എന്റെ മോളാണ്... നാടിന്റെ പൊന്നുമോളാണ്
text_fieldsകൊല്ലം: എനിക്കും ഈ പ്രായത്തിൽ കുഞ്ഞുണ്ട്, ഞങ്ങളുടെ വീട്ടിലുള്ള മോളെ പോലെ തന്നെ... തിങ്കളാഴ്ച വൈകീട്ട് തട്ടിക്കൊണ്ടുപോയി എന്ന വാക്കുകൾക്കൊപ്പം അബിഗേൽ സാറ റെജിയുടെ ചിത്രം നാട് മുഴുവൻ നിറഞ്ഞതിനൊപ്പം കേരളം ഒന്നാകെ വികാരം ഇതായിരുന്നു.
സ്വന്തം വീട്ടിലെ കുഞ്ഞിനെ നഷ്ടപ്പെട്ടതുപോലെ ഉറക്കം നഷ്ടപ്പെട്ട മനുഷ്യരുടെ ആകുലതകൾ നിറഞ്ഞ മണിക്കൂറുകൾ. ഓയൂരിലെ കണ്ണാടി ഓട്ടുമല എന്ന തിരക്കൊന്നുമില്ലാത്ത ഗ്രാമപ്രദേശത്ത് നിന്ന് ലോകമെങ്ങുമുള്ള മലയാളികളുടെ മകളായി അവൾ നിമിഷങ്ങൾക്കകം മാറി.
സ്വന്തം മക്കളിൽ അബിഗേലിനെ കണ്ട മാതാപിതാക്കളും മുത്തശ്ശി മുത്തച്ഛൻമാരും അവളുടെ തിരിച്ചുവരവിനായി പ്രാർഥിച്ചുകൊണ്ടിരുന്നു. റെജി ഭവൻ എന്ന വീട്ടുമുറ്റത്തേക്ക് ഓടിയെത്തിയ നാട് ആ കുടുംബത്തിനൊന്നാകെ താങ്ങായി നിൽക്കുന്ന കാഴ്ച ഹൃദയം നിറക്കുന്നതായിരുന്നു.
വിശ്രമമില്ലാതെ പൊലീസ് സംവിധാനമൊന്നാകെ പരിശോധനകളുമായി നാട് നിറഞ്ഞതിനാൽ കുട്ടിയുമായി സംഘം അധികദൂരം പോയിട്ടില്ല എന്ന പ്രതീക്ഷയിലായിരുന്നു ഏവരും. മണിക്കൂറുകൾ കഴിയുംതോറും പ്രാർഥനകളുമായി കൂടുതൽ പേർ കുടുംബത്തിന്റെ അടുത്തെത്തിക്കൊണ്ടിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബെത്ത വിളിച്ച് ആശ്വസിപ്പിച്ചു. മന്ത്രിമാരായ കെ.എൻ. ബാലഗോപാലും ജെ. ചിഞ്ചുറാണിയും വിളിച്ച് അന്വേഷിച്ചു. സംഭവത്തിൽ മുഖ്യമന്ത്രിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ അടിയന്തര നടപടിയുടെ ഭാഗമായാണ് എ.ഡി.ജി.പി എം.ആർ. അജിത്കുമാറിന്റെ മേൽനോട്ടത്തിൽ പ്രത്യേക സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചത്.
പൂയപ്പള്ളി പൊലീസ് സ്റ്റേഷനിൽ ഡി.ഐ.ജി നിശാന്തിനിയും കൊട്ടാരക്കര റൂറൽ എസ്.പി കെ.എം. സാബു മാത്യുവും തിങ്കളാഴ്ച വൈകീട്ട് തന്നെ എത്തിയിരുന്നു. പിതാവ് റെജിയെ രണ്ടുതവണ എ.ഡി.ജി.പിയും ഡി.ഐ.ജിയും വിളിച്ചുവരുത്തി മൊഴിയെടുത്തു.
അന്വേഷണത്തിന്റെ കൂടുതൽ വിവരങ്ങൾ ചൊവ്വാഴ്ച പൊലീസ് പുറത്തുവിട്ടിരുന്നില്ല. കുട്ടിയെ കണ്ടെത്തിയ വിവരം വീട്ടിൽ അറിയുമ്പോൾ പിതാവ് റെജി പൊലീസിനൊപ്പം കൊട്ടാരക്കരയിലായിരുന്നു. അവിടെ നിന്നാണ് കൊല്ലത്തേക്ക് കുട്ടിയുടെ അടുത്തേക്ക് എത്തിച്ചത്.
ആദ്യം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലും പിന്നീട് രേണ്ടാടെ കൊല്ലം എ.ആർ. ക്യാമ്പിലുമാണ് കുട്ടിയെ എത്തിച്ചത്. വിവരമറിഞ്ഞ് നാട്ടുകാർ ക്യാമ്പിന് മുന്നിൽ തടിച്ചുകൂടി. റോഡിലും ദേശീയപാതക്ക് അരികിലും മണിക്കൂറുകളോളം ജനം കാത്തുനിന്നു. ജനം റോഡിൽ നിറഞ്ഞതോടെ റോഡിൽ ഗതാഗത തടസ്സവുമുണ്ടായി. ബാരിക്കേഡ് വെച്ച് പൊലീസ് എല്ലാവരെയും തടഞ്ഞുനിർത്തി.
ക്യാമ്പിനുള്ളിൽ ഉന്നത പൊലീസ് ഉദ്യോഗരും കലക്ടരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. പൊലീസ് കുട്ടിയുടെ മൊഴിയെടുത്തതും ഇവിടെവെച്ചാണ്. വൈദ്യപരിശോധനയും കൗൺസലിങ്ങും കുഞ്ഞിന് നൽകി. കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ കുട്ടിയെ എത്തിക്കുമെന്ന് വിവരം പ്രചരിച്ചതോടെ അവിടേക്കും ആളുകൾ എത്തി.
എന്നാൽ, അമ്മയും സഹോദരനും എത്തിയതിന് പിന്നാലെ വൈകീട്ട് ആറോടെ കൊല്ലം വിക്ടോറിയ ആശുപത്രിയിലേക്ക് അബിഗേലിനെ മാറ്റുകയായിരുന്നു. കുട്ടി ക്യാമ്പിന് പുറത്ത് കാറിലെത്തിയപ്പോൾ ജനക്കൂട്ടം ആരവം മുഴക്കി സ്വീകരിച്ചു.
അബിഗേലിനെ കലക്ടർ എൻ. ദേവിദാസ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപൻ, എൻ.കെ. പ്രേമചന്ദ്രൻ എം.പി, എം.എൽ.എമാരായ എം. നൗഷാദ്, എം. മുകേഷ്, കെ.ബി. ഗണേഷ്കുമാർ, എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ, സി.പി.എം ജില്ല സെക്രട്ടറി എസ്. സുദേവൻ, ജില്ല സെക്രേട്ടറിയറ്റ് അംഗം വി.കെ. അനിരുദ്ധൻ, കശുവണ്ടി കോർപറേഷൻ ചെയർമാൻ എസ്. ജയമോഹൻ ഉൾപ്പെടെ നേതാക്കൾ പൊലീസ് ക്യാമ്പിലെത്തി കണ്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.