സിവില്‍ സര്‍വിസ്; മികവോടെ ഫെബിന്
text_fieldsപത്തനാപുരം: സര്‍വിസില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്നതിനിടെ ഫെബിന് മികച്ച റാങ്കോടെ സിവില്‍ സര്‍വിസിൽ മുന്നേറി. കഴിഞ്ഞ തവണത്തെ 254ാം റാങ്കാണ് ഇത്തവണ തിരുത്തി ജില്ലയില്‍തന്നെ ഒന്നാമനായി മാറിയത്. തലവൂർ ഗ്രാമപഞ്ചായത്തിലെ പിടവൂർ വല്ല്യാനേത്ത് ജോസ് ബംഗ്ലാവില്‍ ജോസ് തോമസ്-ലത ജോസ് ദമ്പതികളുടെ മകന് ഫെബിന് ജോസ് തോമസ് രണ്ടാം തവണ സിവില്‍ സര്‍വിസ് പരീക്ഷ എഴുതിയാണ് 133ാം റാങ്ക് കരസ്ഥമാക്കിയത്.
നിലവില്‍ ഐ.ആര്.എസ് ഇന്‍കം ടാക്സ് സര്‍വിസില്‍ പ്രവേശിച്ച ഫെബിന് നാഗ്പൂരിലെ ട്രെയിനിങ്ങിലാണ്. ഇതിനിടെയാണ് വീണ്ടും സിവില്‍ സര്‍വിസ് ലഭിച്ചത്. കേരള കേഡറില്‍ ഐ.പി.എസ് എന്നതാണ് ഫെബിന്റെ ലക്ഷ്യം. മലയാളം ഓപ്ഷണലായി എടുത്താണ് സിവിൽ സർവിസ് പരീക്ഷയെ നേരിട്ടത്.
കോഴിക്കോട് എൻ.ഐ.ടിയിൽനിന്ന് മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടിയ ശേഷമാണ് ഫെബിൻ സിവിൽ സർവിസ് പഠനത്തിലേക്ക് തിരിഞ്ഞത്. ജർമനിയിൽ ഡോക്ടറായ ഫേബ ഗ്രേസ് ജോസും ബംഗളൂരുവിൽ ഡോക്ടറായ കൃപ അന്ന ജോസുമാണ് സഹോദരങ്ങൾ.
ഊർമിളക്ക് കഠിനാധ്വാനത്തിന്റെ നേട്ടം
ചവറ: സിവിൽ സർവിസ് പരീക്ഷയിൽ ആദ്യ തവണ തന്നെ മികച്ച റാങ്ക് നേടാനായതിന്റെ സന്തോഷത്തിലാണ് ചവറ സ്വദേശി ജെ.എസ്. ഊർമിള. ചവറ തോട്ടിന് വടക്ക് അളകാപുരിയിൽ വൊക്കേഷനൽ ഹയർ സെക്കൻഡറി അധ്യാപകൻ എസ്. സജീവ് കുമാറിന്റെയും പി.എസ്.സി പ്രോഗ്രാമറായ ജോളിയുടെയും മകളാണ് 561ാം റാങ്ക് കരസ്ഥമാക്കിയ ഊർമിള.
വള്ളിക്കീഴ് ഗവ. ഹൈസ്കൂളിൽ പ്രാഥമിക പഠനവും ശങ്കരമങ്കലം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി പഠനവും പൂർത്തിയാക്കിയ ശേഷം തെലുങ്കാനയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സോഷ്യൽ സയൻസിൽ ബിരുദവും ദില്ലി സ്കൂൾ ഓഫ് ഇക്കണോമിക്സിൽനിന്ന് എം.എ സോഷ്യോളജിയിൽ ബിരുദാനന്ദ ബിരുദവും കരസ്ഥാക്കി.
ശേഷമാണ് സിവിൽ സർവിസ് സ്വപ്നവുമായി ഒരു വർഷം മുമ്പ് തിരുവനന്തപുരത്തെ ഫോർച്യൂൺ അക്കാദമിയിൽ ചേർന്നത്. പഠന രംഗത്ത് മികവ് പുലർത്തിയിരുന്ന ഊർമിള ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ഗോൾഡ് മെഡലോടെ ഒന്നാംറാങ്ക് നേടിയിട്ടുണ്ട്. വിദ്യാർഥിയായ അളക ഏക സഹോദരിയാണ്.
ഡോ. നജ്മക്ക് 839ാം റാങ്ക്
ഓച്ചിറ: ഡോക്ടറുടെ പഠനമികവിന് സിവിൽ സർവിസിൽ 839ാം റാങ്ക്. എം.ബി.ബി.എസ് പഠനം പൂർത്തിയാക്കി ജോലി നോക്കിവരവെയാണ് നജ്മ എ. സലാമിന് സിവിൽ സർവിസ് പരീക്ഷയിൽ വീണ്ടും റാങ്ക് ലഭിച്ചത്. ക്ലാപ്പന, വരവിള, തലവടികുളങ്ങര പടീറ്റതിൽ അബ്ദുൽ സലാമിന്റെയും നുസൈഫയുടെയും മകളായ നജ്മ ഇത് രണ്ടാം തവണയാണ് സിവിൽ സർവിസ് പരീക്ഷയെഴുതുന്നത്.
കഴിഞ്ഞതവണ ഐ.ആർ.എം.എസ് ലഭിച്ചെങ്കിലും ഐ.എ.എസുകാരിയാകണമെന്ന മോഹമാണ് വീണ്ടും പരീക്ഷ എഴുതാൻ പ്രേരണയായത്. ആലപ്പുഴ മെഡിക്കൽ കോളജിൽനിന്ന് എം.ബി.ബി.എസ് വിജയിച്ച നജ്മ എൻ.ആർ.എച്ച്.എമ്മിന്റെ കീഴിൽ തുറവൂർ, കായകുളം തുടങ്ങിയ സർക്കാർ ആശുപത്രികളിൽ സേവനം അനുഷ്ഠിച്ചിരുന്നു. ഇപ്പോൾ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് ജോലി. നജാദ്, ഹന്ന എന്നിവർ സഹോദരങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.