അമ്പലക്കടവ് പുതിയ പാലം പ്രഖ്യാപനത്തിൽ ഒതുങ്ങുമെന്ന് ആശങ്ക
text_fieldsകുളത്തൂപ്പുഴ: അമ്പലക്കടവില്‍ പുതിയ പാലം നിർമിക്കുന്നതിന് 10 കോടി രൂപ അനുവദിച്ചതായി ബജറ്റ് പ്രഖ്യാപനം വന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നടപടികൾ ഒന്നുമായില്ല. ഇതിനിടെ പഴയ പാലത്തിന്റെ തൂണുകൾ ബലപ്പെടുത്തുന്ന ജോലികൾക്ക് കഴിഞ്ഞ ദിവസം തുടക്കമായതോടെ പുതിയ പാലം പ്രഖ്യാപനം മാത്രമായി മാറുമോയെന്ന ആശങ്കയിൽ കുളത്തൂപ്പുഴ നിവാസികൾ.
ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്ത് 2016 ജൂലൈയില്‍ ബജറ്റില്‍ തുക അനുവദിച്ചതായി പ്രഖ്യാപനം വന്നത്. തുടർന്ന് മണ്ണ് പരിശോധന നടത്തി സർവേ നടപടികള്‍ പൂര്‍ത്തിയാക്കി അനുമതിക്കായി സര്‍ക്കാറിലേക്ക് സമര്‍പ്പിച്ചെങ്കിലും എസ്റ്റിമേറ്റിലെ അപാകത നിമിത്തം പദ്ധതി നീളുകയായിരുന്നു. രണ്ടു തവണ പുതുക്കിയ എസ്റ്റിമേറ്റ് സമർപ്പിച്ചെങ്കിലും വർഷങ്ങൾ നീണ്ടതല്ലാതെ തുടർനടപടികൾ നടന്നില്ല. ഇതിനിടെ കഴിഞ്ഞദിവസം മുതൽ പഴയ പാലത്തിന്റെ തൂണുകള്‍ ബലപ്പെടുത്താനുളള നിർമാണ ജോലികള്‍ ആരംഭിച്ചു. ആദ്യ ഘട്ടമായി നീരൊഴുക്ക് നിയന്ത്രിക്കുന്നതിനായി തടയണ നിര്‍മാണം നടക്കുകയാണ്. ഇതോടെ പുതിയ പാലം ഇനി വരില്ലെന്ന ആശങ്കയിലാണ് നാട്ടുകാര്‍. വർഷങ്ങൾക്ക് മുമ്പ് പുതിയ പാലത്തിന്റെ പ്രഖ്യാപനം വന്നതോടെ നിലവിലുള്ള പാലത്തിന്റെ സംരക്ഷണവും അറ്റകുറ്റപണികളും ഉപേക്ഷിച്ച നിലയിലായിരുന്നു ഇക്കാലമത്രയും.
ഇപ്പോൾ പഴയ പാലം ബലപ്പെടുത്തി മോടിപിടിപ്പിച്ച് സംരക്ഷിക്കാനാണ് പൊതുമരാമത്തിന്റെ നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.