താഴ്ന്ന വൈദ്യുതി ലൈനുകൾ മാറ്റി അപകടം ഒഴിവാക്കാൻ ഉത്തരവ്
text_fieldsചവറ: സംസ്ഥാനപാത അടക്കം പ്രധാന റോഡുകൾക്ക് കുറുകെയുള്ള വൈദ്യുതി ലൈനുകള്‍ നിരന്തരം പൊട്ടിവീഴുന്നതിന് അടിയന്തര പരിഹാരവുമായി കെ.എസ്.ഇ.ബി എക്സിക്യൂട്ടിവ് എൻജിനീയറുടെ ഉത്തരവ് എത്തി. താഴ്ന്നു കിടക്കുന്ന മുഴുവൻ കമ്പികളും അഴിച്ചുമാറ്റി അപകടം ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നാണ് ഉത്തരവ്. ‘വൈദ്യുത ലൈനുകൾ പൊട്ടി വീഴുന്നത് പതിവ്’ എന്ന തലക്കെട്ടിലുള്ള ‘മാധ്യമം’ വാർത്തയെ തുടർന്നാണ് കെ.എസ്.ഇ.ബി എക്സിക്യൂട്ടീവ് എൻജിനീയറുടെ അടിയന്തര ഉത്തരവുണ്ടായത്. ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ അതത് സെക്ഷനിലെ അസിസ്റ്റൻറ് എൻജിനീയർമാരുടെ വീഴ്ചയായി കണക്കാക്കി നടപടിയെടുക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ചവറ ശാസ്താംകോട്ട സ്റ്റേറ്റ് ഹൈവേയിൽ നിരവധി സ്ഥലങ്ങളിൽ പൊക്കമുള്ള വാഹനങ്ങൾ ഉടക്കി കമ്പികൾ പൊട്ടി വൈദ്യുതി തടസ്സം ഉണ്ടാകുന്നത് നിത്യസംഭവമായതിനെ തുടർന്നായിരുന്നു ‘മാധ്യമം’ വാർത്ത പ്രസിദ്ധീകരിച്ചത്. കഴിഞ്ഞദിവസവും പന്മന പുത്തൻചന്തക്കും ആറുമുറി കടക്കും ഇടയിൽ ട്രാൻസ്ഫോർമർ കത്തി പോവുകയും വൈദ്യുതി തടസ്സം ഉണ്ടാവുകയും ചെയ്തു. തുടർന്ന് പ്രദേശവാസികൾ സംഘടിച്ച് കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫിസിലെത്തി പരാതിപ്പെട്ടിരുന്നു. അമിത പൊക്കത്തിൽ ലോഡ് കയറ്റി വരുന്ന ലോറികളാണ് വൈദ്യുതി കമ്പികളില്‍ കുരുങ്ങി അപകടം സൃഷ്ടിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.