വാഹനം കയറുന്ന വഴിയില്ല; ദുരിതം പേറി പൈനുവിള കോളനിയിലെ 34 കുടുംബങ്ങൾ
text_fieldsചവറ: കിടപ്പിലായ രോഗികളെ ആശുപത്രിയിൽ കൊണ്ടുപോകണമെങ്കിൽ പന്മന മുല്ലക്കേരി പൈനുവിള കോളനിയിലെ 34 കുടുംബങ്ങൾക്ക് മറ്റുള്ളവരുടെ സഹായം വേണം. 170 ഓളം പേർ താമസിക്കുന്ന കോളനിയിൽ വാഹനം കയറുന്നതിന് വഴിയില്ലാത്തതിനാൽ രോഗികളെ തോളിൽ ചുമന്ന് വേണം പുറത്ത് റോഡിലെത്തിക്കാൻ.
കോളനിയിലെ ജനങ്ങൾ വഴിക്കായി സ്ഥലം കൊടുക്കാൻ തയ്യാറാണെങ്കിലും 300 മീറ്റർ കൂടി സ്ഥലം ലഭിച്ചാൽ മാത്രമേ കോളനിയിലേക്ക് ഓട്ടോറിക്ഷയെങ്കിലും പ്രവേശിക്കുകയുള്ളൂ. ഇതിന് ഒന്നോ രണ്ടോ ഭൂ ഉടമകൾ കൂടി കനിയണം. പഞ്ചായത്ത് അധികൃതരോ മറ്റ് ജന പ്രതിനിധികളോ തങ്ങളെ കണ്ടില്ലെന്ന് നടിക്കുകയാണെന്നും ഭൂ ഉടമകളുമായി ചർച്ചക്ക് പോലും അവർ തയാറാകുന്നില്ലെന്നും പ്രദേശത്തുകാർ പറയുന്നു.
അർബുദ രോഗികളും, ഓട്ടിസം ബാധിച്ചവരും, വികലാംഗരും, പ്രായമായവരുമുൾപ്പെടെ താമസിക്കുന്ന ഇവിടെ പത്തോളം വീട്ടമ്മമാർ കൂലിവേല ചെയ്ത് കുടുംബം പോറ്റുന്നവരാണ്. നാല് മാസം മുമ്പ് പ്രദേശത്തെ ഒരു വീട്ടമ്മ മരണപ്പെട്ടപ്പോൾ വഴിയില്ലാത്തതിനാൽ മതിൽ പൊളിച്ചാണ് മൃതദേഹം കൊണ്ടുപോയത്. തലച്ചോറിന് വളർച്ചയില്ലാത്ത കൃഷ്ണകുമാർ ഉൾപ്പടെയുള്ളവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ കഴിയാത്തതിനാൽ, രോഗം പറഞ്ഞ് മരുന്ന് വാങ്ങലാണ് പതിവെന്ന് അവരുടെ മാതാവ് പറയുന്നു.
ഇപ്പോൾ മകന്റെ കാലിന് മുറിവുണ്ട്. മൂത്രത്തിൽ പഴുപ്പുമുണ്ട്. ഇടക്കിടെ ജെന്നി വരും. പക്ഷേ ഡോക്ടറുടെ അടുത്ത് പോയി കാര്യം പറഞ്ഞ് മരുന്ന് വാങ്ങാനേ കഴിയൂ. ആരോഗ്യവകുപ്പിൽ നിന്ന് മരുന്നുകൾ നൽകുന്നുണ്ട്. പക്ഷേ ആശുപത്രിയിൽ കൊണ്ടുപോകണമെങ്കിൽ ആരെങ്കിലും തോളിലെടുത്ത് കൊണ്ടുപോകണം. ഈ കോളനിയിലെ കിടപ്പ് രോഗികളുടെയെല്ലാം അവസ്ഥ ഇതാണെന്നും ഇന്ദിരയമ്മ പറയുന്നു.
ഓട്ടിസം ബാധിച്ച ഏഴാം ക്ലാസ് വിദ്യാർഥിനിയായ മാളുവിന് ഒരു കിലോമീറ്ററോളം ദൂരമുള്ള ആലപ്പുറത്ത് മുക്കിലാണ് ബസ് വരുന്നത്. നടക്കാൻ ബുദ്ധിമുട്ടുള്ള മാളു ഉൾപ്പടെയുള്ളവർ ഒരു മീറ്റർ പോലും വീതിയില്ലാത്ത വഴിയിലൂടെ വേണം നടന്ന് റോഡിലെത്താൻ.
കോളനിയിലെ ആറോളം കുടുംബങ്ങൾ കുടിവെള്ളത്തിനും ബുദ്ധിമുട്ടുന്നുണ്ട്. സ്വന്തമായി കിണറില്ലാത്തതിനാൽ മറ്റ് വീടുകളെയോ പൊതു ടാപ്പിനെയോ ആണ് ഇവർ ആശ്രയിക്കുന്നത്. എന്നാൽ പൊതു ടാപ്പിൽ മിക്കപ്പോഴും വെള്ളം കാണില്ലെന്നും ഇവർ പറയുന്നു.
ഈ തെരഞ്ഞെടുപ്പിൽ തങ്ങളുടെ ആവശ്യങ്ങളോട് മുഖം തിരിഞ്ഞ് നിൽക്കുന്നവരോട് തങ്ങളും മുഖം തിരിഞ്ഞ് നിൽക്കുമെന്ന് വീട്ടമ്മമാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.