ജൈവകൃഷിയിൽ വിളയുടെ വിസ്മയമൊരുക്കി യുവ കർഷകൻ
text_fieldsചവറ: ജൈവകൃഷിയിൽ വിളയുടെ വിജയഗാഥയുമായി യുവ കർഷകൻ. തേവലക്കര പടിഞ്ഞാറ്റക്കര വലിയവിളയിൽവീട്ടിൽ തസ്ലിം വലിയവിളയിലാണ് ജൈവവളവും ജൈവകീടനാശിനിയും ഉപയോഗിച്ച് മികവിന്റെ കൃഷി ഒരുക്കി മാതൃകയാവുന്നത്.
തേവലക്കര ഗ്രാമപഞ്ചായത്തിലെ മികച്ച ജൈവകർഷകനുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്.
വെണ്ട, വഴുതന, തക്കാളി, പച്ചമുളക്, ഇഞ്ചി, മഞ്ഞൾ, കോവക്ക, പാവയ്ക്ക, ചേന, ചേമ്പ്, കാച്ചിൽ എന്നിവയിൽ തുടങ്ങി വിവിധ വാഴ ഇനങ്ങളായ പൂവൻ, ഞാലി, ഏത്തൻ, കദളി തുടങ്ങിയവയും കൃഷിയിടത്തിലുണ്ട്. പ്രകൃതിസൗഹൃദമായ രീതിയിൽ ജീവാമൃതം, പഞ്ചഗവ്യം, ഫിഷ് അമിനോ ആസിഡ്, എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക്, ചാണകം, മണ്ണിര കമ്പോസ്റ്റ് എന്നിവ ഉപയോഗിച്ച് പൂർണമായും ജൈവ കൃഷിയാണ് അവലംബിച്ചിരിക്കുന്നതെന്ന് തസ്ലിം പറയുന്നു.
ജീവകാരുണ്യപ്രവർത്തന മേഖലകളിൽ സജീവ സാന്നിധ്യമായ തസ്ലിം കരുനാഗപ്പള്ളി താലൂക്ക് ജമാഅത്ത് യൂനിയൻ ജനറൽ കൗൺസിൽ അംഗവും തേവലക്കര ചാലിയത്ത് മുസ്ലിം ജാമാഅത്ത് കൗൺസിൽ അംഗവും പ്രതീക്ഷ ചാരിറ്റബിൾ ട്രസ്റ്റിന്റെ വൈസ് ചെയർമാനുമാണ്.
ഭാര്യ റെജിനയും മകൻ മുഹമ്മദ് തൗബാനും കൃഷിയില്‍ കൂട്ടായുണ്ട്. തേവലക്കര കൃഷിഭവനിലെ കൃഷി ഓഫിസർ രശ്മി ജയരാജ്, അസിസ്റ്റന്റുമാരായ ശ്യാംകുമാർ, സൈജു എന്നിവരുടെ നിർദേശവും സേവനങ്ങളും എപ്പോഴും മുതൽക്കൂട്ടാണെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.