ആദ്യ കുര്‍ബാനക്ക് അനുമതി തേടിയ കുടുംബത്തെ മര്‍ദിച്ചതായി പരാതി
text_fieldsകൊല്ലം: ഒമ്പതു വയസ്സുള്ള മകന്റെ ആദ്യ കുര്‍ബാനക്ക് അനുമതി തേടിപ്പോയ കുടുംബത്തെ മര്‍ദിച്ചതായി പരാതി. തെക്കുംഭാഗം മാലിഭാഗം, കടകപ്പാട്ടിൽ മേക്കതിൽ തോമസ് ഇതുസംബന്ധിച്ച് ചവറ തെക്കുംഭാഗം പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി.
കഴിഞ്ഞ 18ന് തോമസും കുടുംബവും തെക്കുംഭാഗം ലൂര്‍ദ്പുരം സെന്റ് ജോസഫ് ഫെറോന ദേവാലയത്തിലെ പള്ളിമേടയിലെത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. തോമസിനെ ഇരുമ്പ് വടികൊണ്ട് അടിച്ച് മുഖത്ത് പരിക്കേൽപ്പിക്കുകയും കൈ അടിച്ചു പൊട്ടിക്കുകയും ചെയ്തു.
തോമസിന്റെ ഭാര്യ സനിലയെയും ആക്രമിച്ചു. മര്‍ദനത്തില്‍ പരിക്കേറ്റ് കിടന്ന തോമസിനെ ആശ്രുപത്രിയിലേക്ക് കൊണ്ടുപോകാന്‍ അനുവദിക്കാതെ ഗേറ്റുപൂട്ടിയിട്ടതായും ആരോപണമുണ്ട്. കുഞ്ഞുങ്ങളുടെ കരച്ചില്‍കേട്ട നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും ഇവരെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ആരെയും അനുവദിച്ചില്ല. പൊലീസെത്തിയ ശേഷമാണ് ആശുപത്രിയിലേക്ക് മാറ്റിയത്. മർദന വിവരമറിഞ്ഞ് പള്ളിയിലെത്തിയ തോമസിന്റെ പിതാവിനെയും മര്‍ദിച്ചു.
പള്ളിമേടയില്‍ നടന്ന മര്‍ദനത്തിന് പിന്നില്‍ പള്ളിവികാരി ലാസര്‍ എസ്. പട്ടക്കടവാണെന്ന് തോമസും കുടുംബവും വാർത്ത സമ്മേളനത്തിൽ ആരോപിച്ചു. കുഞ്ഞുങ്ങള്‍ നോക്കിനില്‍ക്കെ മാതാപിതാക്കളെ മര്‍ദിച്ചവര്‍ക്കും അതിന് ഗൂഢാലോചന നടത്തിയവർക്കും എതിരെ പരാതി നല്‍കിയിട്ടും ഇതുവരെ നടപടിയൊന്നും എടുത്തിട്ടില്ല.
എന്നാൽ, മർദനത്തിൽ കൈയൊടിഞ്ഞ തോമസിനെതിരെ പൊലീസ് കേസെടുത്തിരിക്കുകയുമാണ്. സംഭവങ്ങളുടെ നിജസ്ഥിതി അറിയുന്നതിനും വികാരിയുടെ പങ്കുമനസ്സിലാക്കുന്നതിനും പള്ളിമേടയിലെ സി.സി.ടി.വി ദൃശ്യങ്ങളും വികാരിയുടെ ഫോണ്‍ കോള്‍ ലിസ്റ്റും പരിശോധിച്ചാല്‍ മതിയെന്നും ഇവര്‍ പറയുന്നു.
മകളുടെ കല്യാണം നടത്താന്‍ ലൂര്‍ദ്പുരം പള്ളി വികാരി തടസ്സം നിന്നതായി മാലി ഭാഗം മൂലവിള തെക്കേ ഇറക്കം സിറിയക് മൈക്കിളും ആരോപിച്ചു. വാര്‍ത്തസമ്മേളനത്തില്‍ തോമസ് ജോര്‍ജ്, സനില തോമസ്, റീത്ത ജോര്‍ജ്, സിറിയക് മൈക്കിള്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.