അന്ന് പൂട്ടലിന്‍റെ വക്കിൽ; ഇന്ന് വികസനത്തിന്‍റെ പ്രതീകം
text_fieldsതങ്കലത ടീച്ചർക്ക് ദേശീയ അധ്യാപക പുരസ്കാരം ലഭിക്കുമ്പോൾ ഗവ. എൽ.വി.എൽ.പി.എസിനും ചവറ തെക്കുംഭാഗം ഗ്രാമത്തിനും അഭിമാനിക്കാനേറെ. 30 കുട്ടികളുമായി അടച്ചുപൂട്ടൽ ഭീഷണിയിൽ നിൽക്കെയാണ് 2011 ജൂണിൽ പ്രമോഷനോടെ ടി. തങ്കലത പ്രധാനാധ്യാപികയായി ഇവിടെ ജോലിക്കെത്തുന്നത്. തീർത്തും ഗ്രാമീണ ചുറ്റപാടിൽനിന്ന് സ്കൂളിനെ പച്ചപിടിപ്പിക്കുക ശ്രമകരമായിരുന്നു. അവർക്കുണ്ടായ ആദ്യ ദൗത്യവും ഇതുതന്നെ.
പൊതുമേഖല സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും സർക്കാറിന്റെയും സഹായത്താലാണ് സ്കൂളിന്റെ അന്തരീക്ഷം മാറ്റിയത്. കെട്ടുംമട്ടും മാറി പഠനാന്തരീക്ഷം മെച്ചപ്പെട്ടതോടെ സ്കൂളിലേക്ക് കുട്ടികൾ എത്തിത്തുടങ്ങി. ഓരോ ഡിവിഷൻ മാത്രമുണ്ടായിരുന്ന എൽ.പി സ്കൂളിൽ ഇന്ന് എല്ലാ ക്ലാസുകൾക്കും രണ്ട് ഡിവിഷനുണ്ട്, നിറയെ കുട്ടികളും.
കണക്കെടുത്താൽ ഒമ്പത് വർഷത്തിനിടെ 30ൽ നിന്ന് 337 ആയി ഉയർന്ന് കുട്ടികളുടെ സംഖ്യ. ഒരു ഗ്രാമീണവിദ്യാലയത്തിന് ഈ ഒമ്പത് വർഷത്തിനിടെയുണ്ടായ മാറ്റം ചെറുതല്ല. ജൈവവൈവിധ്യ ഉദ്യാനത്തിന് സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനം ലഭിച്ച സ്കൂളായി ഗവ. എൽ.വി.എൽ.പി.എസിനെ അവർ മാറ്റിയെടുത്തു.
ഔഷധസസ്യങ്ങൾ, നക്ഷത്രവനം, മധുരവനം, തേനീച്ചവളർത്തൽ, ജൈവപച്ചക്കറി എന്നിങ്ങനെ എല്ലാം ഈ സ്കൂളിലുണ്ട്. ശീതീകരിച്ച ഹൈടെക് ക്ലാസ് മുറികളുള്ള വിദ്യാലയം ഗ്രാമത്തിെൻറ വിദ്യാഭ്യാസ മേഖലയുടെ വികസന അടയാളമായി. കൊല്ലം വിമലഹൃദയ സ്കൂളിനടുത്താണ് തങ്കലത ടീച്ചറുടെ താമസം. ഭർത്താവ് അജിത്കുമാർ റിട്ട. റെയിൽവേ സൂപ്രണ്ടാണ്. അക്ഷയ, അനശ്വര എന്നിവരാണ് മക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.