വ്യാജ നിയമന ഉത്തരവ് നൽകി ഉദ്യോഗാർഥികളിൽനിന്ന് കോടികൾ തട്ടിയ രണ്ടംഗസംഘം അറസ്റ്റിൽ
text_fieldsചവറ: വ്യാജ നിയമന ഉത്തരവ് നൽകി ഉദ്യോഗാർഥികളെ കബളിപ്പിച്ച് കോടികൾ തട്ടിയെടുത്ത രണ്ടംഗസംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ചവറ കോട്ടയ്ക്കകം മാണുവേലിൽ വീട്ടിൽ പൊതുപ്രവർത്തകനായ സദാനന്ദൻ (55), തിരുവനന്തപുരം മലയിൻകീഴ് വിവേകാനന്ദ നഗർ അനിഴം വീട്ടിൽ ഗീതാറാണി എന്ന ഗീതാ രാജഗോപാൽ (60) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവർ നൽകിയ നിയമന ഉത്തരവുമായി ചവറ ശങ്കരമംഗലം കെ.എം.എം.എൽ കമ്പനിയിൽ ജോലിക്ക് ഹാജരാകാൻ ഉദ്യോഗാർഥിയായ ചവറ സ്വദേശി പ്രജിത്ത് എത്തിയപ്പോഴാണ് നിയമന ഉത്തരവ് നൽകി തട്ടിപ്പ് നടത്തിയത് തിരിച്ചറിഞ്ഞത്. തുടർന്ന് പ്രജിത്ത് ചവറ പൊലീസിൽ പരാതി നൽകി.
പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നിയമനതട്ടിപ്പിെൻറ ചുരുളഴിഞ്ഞത്. കരുനാഗപ്പള്ളി എ.സി.പി ഗോപകുമാറിെൻറ നിർദേശപ്രകാരം അനു എന്ന സിവിൽ പൊലീസ് ഓഫിസർ ജോലി വേണമെന്നാവശ്യപ്പെട്ട് ഗീതാറാണിക്ക് ഫോൺ ചെയ്തു. ഇവർ പറഞ്ഞ തുകയുമായി തിരുവനന്തപുരത്തെത്തി. ആ സമയം പൊലീസ് നാടകീയമായി അറസ്റ്റ് ചെയ്യുകയായിരുന്നു.
റെയിൽവേയിൽ ക്ലർക്ക്, സ്റ്റോർ കീപ്പർ, ഗ്രൂപ് ഡി-എന്നീ തസ്തികയിലേക്കും കെ.എം.എം.എൽ ക്ലറിക്കൽ തസ്തികയിലേക്കും ജോലി നൽകാമെന്ന് വാഗ്ദാനം നൽകിയാണ് ഉദ്യോഗാർഥികളിൽനിന്ന് ഇവർ തുകകൾ സമാഹരിച്ചത്. ഒന്നരലക്ഷം മുതൽ ആറരലക്ഷം വരെ റെയിൽവേയിലേക്കും രണ്ടുലക്ഷം മുതൽ അഞ്ചുലക്ഷം വരെ കെ.എം.എം.എൽ കമ്പനിയിലെ ക്ലർക്ക് ജോലികൾക്കുമായി ഇവർ കൈപ്പറ്റി.
തുക കൈപ്പറ്റിക്കഴിഞ്ഞാൽ എഴുത്തുപരീക്ഷയുടെ വ്യാജ ഹാൾ ടിക്കറ്റ് നിർമിച്ചുനൽകി ഉദ്യോഗാർഥികളെ കാണിച്ചിട്ട് കോവിഡ് ആയതിനാൽ പരീക്ഷ നടത്തുന്നില്ലെന്ന് ധരിപ്പിക്കും. അതിനുശേഷമാണ് നിയമന ഉത്തരവ് നൽകുന്നത്. കെ.എം.എം.എൽ കമ്പനിയുടെ വ്യാജ ലെറ്റർപാഡും സീലും നിർമിച്ചാണ് സംഘം തട്ടിപ്പ് നടത്തിയത്. ഗീത സമാനരീതിയിൽ തട്ടിപ്പ് നടത്തിയതിന് നേരത്തേ ജയിൽവാസം അനുഭവിച്ചിട്ടുണ്ടെന്നും ജോലി വാഗ്ദാനം ചെയ്ത് കേരളത്തിലെ വിവിധ ജില്ലകളിൽനിന്ന് സംഘം കോടികൾ തട്ടിയെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. സി.ഐ നിസാമുദ്ദീൻ, എസ്.ഐ സുകേഷ്, ഷാജികുമാർ, സി.പി.ഒ തമ്പി, ലതിക തുടങ്ങിയവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.