തൽഹത്തിന് വിടചൊല്ലി വടക്കുംതല
text_fieldsചവറ: തൽഹത്തിെൻറ വേർപാടോടെ വടക്കുംതല ഗ്രാമത്തിന് ഒരു കലാകാരനെ നഷ്ടമായി. നാടകനടനും സംഘാടകനുമായിരുന്ന തൽഹത്ത് 1980ന് ഒടുവിലും 1990 കളിലും കൊല്ലം ആരതി തിയറ്റേഴ്സ് എന്ന നാടകസമിതി നടത്തിയിരുന്നു. നാടകത്തിൽ നായക-വില്ലൻ വേഷങ്ങളിൽ തിളങ്ങി.
ആരതിയുടെ ആ ലേഖനം, കാറ്റിൽ ഒഴുകുന്ന മേഘച്ചാർത്ത്, കൊച്ചിൻ മഹിമയുടെ വികലാംഗവർഷം, തായമ്പക ഓച്ചിറ നാടകരംഗത്തിെൻറ മാണിക്യക്കൊട്ടാരം, പൂഞ്ഞാർ നവധാരയുടെ ഭാവത്രയം എന്നീ നാടകങ്ങളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തു. ഒട്ടേറെ പുതുമുഖങ്ങളെ അഭിനയരംഗത്തേക്ക് കൈപിടിച്ചുയർത്തി.
സ്വന്തം നാടകസമിതിയായ കൊല്ലം ആരതിയിൽ അഭിനയിക്കാനെത്തിയ ഷഹാനക്ക് പിൽക്കാലത്ത് ഫാസിലിെൻറ 'എെൻറ സൂര്യപുത്രിക്ക്' എന്ന സിനിമയിൽ നായികയോടൊപ്പം മുഴുനീള കഥാപാത്രമാകാൻ അവസരം ലഭിച്ചു. തൽഹത്ത് ഏതാനും സിനിമയിലും മുഖം കാണിച്ചു.
നടനും സംവിധായകനുമായ കലാഭവൻ അൻസർ അടുത്ത ബന്ധുവാണ്. വിദ്യാഭ്യാസവകുപ്പിലെ ജോലിയുടെ ഉത്തരവാദിത്തങ്ങൾക്കിടയിലും നാടകത്തോടുള്ള അഭിനിവേശം എന്നും മനസ്സിൽ കൊണ്ടുനടന്ന കലാകാരനായിരുന്നു. അറിയപ്പെടുന്ന കബഡി കളിക്കാരൻ കൂടിയായിരുന്നു.
വിദ്യാഭ്യാസവകുപ്പിലെ ഔദ്യോഗിക ജീവിതത്തിൽനിന്ന് ഇക്കഴിഞ്ഞ മെയ് 31നാണ് പടിയിറങ്ങിയത്. ബുധനാഴ്ച രാത്രി ഒമ്പതോടെ ജീവിതത്തിൽനിന്നും ആ കലാകാരൻ യാത്ര പറഞ്ഞു. നിരവധി പേർ മരണത്തിൽ അനുശോചനമറിയിച്ച് വീട്ടിലെത്തിയിരുന്നു. വ്യാഴാഴ്ച രാവിലെ 11ന് കുറ്റിവട്ടം മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ ഖബറടക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.