ദിനവും ഉത്സവത്തിന് നേതൃത്വം വഹിച്ചു. വെള്ളിയാഴ്ച രാവിലെ 11ന് കലശപൂജകളോടെ രണ്ടാം ദിന ഉത്സവത്തിന് തുടക്കമായി.
വൈകീട്ട് മൂന്നിന് കെട്ടുകാഴ്ചയും നടന്നു. ദേവിയുടെ അനുഗ്രഹം തേടി വ്രതം നോറ്റ പുരുഷാംഗനമാർ വെള്ളിയാഴ്ചയും അഞ്ച് തിരിയിട്ട വിളക്കുമായി ഒഴുകിയെത്തി.
കുഞ്ഞാലുംമൂട് മുതൽ ആറാട്ടുകുളംവരെ വിളക്കേന്തി കാത്തുനിന്ന പുരുഷാംഗനമാരെ കാണാൻ പുലർച്ച മൂന്നിന് ദേവി എഴുന്നള്ളിയെത്തി. തുടർന്ന് ആറാട്ട് നടത്തി കുരുത്തോലപ്പന്തലില്‍ ദേവി വിശ്രമിച്ചതോടെയാണ് ഉത്സവം സമാപനമായത്. രണ്ടാംദിന ഉത്സവത്തോടനുബന്ധിച്ച് ചലച്ചിത്ര പിന്നണി ഗായകന്‍ കെ.എസ്. വിഷ്ണുനാഥിന്‍റെ സംഗീതക്കച്ചേരിയും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.