റേഷൻ സാധനങ്ങൾ മാത്രമല്ല, ഇവിടെനിന്ന് പുസ്തകവും വാങ്ങാം
text_fieldsചവറ: വേറിട്ട വിപണനരീതിയിലൂടെ കാലത്തിനൊപ്പം സഞ്ചരിക്കുകയാണ് ചവറ പന്മന വെറ്റമുക്ക് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനുസമീപം പ്രവര്‍ത്തിക്കുന്ന റേഷന്‍ കട. ഇവിടെ സാധനങ്ങൾ വാങ്ങാന്‍ വരുന്നവര്‍ വായന ഇഷ്ടപ്പെടുന്നവരാണങ്കില് ഇഷ്ടപ്പെട്ട എഴുത്തുകാരുടെ പുസ്തകവും വാങ്ങി മടങ്ങാം.
വെറ്റമുക്ക് എ.ആര്.ഡി 49ാം നമ്പര്‍ റേഷന്‍കടയിലാണ് വേറിട്ട സംവിധാനം ഒരുക്കിയിട്ടുള്ളത്. കരുനാഗപ്പള്ളി താലൂക്ക് യൂനിയന്‍ ലൈബ്രറി കൗണ്‍സില്‍, പന്മന ശ്രീ വിദ്യാധിരാജ് ഗ്രന്ഥശാല എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്.
മായ എസ്. പിള്ളയുടെ ഉടമസ്ഥതയിലുള്ള റേഷന്‍കടയിൽ സാധനങ്ങള്‍ വാങ്ങാനെത്തുന്നവര്‍ക്ക് കാത്തിരിക്കേണ്ട ഘട്ടം വന്നാൽ വിശ്രമിക്കാനായി പ്രത്യേക സൗകര്യം, ടെലിവിഷന്‍, പുസ്തകക്കൂട് എന്നിവ ഒരുക്കിയിട്ടുണ്ട്. സ്കൂള്‍ കുട്ടികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി വൈഫൈയും സൗജന്യമായി നല്കുന്നു.
റേഷന്‍കടയില്‍ സാധനങ്ങല്‍ വാങ്ങാനെത്തുന്നവരും പ്രദേശത്തുള്ളവരും ഇവിടെ നിന്നും പുസ്തകം എടുത്ത് വായിക്കുന്നുണ്ട്. കോവിഡ് കാലത്ത് വിരസത അകറ്റാനായി കടയിലെ സഹായിയായ ആനന്ദ് കുമാറിന്റെ മനസ്സില്‍ തോന്നിയ ആശയമാണ് പദ്ധതി.
ഇപ്പോള്‍ ഈ റേഷന്‍കടയിലേക്ക് ബഷീര്‍, തകഴി, െബന്യാമിന്‍ തുടങ്ങി സാഹിത്യകാരന്മാരുടെ പുസ്തകവും തേടി ആളുകളെത്തുന്നു. മഹാമാരിക്കാലത്ത് അർഹരായ കാര്‍ഡുടമകളുടെ വൈദ്യുതി ബില്ലും അടച്ച് സഹായിച്ചിരുന്നു. പ്രവർത്തനങ്ങളെക്കുറിച്ചറിഞ്ഞ് ഭക്ഷ്യ മന്ത്രി ജി.ആർ. അനിൽ കട സന്ദര്‍ശിക്കുകയും ചെയ്തു.
പുതുവര്‍ഷത്തോടനുബന്ധിച്ച് കാര്‍ഡുടമകള്‍ക്ക് പ്രയോജനപ്രദമാകുന്ന തരത്തില്‍ പദ്ധതികള്‍ ആവിഷ്കരിക്കാനുള്ള തയാറെടുപ്പിലാണ് റേഷന്‍കട ഉടമയും സഹായിയായ ആനന്ദ് കുമാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.