ഉപജീവനോപാധിയും കൈവിട്ട് സുജിതക്ക് ശുശ്രൂഷകനായി സച്ചിൻ; വേണം കരുതൽ
text_fieldsചവറ: അർബുദത്തിെൻറ ആക്രമണത്തിൽ തളരാതെ ഭാര്യ സുജിതക്ക് താങ്ങായി നിൽക്കാൻ ഉപജീവനം പോലും ഉപേക്ഷിക്കേണ്ടിവന്നു സച്ചിൻരാജിന്. ഇപ്പോൾ, ആരോഗ്യത്തോടെ ചിരിക്കുന്ന സുജിതയെ കാണാൻ സുമനസ്സുകളുടെ കനിവ് തേടുകയാണ് സച്ചിൻ. അർബുദത്തിെൻറ ഭീകരത തേവലക്കര അരിനല്ലൂര്‍ ഏഴാം വാര്‍ഡില്‍ ചക്കിനാല്‍ വീടിനെ വേട്ടയാടാൻ തുടങ്ങിയിട്ട് അഞ്ച് വർഷമായി.
42 കാരിയായ സുജിതക്ക് ആദ്യം ഒവേറിയൻ അർബുദമായിരുന്നു. ചികിത്സ നടത്തി ഒാവറി എടുത്തുമാറ്റിയെങ്കിലും വൈകാതെ ഗര്‍ഭപാത്രം കൂടി കളയേണ്ടിവന്നു. ഇപ്പോൾ അർബുദം വീണ്ടും കുടുംബത്തിന് മുന്നിൽ വില്ലനാകുകയാണ്. അർബുദബാധ കാരണം വന്‍കുടലും ചെറുകുടലും കൂടിച്ചേര്‍ന്ന് ഒട്ടിപ്പോയതിനാല്‍ ആഹാരം പോലും കഴിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് സുജിത.
ട്യൂബുവഴി വെള്ളം മാത്രമാണ് ആശ്രയം. വെള്ളം കുടിച്ചാലും അല്‍പസമയം കഴിയുമ്പോള്‍ ഛര്‍ദിച്ചു പോകുകയും ചെയ്യും. അഞ്ചു ലക്ഷം രൂപ ചെലവുവരുന്ന ശസ്ത്രക്രിയ ചെയ്താല്‍ മാത്രമേ സുജിതക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങാനാകൂ. സുജിതയെ പരിചരിക്കേണ്ടതിനാൽ സ്വകാര്യ വാഹന വിതരണകടയില്‍ ഉണ്ടായിരുന്ന ജോലി സച്ചിന് ഉേപക്ഷിക്കേണ്ടിവന്നു.
ഇത്രയും കാലം കടം വാങ്ങിയും മറ്റുമാണ് ജീവിതം മുന്നോട്ടുപോയത്. നാട്ടുകാരുടെ സഹായത്താലാണ് ഇപ്പോള്‍ ദൈനംദിന കാര്യങ്ങള്‍ നടന്നുപോകുന്നത്. അഞ്ച് ലക്ഷം രൂപ കണ്ടെത്തുക സച്ചിൻരാജിനെ സംബന്ധിച്ച് അസാധ്യം.
വാര്‍ഡംഗം എസ്. ഓമനക്കുട്ടന്‍പിള്ള മുന്നിട്ട് സുജിത ചികിത്സാസഹായനിധി രൂപവത്കരിച്ചിട്ടുണ്ട്. കരുണയുള്ള സുമനസ്സുകൾ സഹായിക്കുമെന്ന പ്രതീക്ഷയിൽ ശാസ്താംകോട്ട എസ്.ബി.ഐ ശാഖയില്‍ സച്ചിന് രാജിെൻറ പേരില്‍ 20272871795 എന്ന നമ്പരില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഐ.എഫ്.സി കോഡ് SBIN0070450. ഫോണ്‍ : 8593824395.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.