കൊല്ലം റെയിൽവേ സ്റ്റേഷൻ സമഗ്ര വികസനം; 2025 ല്‍ കമീഷന് ചെയ്യും
text_fieldsകൊല്ലം: റയില്‍വേ സ്റ്റേഷന്റെയും മേഖലയിലെ റെയിൽവേയുമായി ബന്ധപെട്ട മറ്റു വികസന പ്രവർത്തനങ്ങളും വേഗത്തിൽ പൂർത്തീകരിക്കാൻ തീരുമാനം. ചെന്നൈ ദക്ഷിണ റയില്‍വേ ആസ്ഥാനത്ത് എന്‍.കെ. പ്രേമചന്ദ്രന് എം.പിയുടെ സാന്നിധ്യത്തില്‍ ദക്ഷിണ റയില്‍വേ ജനറല്‍ മാനേജര്‍ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിന്റെതാണ് തീരുമാനം.
കൊല്ലം റെയിൽവേ സ്റ്റേഷന്റെ സമഗ്ര പുനര്‍നിര്‍മാണ വികസന പദ്ധതി 2025 ല്‍ കമീഷന് ചെയ്യാനാണ് പ്രധാന തീരുമാനം. ആദ്യ ഘട്ടം 2024 ജനുവരിയില്‍ പൂര്‍ത്തീകരിക്കും. കൊല്ലം സ്റ്റേഷനില്‍ സ്ഥാപിക്കുന്ന ദക്ഷിണ റയില്‍വേ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യുട്ടിന്റെ ഒന്നാം ഘട്ട പ്രവര്‍ത്തികള്‍ പുരോഗമിക്കുകയാണ്.
സ്റ്റേഷനില്‍ മെമു ഷെഡിന്റെ നിർമാണത്തിനുളള കരാര്‍ നല്കി കഴിഞ്ഞു. 20 റേക്കുകളുളള മെമു ട്രെയിനുകള്‍ അറ്റകുറ്റപ്പണി ചെയ്യുന്നതിനുളള സമഗ്രമായ നിർമാണ പ്രവര്‍ത്തികള്‍ക്കാണ് കരാര്‍ നല്‍കിയത്. കൊല്ലം - ചെങ്കോട്ട റൂട്ടിലോടുന്ന ട്രെയിനുകളിലെ പഴയ കോച്ചുകള്‍ മാറ്റി എല്‍.എച്ച്.ബി കോച്ചുകള്‍ ഉള്‍പ്പെടുത്തുന്നതിനുളള നടപടികള്‍ പുരോഗമിച്ചു വരികയാണ്.
പുനലൂര്‍ - ഗുരുവായൂര്‍ എക്സ്പ്രസ് മധുര വരെ ദീര്‍ഘിപ്പിക്കുന്നതിനും വിസ്റ്റോഡോം കോച്ച് ഘടിപ്പിക്കുന്നതിനും വേണ്ടിയുളള ശുപാര്‍ശ റയില്‍വേ ബോര്‍ഡിന് സമര്‍പ്പിച്ചിട്ടുണ്ട്. തിരുനെല്‍വേലി - ഗാന്ധിദാം ഹംസഫര്‍ എക്സിപ്രസിന് കൊല്ലത്ത് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം അംഗീകരിച്ചു ദക്ഷിണ റയില്‍വേ റയില്‍വേ ബോര്‍ഡിന്റെ അനുമതിക്കായി ശുപാര്‍ശ നല്‍കിയിട്ടുണ്ട്.
കൊല്ലം ലോകസഭാ മണ്ഡലത്തിലെ റയിൽവെ വികസനം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനും പുതിയ പദ്ധതികള്‍ തയാറാക്കുന്നതിനും കൂടുതല്‍ സർവീസുകള്‍ ആരംഭിക്കുന്നതിനും വേണ്ടി സ്ഥലം എം.പി ആവശ്യപ്പെട്ടത് അനുസരിച്ചാണ് ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തത്. ദക്ഷിണ റയില്‍വേ ജനറല്‍ മാനേജര്‍ ആര്.എന്‍. സിങ്, ശിവകുമാര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
പ്രധാന തീരുമാനങ്ങൾ
കിളികൊല്ലൂര്‍ റെയില്‍വേ സ്റ്റേഷനിൽ ഫുട് ഓവര്‍ ബ്രിഡ്ജും (120 ലക്ഷം രൂപ) ഒന്നും രണ്ടും പ്ലാറ്റ്ഫോമിന്റെ പ്രവര്‍ത്തി (100 ലക്ഷം) സെപ്റ്റംബര്‍ മാസത്തോടെ പൂര്‍ത്തീകരിക്കും
- ചന്ദനത്തോപ്പ്, തെന്മല, ഇടമണ്‍, കഴുതുരുട്ടി, ഇടപ്പാളയം, ആര്യങ്കാവ്, ന്യൂ ആര്യങ്കാവ് സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോമുകളുടെ വികസനത്തിന് 250 ലക്ഷം.
- കുണ്ടറ റയില്‍വേ സ്റ്റേഷന്റെ രണ്ട് പ്ലാറ്റ്ഫോമുകളുടെ ഷെല്‍ട്ടര്‍ നിർമാണം ഒക്ടോബറില്‍ പൂര്‍ത്തിയാക്കും
- കൊല്ലം എസ്.എന്‍ കോളജ് റെയിൽ ഓവർ ബ്രിഡ്ജ് നിർമാണം, കൂട്ടിക്കട ആര്.ഒ.ബി എന്നിവയുടെ ജി.എ.ഡിക്ക് റയില്‍വേ അംഗീകാരം
- പോളയത്തോട് ആര്.ഒ.ബിയുടെ ജി.എ.ഡിയ്ക്കും അനുമതി
- ഇരവിപുരം ആര്.ഒ.ബി നിർമാണം നവംബറില്‍ പൂര്‍ത്തീകരിക്കും
- ആര്യങ്കാവ്, തെന്മല, കുണ്ടറ, പെരിനാട്, മയ്യനാട്, പരവൂര്‍ സ്റ്റേഷനുകളിലെ സ്റ്റോപ്പുകള്‍ ഘട്ടംഘട്ടമായി പുനസ്ഥാപിക്കും
- പുനലൂര്‍ റയില്‍വേ സ്റ്റേഷന് അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി യാത്ര സൗകര്യങ്ങള്‍ വർധിപ്പിക്കും
- പൂനലൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഒന്നും രണ്ടും പ്ലാറ്റ്ഫോമില്‍ ലിഫ്റ്റ് സ്ഥാപിക്കുവാന്‍ 40 ലക്ഷം രൂപയുടെ ടെണ്ടർ
- ട്രെയിനുകളുടെ ബോഗികളില്‍ വെളളം നിറയ്ക്കുന്നതിനുളള സൗകര്യം സജ്ജമാക്കാനുളള 145 ലക്ഷം രൂപയുടെ പ്രവൃത്തി ആഗസ്റ്റിൽ പൂര്‍ത്തീകരിക്കും.
- പുനലൂര്‍ - ചെങ്കോട്ട പാതയിൽ ഭഗവതിപുരം - ഇടമണ്‍ മേഖലയില്‍ വൈദ്യുതീകരണം ഡിസംബറോടെ പൂര്‍ത്തീകരിക്കും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.