കൊല്ലം-ചെങ്കോട്ട പാതയിൽ ചെന്നൈ എ.സി ട്രെയിൻ സർവിസ്
text_fieldsകൊല്ലം: അരനൂറ്റാണ്ടിനുശേഷം കൊച്ചുവേളിയിൽ നിന്ന് കൊല്ലം-പുനലൂർ-ചെങ്കോട്ട പാതയിലൂടെ ചെന്നൈയിലേക്ക് എ.സി സ്പെഷൽ ട്രെയിൻ സർവിസ്. പാത ബ്രോഡ്ഗേജായശേഷം ആദ്യമായാണ് പശ്ചിമഘട്ട മലനിരകളുടെ മനോഹാരിത ആസ്വദിക്കാവുന്നവിധം ദക്ഷിണ റെയിൽവേ തിരുവനന്തപുരത്തു നിന്ന് സർവിസ് തുടങ്ങുന്നത്.
മീറ്റർഗേജ് ആയിരുന്നപ്പോൾ ചെങ്കോട്ടവഴി തിരുവനന്തപുരം-ചെന്നൈ സർവിസുണ്ടായിരുന്നു. പിന്നീട് 50 വർഷങ്ങൾക്ക് ശേഷമാണ് സർവിസ് പുന:സ്ഥാപിച്ചത്. ട്രെയിൻ കൊച്ചുവേളിയിൽ നിന്ന് പുറപ്പെട്ട് ചെന്നൈ താംബരത്താണ് എത്തുക.
14 എ.സി ഇക്കോണമി കോച്ചുകളാണ് ഉണ്ടാകുക. താംബരത്ത് നിന്ന് സർവിസ് ഈ മാസം 16 മുതലും കൊച്ചുവേളിയിൽ നിന്നുള്ളത് 17 നും ആരംഭിക്കും. 1335 രൂപയാണ് കൊച്ചുവേളിയിൽ നിന്ന് താംബരം വരെയുള്ള നിരക്കായി റെയിൽവേ ഈടാക്കുന്നത്.
ട്രെയിൻ നമ്പർ (06035) വ്യാഴം, ശനി ദിവസങ്ങളിൽ രാത്രി 9.40ന് താംബരത്തു നിന്ന് പുറപ്പെട്ട് പിറ്റേദിവസം പകൽ 1.40ന് കൊച്ചുവേളിയിലെത്തും. ട്രെയിൻ നമ്പർ 06036 വെള്ളി, ഞായർ ദിവസങ്ങളിൽ വൈകീട്ട് 3.35ന് കൊച്ചുവേളിയിൽനിന്ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 7.35ന് താംബരത്ത് എത്തും. കൊച്ചുവേളിയിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ 4.30നാണ് കൊല്ലം റെയിൽവേ സ്റ്റേഷനിൽ എത്തുക.
ചെങ്കൽപേട്ട, മേൽമറുവ അശൂർ, വിഴുപു വിരുദാചലം, തിരുച്ചിറപ്പള്ളി, ദിണ്ടിഗൽ, മധുര, വിരുദനഗർ, ശിവകാശി, ശ്രീവില്ലിപുത്തൂർ, രാജപാളയം, ശങ്കരൻകോവിൽ, പാമ്പാകോവിൽ ഷാൻഡി, കടയനല്ലൂർ, തെങ്കാശി, തെന്മല, പുനലൂര്, ആവണീശ്വരം, കൊട്ടാരക്കര, കുണ്ടറ, കൊല്ലം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.