സിവില്‍ സപ്ലൈസ് ഗോഡൗണില്‍ വെള്ളം കയറി അരി നശിച്ചു
text_fieldsകുന്നിക്കോട്: സിവില്‍ സപ്ലൈസ് വകുപ്പിന്‍റെ പൊതുവിതരണ കേന്ദ്രങ്ങൾക്കായുള്ള (പി.ഡി.എസ്) ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന അരി വെള്ളം കയറി നശിച്ചു.
ഫുഡ് കോർപറേഷന്‍ ഓഫ് ഇന്ത്യയുടെ ആവണീശ്വരം ഗോഡൗണിന് അനുബന്ധമായി കുന്നിക്കോട് ശാസ്ത്രി ജങ്ഷന് സമീപത്തെ പി.ഡി.എസ് കേന്ദ്രത്തില്‍ സൂക്ഷിച്ചിരുന്ന അരിയാണ് നശിച്ചത്. കഴിഞ്ഞ ദിവസമാണ് അരിച്ചാക്കുകള്‍ നനഞ്ഞനിലയിലായത് അധികൃതരുടെ ശ്രദ്ധയില്‍പെട്ടത്.
50 ചാക്കുകളിലായി 250ൽ അധികം കിലോ അരി നശിച്ചുവെന്നാണ് വിവരം. ചാക്കുകള്‍ അടുക്കിയിരുന്ന തറയില്‍നിന്നുള്ള നനവ് പിടിച്ചതാകാം അരി നശിക്കാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഒരാഴ്ചയായി മേഖലയില്‍ ശക്തമായ മഴയാണ്. സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്‍റെ ഒരുഭാഗത്ത് ഓടയുണ്ട്.
അവിടെനിന്നുള്ള ജലാംശമാണ് അരി നശിക്കാന്‍ കാരണമായതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ആവണീശ്വരത്ത് പ്രവര്‍ത്തിക്കുന്ന പ്രധാന ഗോഡൗണില്‍നിന്നും വാതില്‍പടി വിതരണത്തിനായി അരിച്ചാക്കുകള്‍ ഇവിടെയാണ് എത്തിക്കുന്നത്. റേഷന്‍കടകള്‍ക്കും മറ്റ് സ്ഥാപനങ്ങളിലേക്കും അരി, ഗോതമ്പ് അടക്കമുള്ളവ ഇവിടെ നിന്ന് കൊണ്ടുപോകുന്നുണ്ട്.
കൊല്ലത്ത്നിന്നും ക്വാളിറ്റി കണ്‍ട്രോളര്‍ ശ്രീജിത്തിന്റെ നേതൃത്വത്തിെല സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. റവന്യൂ വകുപ്പിന്റെയും സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു പരിശോധന. അരി ഉപയോഗശൂന്യമായെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിൽ നീക്കം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്.
അരിച്ചാക്കുകള്‍ ക്രമീകരിക്കുമ്പോള്‍ സാധാരണ കട്ടികൂടിയ ടാർപ്പോളിന്‍ ഷീറ്റ് തറയില്‍ വിരിക്കാറുണ്ട്. അതിന് മുകളില്‍ 20 മുതല്‍ 30 വരെയുള്ള അട്ടിയായിട്ടാണ് ചാക്കുകള്‍ അടുക്കുക. ഏഴ് ദിവസത്തിനുശേഷം പ്രാണി ശല്യം ഉണ്ടാകാതിരിക്കാന്‍ കെമിക്കല്‍ െവച്ച് പടുതയിടും. ദിവസങ്ങള്‍ക്കകം ഇത് നീക്കം ചെയ്ത് ക്രമേണ വിതരണം ചെയ്യുകയാണ് പതിവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.