കലക്ടർ ഇടപെട്ടു; ശാസ്താംകോട്ട തടാകത്തിൽനിന്ന് പൈപ്പുകൾ നീക്കിത്തുടങ്ങി
text_fieldsശാസ്താംകോട്ട: ജില്ല കലക്ടറുടെ ഇടപെടൽമൂലം വർഷങ്ങളായി തടാകത്തിൽ കിടന്ന കാസ്റ്റ് അയൺ പൈപ്പുകൾ തടാകത്തിൽനിന്ന് നീക്കം ചെയ്ത് തുടങ്ങി. വെള്ളിയാഴ്ച രാവിലെ മുതലാണ് പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിച്ചുവന്ന പൈപ്പുകൾ മാറ്റിത്തുടങ്ങിയത്.
വർഷങ്ങൾക്ക് മുമ്പ് ശാസ്താംകോട്ട തടാകത്തിലെ ജലനിരപ്പ് ക്രമാതീതമായി താഴുകയും ജലവിതരണം പ്രതിസന്ധിയിലാകുകയും ചെയ്ത ഘട്ടത്തിൽ പടിഞ്ഞാറെ കല്ലട കടപുഴയിൽ തടയണ കെട്ടി അവിടെനിന്ന് ജലം പൈപ്പ് വഴി ശാസ്താംകോട്ടയിലെ വാട്ടർ ട്രീറ്റ്മെൻറ് പ്ലാൻറിൽ എത്തിച്ച് ശുദ്ധീകരിച്ച് വിതരണം ചെയ്യുന്നതിന് ആരംഭിച്ച ബദൽ കുടിവെള്ള പദ്ധതിക്കുവേണ്ടി തടാകത്തിൽ ഇറക്കിയിട്ടതായിരുന്നു പൈപ്പുകൾ.
14.50 കോടിയുടെ പദ്ധതി പ്രകാരം കടപുഴയിൽനിന്ന് ശാസ്താംകോട്ടവരെ അഞ്ചു കിലോമീറ്ററോളം പൈപ്പിടീൽ ആരംഭിച്ചെങ്കിലും പദ്ധതിക്കെതിരെ മൺറോതുരുത്ത് അടക്കമുള്ള പഞ്ചായത്തുകൾ പ്രതിഷേധവുമായി രംഗത്തുവന്നതോടെ പണി നിലയ്ക്കുകയും 7.67 കോടി രൂപ ചെലവഴിച്ച പദ്ധതി പിന്നീട് ഉപേക്ഷിക്കുകയുമായിരുന്നു.
ഇതോടെ 2013 മുതൽ തടാകത്തിൽ കായൽ ബണ്ട് ഭാഗത്ത് ഇറക്കിവെച്ച ഉന്നത ഗുണനിലവാരമുള്ള പൈപ്പുകൾ തടാകത്തിലിരുന്ന് നശിക്കുകയായിരുന്നു. പൈപ്പുകൾ ഇറക്കിവെച്ച സമയത്ത് തടാകത്തിൽ വെള്ളമില്ലായിരുന്നു. എന്നാൽ, പിന്നീട് ജലം നിറഞ്ഞതോടെ പൈപ്പുകൾ വെള്ളത്തിൽ മുങ്ങുകയും ഇതിൽനിന്ന് തുരുമ്പ് തടാകത്തിലെ വെള്ളത്തിൽ കലരുകയും ചെയ്യുന്ന അവസ്ഥയുണ്ടായി.
നൂറോളം പൈപ്പുകളാണ് ഈ വിധത്തിൽ തടാകത്തിലിരുന്ന് നശിച്ചിരുന്നത്. പൈപ്പുകൾ നീക്കം ചെയ്യണമെന്ന് നിരവധി തവണ വാട്ടർ അതോറിറ്റി അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഏതെങ്കിലും പ്രാദേശിക കുടിവെള്ള പദ്ധതിക്കുവേണ്ടി ഉപയോഗിക്കണമെന്ന നിർദേശവും നടപ്പായില്ല.
തുടർന്ന് പൊതുപ്രവർത്തകനും ഗ്രാമപഞ്ചായത്ത് മുൻ അംഗവുമായ എസ്. ദിലീപ് കുമാർ ജില്ല ലീഗൽ സർവിസ് അതോറിറ്റിയിൽ പരാതി നൽകുകയും പൈപ്പുകൾ മാറ്റാൻ നടപടി സ്വീകരിക്കാൻ കലക്ടർക്ക് നിർദേശം നൽകുകയും ചെയ്തു. മറ്റ് നിരവധി പൊതുപ്രവർത്തകരും ഇതേ ആവശ്യം ഉന്നയിച്ച് കലക്ടർക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ രണ്ടാഴ്ച മുമ്പ് കലക്ടർ തടാകം സന്ദർശിക്കുകയും പൈപ്പുകൾ നീക്കം ചെയ്യാൻ വാട്ടർ അതോറിറ്റിക്ക് നിർദേശം നൽകുകയും ചെയ്തു.
ഇതിന്റെ അടിസ്ഥാനത്തിലാണ് പൈപ്പുകൾ തടാകത്തിൽനിന്ന് നീക്കം ചെയ്ത് തുടങ്ങിയത്. പൈപ്പുകൾ പൂർണമായും നീക്കം ചെയ്യുന്നതിന് ഒരാഴ്ചത്തെ സമയം വേണ്ടിവരുമെന്നാണ് കണക്കുകൂട്ടുന്നത്. കോവൂർ കുഞ്ഞുമോൻ എം.എൽ.എ, വാട്ടർ അതോറിറ്റി ബോർഡ് മെംബർ ഉഷാലയം ശിവരാജൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻസർ ഷാഫി, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗീത, വൈസ് പ്രസിഡന്റ് ആർ. അജയകുമാർ, പ്രോജക്ട് അസി.എൻജിനീയർ ആനന്ദ്, സംരക്ഷണസമിതി നേതാക്കളായ ശാസ്താംകോട്ട ദിലീപ്, തോപ്പിൽ നിസാർ എന്നിവരുടെ സാന്നിധ്യത്തിലാണ് പൈപ്പ് നീക്കം ചെയ്യൽ ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.