ചേലൂർ പദ്ധതിയിൽ നിന്ന് ശുദ്ധജലം വിതരണം ചെയ്യണം-മനുഷ്യാവകാശ കമ്മീഷൻ
text_fieldsകൊല്ലം: മലിനജലം മാത്രം പമ്പ് ചെയ്യുന്ന ചേലൂർ കുടിവെള്ള പദ്ധതിയിൽ നിന്ന് ശുദ്ധജലം വിതരണം ചെയ്യാനുള്ള അടിയന്തിര നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
ജല അതോറിറ്റി മാനേജിംഗ് ഡയറക്ടർക്കാണ് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരിയുടെ നിർദ്ദേശം. കേടുപാടുകളുള്ള പ്രഷർ ഫിൽറ്ററിന് അറ്റകുറ്റപണികൾ നടത്താനോ, പുതിയ ഫിൽറ്റർ സ്ഥാപിച്ച് ശുദ്ധജല വിതരണം നടത്താനോ ജല അതോറിറ്റി ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിട്ടില്ലെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ഇത്തരം ഉദ്യോഗസ്ഥർ ജനങ്ങളുടെ അവകാശത്തിന് മീതെ സാങ്കേതികമായ മുട്ടാപോക്കുകൾ കാട്ടി വെല്ലുവിളി നടത്തുകയാണെന്നും കമ്മീഷൻ ചൂണ്ടികാട്ടി.
കുന്നത്തൂർ പഞ്ചായത്തിലെ ചേലൂർ പമ്പ് ഹൗസിൽ നിന്ന് നിരന്തരം മലിനജലം വിതരണം ചെയ്യുന്നുവെന്ന പരാതിയിലാണ് കമ്മീഷൻ ഉത്തരവ്. ജല അതോറിറ്റി ശാസ്താംകോട്ട അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഞ്ചിനീയറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. കുന്നത്തൂർ പഞ്ചായത്തിലെ ചേലൂർ കായലിൽ നിന്നും പമ്പ് ചെയ്യുന്ന വെള്ളം തുരുത്തിക്കരയിൽ സ്ഥാപിച്ചിരിക്കുന്ന സംഭരണിയിൽ ശേഖരിച്ച് അണുവിമുക്തമാക്കിയ ശേഷമാണ് വിതരണം ചെയ്യുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. നിലവിൽ ജലം ഫിൽറ്റർ ചെയ്യാൻ സ്ഥാപിച്ചിരിക്കുന്ന രണ്ട് പ്രഷർ ഫിൽറ്ററുകളും തകരാറിലാണ്. പുതിയ പ്രഷർ ഫിൽറ്റർ സ്ഥാപിക്കാൻ 18 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചെങ്കിലും യഥാസമയം കരാറുകാരെ കിട്ടാത്തതു കാരണം കാലതാമസമുണ്ടായി. ചേലൂർ കിണറിനോടു ചേർന്നുള്ള ഇൻഫിൽറ്ററേഷൻ ഗാലറിയിൽ നിന്നും ബേബി വെല്ലിൽ നിന്നും ചെളി നീക്കം ചെയ്യാനും ഫിൽറ്റർ മീഡിയ മാറ്റി സ്ഥാപിക്കാനുമായി 57.80 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ഈ പ്രവൃത്തി ഉടൻ ആരംഭിക്കുന്നതാണ്. ഇത് പൂർത്തിയാകുന്നതോടെ നിലവിലുള്ള പരാതികൾ പരിഹരിക്കാനാവുമെന്നും റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ ഫിൽട്ടറിംഗും ക്ലോറിനേഷനും കൂടാതെയാണ് ഇപ്പോഴും കുടിവെള്ളം വിതരണം ചെയ്യുന്നതെന്ന് പരാതിക്കാരനായ അഡ്വ. കെ.പി. അനിൽകുമാർ ആരോപിച്ചു. പ്രഷർ ഫിൽറ്റർ നന്നാക്കിയിട്ടില്ല. സ്കൂൾ കുട്ടികൾ ഉൾപ്പെടെ ഉപയോഗിക്കുന്നത് മലിനജലമാണെന്നും പരാതിക്കാരൻ അറിയിച്ചു. ആരോപണങ്ങൾ ശരിയാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. പോരുവഴി, ശാസ്താംകോട്ട, പടിഞ്ഞാറെ കല്ലട ഗ്രാമ പഞ്ചായത്തുകളിലെ ചില പ്രദേശങ്ങളിലും ചേലൂർ കുടിവെള്ള പദ്ധതിയിൽ നിന്നാണ് ജലവിതരണം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.