സഹകരണ തട്ടിപ്പുകൾ: ഉത്തരവാദിത്തം സഹകരണ വകുപ്പിനും
text_fieldsകൊല്ലം: സഹകരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ തുടർക്കഥയാവുന്നതിന് കാരണം സഹകരണ വകുപ്പ് കലാകാലങ്ങളിൽ വേണ്ടവിധം ഇടപെടൽ നടത്താതിരുന്നതും. പ്രാഥമിക സഹകരണ സംഘങ്ങളിൽ ഓഡിറ്റ് നടത്തുകയും ക്രമക്കേടുണ്ടെങ്കിൽ റിപ്പോർട്ട് ചെയ്ത് നടപടിയെടുക്കുകയും ചെയ്യേണ്ടത് സഹകരണ വകുപ്പിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തമാണ്. എന്നാൽ, പ്രമുഖ രാഷ്ട്രിയ നേതാക്കൾ ഭാരവാഹികളായി നിയന്ത്രിക്കുന്ന സഹകരണ ബാങ്കുകളിൽ കാര്യക്ഷമായ പരിശോധന നടക്കുന്നില്ല. പരിശോധനയിൽ അപാകതകൾ കണ്ടെത്തിയാൽതന്നെ ചുരുക്കം കേസുകളിൽ മാത്രമാണ് തുടർനടപടികളുണ്ടാവുക.
സഹകരണ വകുപ്പിന് കീഴിൽ ജില്ലകളിൽ ജോയൻറ് ഡയറക്ടർ, അഡീഷനൽ ഡയറക്ടർ, ഇൻസ്പെക്ടമാർ തുടങ്ങിയ ഉദ്യോഗസ്ഥർ ഓഡിറ്റിന്റെ ഉത്തരവാദിത്തത്തിലുണ്ട്. പഴുതടച്ച ഓഡിറ്റ് മിക്കയിടത്തും നടക്കാത്ത സാഹചര്യമാണ്. അതേസമയം, കേരളബാങ്ക്, അർബൻ ബാങ്ക് എന്നിവയിൽ റിസർവ് ബാങ്ക് മാനദണ്ഡപ്രകാരമുള്ള ഓഡിറ്റ് നടക്കുന്നുണ്ട്. കെ.വൈ.സി മാനദണ്ഡങ്ങളടക്കം ഇത്തരം ബാങ്കുകൾ പാലിക്കുന്നു.
നോട്ട് നിരോധന സമയത്തടക്കം ആർ.ബി.ഐ നിർദേശങ്ങൾ ജില്ല സഹകരണ ബാങ്കുകളും അർബാൻ ബാങ്ക് ശാഖകളും അനുസരിച്ചതിനാൽ നടപടി നേരിടേണ്ടിവന്നില്ല. നോട്ട് നിരോധന സമയത്ത് കേന്ദ്ര ഏജൻസികളടക്കം പരിശോധന നടത്തിയെങ്കിലും പ്രതിസന്ധിയിലാവാതെ മുന്നോട്ടുപോവാൻ പിന്നീട് കേരള ബാങ്കായി മാറിയ ജില്ല സഹകരണ ബാങ്കുകൾക്കും അർബൻ ബാങ്കുകൾക്കുമായി. ചാർട്ടേഡ് അക്കൗണ്ടന്റുമാരെ നിയോഗിച്ച് ആർ.ബി.ഐ നിർദേശപ്രകാരമുള്ള ഓഡിറ്റ് എല്ലാ വർഷവും ഇവിടങ്ങളിൽ നടക്കുന്നുണ്ട്. കേരള ബാങ്കിന്റെ തെരഞ്ഞെടുത്ത ശാഖകളിൽ നബാർഡിന്റെ ഓഡിറ്റർമാരും പരിശോധന നടത്തുന്നു.
എന്നാൽ, ഇത്തരത്തിൽ കാര്യക്ഷമമായ ഓഡിറ്റിങ്ങോ കെ.വൈ.സി മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാനോ വലിയ നിക്ഷേപങ്ങളുള്ള പ്രാഥമിക സഹകരണ സംഘങ്ങളിൽപോലും സഹകരണ വകുപ്പിലെ ചുമതലപ്പെട്ടവർ തയാറാവുന്നില്ല. ഇതു വ്യാജരേഖകൾ ഉപയോഗിച്ചുള്ള വായ്പകൾ തരപ്പെടുത്തുന്നതടക്കം വിവിധ തട്ടിപ്പുകൾക്ക് വഴിയൊരുക്കുന്നു. പുതുതായി ആവിഷ്കരിച്ച് നടപ്പാക്കുന്ന ‘ടീം ഓഡിറ്റ്’ സംവിധാനം നിലവിലെ പ്രശ്നങ്ങൾക്ക് പരിഹാരമാണെന്നാണ് സഹകരണ വകുപ്പ് വൃത്തങ്ങൾ അവകാശപ്പെടുന്നത്.
അതേസമയം, സഹകരണ മേഖലയാകെ തട്ടിപ്പാണെന്ന പ്രചാരണം നല്ല രീതിയിൽ പ്രവർത്തിക്കുന്ന സഹകരണ സംഘങ്ങളെ ബാധിക്കുന്ന സാഹചര്യമാണ്. കേരളബാങ്ക്, അർബൻ ബാങ്ക് ഉൾപ്പെടെയുള്ളവയെയും വലിയൊരുവിഭാഗം സംശയത്തോടെ കാണുന്നു. രാഷ്ട്രീയ ഒത്താശയോടെ ഏതാനും സ്ഥാപനങ്ങളിൽ നടന്ന ക്രമക്കേടുകളും തുടർന്നുണ്ടായ ഇ.ഡി പരിശോധനയുമെല്ലാം സഹകരണ മേഖലക്കാകെ പേരുദോഷം വരുത്തിയെന്നാണ് ഇൗരംഗത്ത് പ്രവർത്തിക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.