ക്രിസ്മസ്: കുതിച്ചുയർന്ന് മത്സ്യ-മാംസ വില
text_fieldsകൊല്ലം: ക്രിസ്മസ് ആഘോഷങ്ങൾക്കായി തീൻമേശകളൊരുങ്ങാൻ ഒരുദിവസം മാത്രം ശേഷിക്കെ മത്സ്യ-മാംസവിപണിയില്‍ വന്‍തിരക്കും വിലക്കയറ്റവും. ആശങ്ക പരത്തിയാണ് പോത്തിറച്ചിയുടെയും കോഴിയിറച്ചിയുടെയും വില കുതിച്ചുയരുന്നത്. നാടൻ പോത്ത് കുറഞ്ഞതും വില ഉയരാൻ കാരണമായി. കേരളത്തിൽ പലയിടത്തും വ്യത്യസ്ത നിരക്കാണെങ്കിലും കൊല്ലം അടക്കമുള്ള ജില്ലകളിൽ 360 മുതൽ 440 രൂപ വരെയായി പോത്തിറച്ചി വില.
ആട്ടിറച്ചി വില പിടിവിട്ടമാതിരി കുതിക്കുകയാണ്. ചെറുകിട കച്ചവടക്കാർ ആട്ടിറച്ചിക്ക് 900 മുതൽ 1100 രൂപവരെയാണ് വാങ്ങുന്നത്; ഹൈപ്പർ മാർക്കറ്റുകളിലാകട്ടെ 650 മുതൽ 750 വരെയും. ഇതരസംസ്ഥാന ആടുകളെയാണ് നിലവിൽ ഇറച്ചിക്കായി ഉപയോഗിക്കുന്നത്. പോത്തിറച്ചിക്കും ഹൈപ്പർ മാർക്കറ്റുകളിൽ 380ൽ താഴെയാണ് വിലനിലവാരം. മത്സ്യയിനങ്ങള്‍ക്കും വില പറപറക്കുന്നു.
കോഴിയിറച്ചിക്ക് കിലോക്ക് 180 രൂപയോളമാണ് വില. ക്രിസ്മസിനോടനുബന്ധിച്ച് കോഴിവിലയിലും കാര്യമായ മാറ്റമുണ്ട്. കഴിഞ്ഞമാസങ്ങളിൽ 110 മുതൽ 120 രൂപ വരെയായിരുന്നു വില. എന്നാൽ, ക്രിസ്മസ്വിപണിയിൽ കോഴിക്ക് 140 രൂപയോളം നല്‍കണം. ക്രിസ്മസിനും പുതുവത്സരത്തിലും ചിക്കൻ ഒഴിവാക്കാൻ പറ്റാത്ത വിഭവമായതിനാൽ വരും ദിവസങ്ങളിൽ ലഭ്യതകുറഞ്ഞാൽ വില ഇനിയും കൂടുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.
നാടൻകോഴിവിപണിയിൽ തളർന്നെങ്കിലും ഇതരസംസ്ഥാന കച്ചവടക്കാർ ലാഭം കൊയ്യുകയാണ്. തമിഴ്നാട്ടിലെ ഫാമുകളില്‍നിന്ന് കോഴി വരവ് കുറഞ്ഞത് നികത്താന്‍ പ്രാദേശിക ഫാമുകളില്‍ ഉൽപാദനം വർധിപ്പിച്ചിരുന്നു. തമിഴ്നാട്ടില്‍നിന്നാണ് പ്രധാനമായും ഇറച്ചിക്കോഴികളെത്തുന്നത്. അവിടത്തെ ഉൽപാദകസംഘങ്ങളും ഇടത്തട്ടുകാരും കൃത്രിമക്ഷാമവും വിലക്കയറ്റവും സൃഷ്ടിക്കുന്നതായും ആക്ഷേപമുണ്ട്.
മത്സ്യവിപണിയിലാകട്ടെ ജനപ്രിയ ഇനങ്ങളായ അയല, വറ്റ, നെയ്മീൻ, ചെമ്മീൻ എന്നിവക്കെല്ലാം വില കുതിച്ചുയരുകയാണ്. വറ്റക്ക് കിലോഗ്രാമിന് 400ന് മേലെയാണ് വില. വലിപ്പമനുസരിച്ച് അയലക്ക് 160 മുതല്‍ 300 രൂപവരെയുമാണ് വില. എന്നാൽ ചെറിയ മത്തിക്ക് 50 രൂപ മാത്രമേ കിലോക്ക് വിലയുള്ളൂ. മറ്റ് മത്സ്യങ്ങൾ ആവശ്യമായത്ര അളവില്‍ ലഭിക്കാത്തത് വിലക്കയറ്റത്തിന് ഇടയാക്കുന്നു.
ആവോലി, നെയ്മീന് തുടങ്ങിയ വലിയ മത്സ്യങ്ങള്‍ കിട്ടാനില്ലാത്ത സ്ഥിതിയാണ്. പച്ചക്കറിവിലയിൽ കാര്യമായ കയറ്റമില്ല. തക്കാളിക്കും പച്ചമുളകിനും സവാളക്കുമെല്ലാം 60ൽ താഴെയാണ് വിലനിലവാരം. മഴ മാറിയതിനാൽ ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള പച്ചക്കറിയുടെ വിളവെടുപ്പിൽ വർധനയുണ്ടായതാണ് കാരണമെന്ന് വ്യാപാരികൾ പറയുന്നു.
ക്രിസ്മസ്, പുതുവത്സരത്തോടനുബന്ധിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഫെയറുകളുമുണ്ട്. സപ്ലൈകോയുടെ നേതൃത്വത്തിൽ ജില്ല ഫെയറുകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഫ്ലാഷ് സെയിലുണ്ട്. സബ്സിഡിയിതര ഉല്പന്നങ്ങള്ക്ക് നിലവിലേതിനെക്കാള്‍ 10 ശതമാനം വരെ അധിക വിലക്കുറവുണ്ട്. ജില്ല സപ്ലൈ ഓഫിസറുടെ നേതൃത്വത്തില്‍ പൊതുവിപണിയില്‍ സംയുക്ത പരിശോധന നടന്നുവരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.