കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: തുടരന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു
text_fieldsകൊല്ലം: ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പൊലീസ് തുടർ അന്വേഷണം നടത്തിയ റിപ്പോർട്ട് കൊല്ലം ഒന്നാം അഡീഷനൽ സെഷൻ കോടതിയിൽ സമർപ്പിച്ചു. കുട്ടിയുടെ പിതാവിന്റെ മൊഴി രേഖപ്പെടുത്തിയതും പിതാവ് കോടതിയിൽ നൽകിയ രഹസ്യ മൊഴിയും സഹിതമാണ് റിപ്പോർട്ട് സമർപ്പിച്ചത്.
തട്ടിക്കൊണ്ടുപോയ കാറിൽ നാലുപേർ ഉണ്ടായിരുന്നതായുള്ള കുട്ടിയുടെ സഹോദരന്റെ മൊഴി പിതാവ് ചാനലിൽ പറഞ്ഞതിനെ തുടർന്നാണ് തുടരന്വേഷണം നടത്താൻ പൊലീസ് കോടതിയിൽനിന്ന് അനുമതി വാങ്ങിയത്. കോടതി അനുവദിച്ച 10 ദിവസത്തെ അന്വേഷണത്തിൽ പിതാവിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തി.
തട്ടിക്കൊണ്ടുപോയ സംഘത്തിൽ നാലുപേർ ഉണ്ടായിരുന്നില്ലേയെന്ന് ഒരു മാധ്യമപ്രവർത്തകൻ ചോദിച്ചപ്പോൾ, ആ സമയം മകൻ അങ്ങനെ പറഞ്ഞിരുന്നുവെന്ന മറുപടിയാണ് നൽകിയതെന്നും എന്നാൽ, മണിക്കൂറുകൾ കൂടെയുണ്ടായിരുന്ന മകൾ മൂന്നുപേരുടെ പേര് മാത്രമേ പറഞ്ഞിരുന്നുള്ളൂവെന്നുമാണ് പിതാവ് പൊലീസിനും കോടതിയിലും മൊഴി നൽകിയത്.
അന്വേഷണത്തിലോ ആളുകളുടെ എണ്ണത്തിലോ സംശയമില്ലെന്നും പ്രത്യേക സാഹചര്യത്തിൽ ഫോണിലൂടെ സംസാരിച്ച ഭാഗങ്ങൾ മാത്രമാണ് ചാനലിൽ വന്നതെന്നും ഇദ്ദേഹം വ്യക്തമാക്കി. ആദ്യം ഹാജരാക്കിയ കുറ്റപത്രത്തിൽനിന്ന് വ്യത്യസ്തമായി അധിക വസ്തുതകൾ ഒന്നും തുടരന്വേഷണത്തിൽ കണ്ടെത്തിയിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കൊല്ലം റൂറൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എം.എൻ. ജോസ് കോടതിയെ അറിയിച്ചു. റിപ്പോർട്ട് പരിഗണിച്ച കോടതി, കേസിൽ കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്നതിന് മുന്നോടിയായുള്ള പ്രോസിക്യൂഷൻ ഭാഗത്തിന്റെ പ്രാഥമിക വാദം കേൾക്കുന്നതിനായി കേസ് ഒക്ടോബർ 11ലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.