ചവറയിൽ ഒമ്പതുപേർക്ക് തെരുവുനായുടെ കടിയേറ്റു
text_fieldsചവറ: കുളങ്ങര ഭാഗം, പുത്തൻകോവിൽ പ്രദേശത്ത് ഒമ്പുപേർക്ക് തെരുവുനായുടെ കടിയേറ്റു. കഴിഞ്ഞദിവസം രാവിലെ 10 മുതൽ നിരവധി ആളുകളെ കടിച്ച നായെ പിടികൂടാൻ കഴിയാതിരുന്നതിനാൽ വൈകീട്ടും ആളുകൾക്ക് കടിയേറ്റു. പൊലീസും അധികൃതരും കൈയൊഴിഞ്ഞതോടെ നായെ വൈകീട്ട് 6.30ഓടെ നാട്ടുകാർ പിടികൂടി. കൈയിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും കടിയേറ്റവർ നീണ്ടകര താലൂക്ക് ആശുപത്രി, ജില്ല ആശുപത്രി, പാരിപ്പള്ളി മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി.
ചവറ പുത്തൻകോവിൽ തുഷാര ഭവനത്തിൽ രഞ്ജിനി (40), പുത്തൻകോവിൽ ചാലയിൽ ഗീത (52), കുളങ്ങര ഭാഗം സുനീഷ് ഭവനം സരസ്വതി (62), കരിപ്പോലി വടക്കതിൽ രമണൻ (65), വാണിശ്ശേരിയിൽ ഗീത( 60), സിന്ധു ഭവനം സുരാജ് (35), കൊച്ചുവീട്ടിൽ ബിനു (35), പടന്നയിൽ അമ്മിണി (40) എന്നിവരാണ് ചികിത്സയിൽ കഴിയുന്നത്.
ചവറയിലെ ടി.എസ് കനാലിനോട് ചേർന്നുള്ള പ്രദേശത്ത് മാലിന്യം തള്ളുന്നതിനാലാണ് തെരുവുനായ് ശല്യം കൂടുന്നതെന്ന് ചവറ പഞ്ചായത്തംഗം ടി.എസ്. അശ്വിനി പറഞ്ഞു. നായ് ശല്യം പൊലീസിൽ അറിയിച്ചിട്ടും നടപടി സ്വീകരിക്കാത്തതിനാലാണ് കൂടുതൽ ആളുകൾക്ക് കടിയേൽക്കാൻ കാരണമായതെന്ന് വാർഡ് മെംബർ കെ. ബാബു പറഞ്ഞു. തെരുവ് നായെ പിടികൂടാൻ പഞ്ചായത്തിൽ സംവിധാനം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.