കലക്ടറേറ്റ് സ്ഫോടനക്കേസ്; സാക്ഷി തിരിച്ചറിയാതിരിക്കാൻ തന്ത്രവുമായി പ്രതികൾ
text_fieldsകൊല്ലം: ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നടക്കുന്ന കലക്ടറേറ്റ് ബോംബ് സ്ഫോടനക്കേസ് വിചാരണക്കിടെ, സാക്ഷി തിരിച്ചറിയാതിരിക്കാൻ വേഷത്തിൽ മാറ്റം വരുത്തി പ്രതികൾ.
തിരുവനന്തപുരം സെൻട്രൽ ജയിലിൽ കഴിയുന്ന പ്രതികളെ വിഡിയോ കോൺഫറൻസിങ് വഴിയാണ് ഹാജരാക്കുന്നത്. സാക്ഷി പെട്ടെന്ന് തിരിച്ചറിയാതിരിക്കാൻ രണ്ടും മൂന്നും പ്രതികൾ കോടതിയിൽ ശ്രമിക്കുകയായിരുന്നു. രണ്ടാം പ്രതി ഷംസൂൺ കരിം രാജ (27), മൂന്നാം പ്രതി ദാവൂദ് സുലൈമാൻ (27) എന്നിവർ ഒരേപൊലെ വെള്ള വസ്ത്രം ധരിച്ചാണ് എത്തിയത്. സാധാരണ ഷംസൂൺ കരിം രാജ കണ്ണട വെക്കാറില്ല. വിഡിയോ കോൺഫൻസ് വഴി ഹാജരായപ്പോൾ ദാവൂദ് സുലൈമാന്റെ കണ്ണട ധരിച്ച് ഷംസൂൺ കരീം രാജ ഹാജരാകുകയായിരുന്നു. ഷംസൂൺ കരിം രാജ താടി ചുറ്റിക്കെട്ടി എളുപ്പത്തിൽ തിരിച്ചറിയാതിരിക്കാനും ശ്രമം നടത്തി. സാക്ഷികൾ സാധാരണ വേഷത്തിൽ മാറ്റം വരുത്തിയാണ് ഹാജരായതെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
തുടർന്ന്, സാക്ഷി വിസ്താരവേളയിൽ പ്രതിയെ സാക്ഷി തിരിച്ചറിഞ്ഞു. രണ്ടു സാക്ഷികളെയാണ് വെള്ളിയാഴ്ച വിസ്തരിച്ചത്. പ്രതികൾ ബോംബ് സ്ഫോടനം സംബന്ധിച്ച സന്ദേശങ്ങൾ അയക്കാൻ ഫേസ്ബുക്ക് അക്കൗണ്ട് തയാറാക്കുന്നതിന് ഉപയോഗിച്ച മൊബൈൽ ഫോൺ റീ ചാർജ് ചെയ്തത് കൊല്ലം കോട്ടമുക്കിലെ സിറിൽ ഫെർണാണ്ടസിന്റെ വി ആൻഡ് വി സ്റ്റോഴ്സിൽ നിന്നായിരുന്നു.
ഷംസൂൺ കരീം രാജയെ പത്താം സാക്ഷിയായ സിറിൽ ഫെർണാണ്ടസ് തിരിച്ചറിഞ്ഞു. ഫോൺ റീ ചാർജ് ചെയ്യാൻ 2016 സെപ്റ്റംബർ 12ന് കരീം രാജ കടയിൽ വന്നതായും സ്ഫാടനത്തിനുശേഷം അറസ്റ്റിലായ പ്രതിയെ 2017 മാർച്ച് 13ന് തെളിവെടുപ്പിന് കൊണ്ടുവന്നെന്നും സാക്ഷി മൊഴി നൽകി. ഒമ്പതാം സാക്ഷിയായി അഡ്വ. കല്ലട ബാലചന്ദ്രന്റെ ക്ലർക്ക് ചന്ദ്രബാബുവിനെയും വിസ്തരിച്ചു. ഇനി കേസ് പരിഗണിക്കുന്ന ആഗസ്റ്റ് 16ന് ബി.ജെ.പി തിരുവനന്തപുരം ജില്ല പ്രസിഡന്റായിരുന്ന അഡ്വ. എസ്. സുരേഷിനെ വിസ്തരിക്കും. സാക്ഷി വിസ്താരം ആരംഭിച്ച ദിവസം കോടതി വരാന്തയിൽ പ്രതികൾ അക്രമാസക്തരാകുകയും ജനറൽ ചില്ലുകൾ തകർക്കുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി ജില്ല ഗവ. പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ. ആർ. സേതുനാഥ് ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.