ഒന്നര വർഷം മുമ്പ് റിയാദിൽ കാണാതായ യുവാവ് മരിച്ചെന്ന് സ്ഥിരീകരണം
text_fieldsറിയാദ്: കോവിഡിെൻറ ആദ്യ തരംഗകാലത്ത് കാണാതായ മലയാളി യുവാവ് ജീവനൊടുക്കിയതാണെന്നും റിയാദിൽതന്നെ ഖബറടക്കിയെന്നും ഒന്നര വർഷത്തിന് ശേഷം സ്ഥിരീകരണം.
കൊല്ലം കരുനാഗപ്പള്ളി കല്ലേലി സ്വദേശി താജുദ്ദീൻ അഹമ്മദ് കുട്ടിയുടെ (38) തിരോധാനം സംബന്ധിച്ചാണ് ഒടുവിൽ റിയാദ് പൊലീസിെൻറ തീർപ്പുണ്ടായത്. 2020 മേയ് 17ന് റിയാദ് ശിഫയിലെ മൂസാ സനാഇയ ഭാഗത്തെ ഒഴിഞ്ഞ മുറിയിൽ ആത്മഹത്യനിലയിൽ കണ്ടെത്തുകയും ഒരു മാസത്തോളം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചശേഷം ഖബറടക്കുകയും ചെയ്തെന്ന് ശിഫ പൊലീസ് സ്റ്റേഷൻ അധികൃതർ സ്ഥിരീകരിച്ചു.
റിയാദ് അസീസിയയിലെ പച്ചക്കറി മാർക്കറ്റിൽ സെയിൽസ്മാനായിരുന്നു താജുദ്ദീൻ. തുടക്കകാലത്ത് തന്നെ ഇദ്ദേഹത്തിനും ഒപ്പം ജോലിചെയ്തിരുന്ന ബന്ധു ശരീഫിനും കോവിഡ് ബാധിച്ചിരുന്നു. ശരീഫ് മരിച്ചു. ഇതോടെ പരിഭ്രാന്തിയിലായ താജുദ്ദീന് മാനസിക പ്രശ്നമുണ്ടായി. പിന്നീട് കാണാതാവുകയായിരുന്നു. മേയ് 16വരെ നാട്ടിൽ കുടുംബവുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. സാമൂഹിക പ്രവർത്തകരും നാട്ടുകാരും വ്യാപകമായി അന്വേഷിച്ചു. ഒരു വിവരവും ലഭിക്കാത്തതിനാൽ അന്വേഷണങ്ങളെല്ലാം പാതിവഴിയിൽ അവസാനിച്ചു.
ഒന്നര വർഷത്തിന് ശേഷം റിയാദിലെ സാമൂഹികപ്രവർത്തകൻ ശിഹാബ് കൊട്ടുകാട് സ്വന്തം നിലക്ക് അന്വേഷണം പുനരാരംഭിക്കുകയായിരുന്നു. രണ്ടാഴ്ച മുമ്പ് എംബസി അനുമതിയോടെ റിയാദ് ശുമൈസി ആശുപത്രി മോർച്ചറി അധികൃതരെ സമീപിച്ച് അവിടത്തെ രേഖകൾ പരിശോധിച്ചു. ഇതേ പേരുകാരനായ ഒരു ബംഗ്ലാദേശി പൗരെൻറ മൃതദേഹം അവിടെ എത്തിയിരുന്നു എന്ന് കണ്ടെത്തി. വിശദപരിശോധനയിൽ ബംഗ്ലാദേശ് പൗരൻ എന്നത് തെറ്റായി രേഖയിൽ കടന്നുകൂടിയതാണെന്നും വ്യക്തമായി. മൃതദേഹം മോർച്ചറിയിൽ എത്തിയത് ശിഫ പൊലീസ് സ്റ്റേഷൻ വഴിയാണെന്നും മനസ്സിലായി. അജ്ഞാതനെന്ന നിലയിൽ കണ്ടെത്തിയ മൃതദേഹം ബംഗ്ലാദേശിയുടേതാണെന്ന സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ അങ്ങനെ രേഖപ്പെടുത്തപ്പെടുകയായിരുന്നു.
മൃതദേഹം മോർച്ചറിയിൽ ഒരു മാസം വരെ സൂക്ഷിച്ചു. കോവിഡിെൻറ രൂക്ഷകാലമായതിനാൽ നിരവധി മരണങ്ങളും സംഭവിക്കുന്നുണ്ടായിരുന്നു. താജുദ്ദീെൻറ മൃതദേഹം അന്വേഷിച്ച് ആരും വരുന്നില്ല എന്ന് കണ്ടപ്പോൾ അധികൃതർ അത് സംസ്കരിക്കുകയായിരുന്നു. ഭാര്യ: ഷംന. മാതാവും രണ്ട് മക്കളും അഞ്ച് സഹോദരങ്ങളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.