കലാശദിവസം പലയിടത്തും സംഘർഷം
text_fieldsഇരവിപുരം: പ്രചാരണ സമാപനത്തിെൻറ അവസാന നിമിഷം ഇരുമുന്നണികളിലെയും പ്രവർത്തകരും സ്ഥാനാർഥികളും ഒരുമിച്ചെത്തിയത് ദേശീയപാതയിൽ കൊല്ലൂർവിള പള്ളിമുക്കിൽ സംഘർഷാവസ്ഥക്ക് കാരണമാക്കി. എ.സി.പിയുടെ നേതൃത്വത്തിലുള്ള വൻ പൊലീസ് സംഘത്തിെൻറ ഇടപെടൽ മൂലമാണ് സംഘർഷം ഒഴിവായത്.
ഞായറാഴ്ച വൈകീട്ട് ഏഴോടെ ദേശീയപാതയുടെ ഇരുവശത്തുനിന്നുമായി വന്ന പ്രകടനങ്ങൾ പള്ളിമുക്കിൽ മുഖാമുഖം എത്തിയതാണ് സംഘർഷാവസ്ഥക്കിടയാക്കിയത്. യു.ഡി.എഫ് സ്ഥാനാർഥി ബാബു ദിവാകരൻ കൊല്ലം ഭാഗത്തേക്കും എൽ.ഡി.എഫ് പ്രവർത്തകർ തിരുവനന്തപുരം ഭാഗത്തേക്കും പോകാനെത്തുകയായിരുന്നു. ഇരവിപുരം എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം റോഡിന് നടുവിൽ നിലയുറപ്പിച്ചെങ്കിലും പ്രവർത്തകർ മാറിപോകാൻ തയാറായില്ല. ഈ സമയം യു.ഡി.എഫ് സ്ഥാനാർഥി ബാബു ദിവാകരൻ കാറിൽ നിന്നുകൊണ്ട് അഭിവാദ്യം ചെയ്യുന്നുണ്ടായിരുന്നു. സംഘർഷാവസ്ഥയിലേക്ക് നീങ്ങുമെന്ന് കണ്ടതോടെ ഇദ്ദേഹത്തെ പൊലീസ് കാറിലിരുത്തി മുന്നോട്ടുവിട്ടു.
ഈ സമയത്താണ് ഇരു മുന്നണിയിലെയും പ്രവർത്തകർ മുഖാമുഖമെത്തിയത്. ഈ സമയംറോഡിന് എതിർവശത്ത് ലോറിയിൽ നിന്നുകൊണ്ട് പ്രവർത്തകരെ അഭിവാദ്യം ചെയ്തു കൊണ്ടിരുന്ന എം. നൗഷാദ് താഴെയിറങ്ങി വന്ന് എൽ.ഡി.എഫ് പ്രവർത്തകരെ പിരിച്ചുവിട്ട് സംഘർഷാവസ്ഥ ഒഴിവാക്കുകയായിരുന്നു.
കരുനാഗപ്പള്ളിയിൽ എസ്.ഡി.പി.െഎ- എൻ.ഡി.എ സംഘർഷം
കരുനാഗപ്പള്ളി: എസ്.ഡി.പി.ഐയുടെ തെരെഞ്ഞടുപ്പ് പ്രചാരണ സമാപനജാഥ നടക്കുന്നതിടെ ഇരുചക്രവാഹനങ്ങളിലെത്തിയ ബി.ജെ.പി പ്രവർത്തകർ ജാഥക്കരികിലേക്ക് കയറുന്നതിനിടെയുണ്ടായ വാക്കുതർക്കം സംഘർഷത്തിൽ കലാശിച്ചു. ബി.ജെ.പി കുലശേഖരപുരം പഞ്ചായത്തംഗം അജീഷ് അനന്തന് തലക്കടിയേറ്റു. ഇയാളെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് കരുനാഗപ്പള്ളിയിൽ എൻ.ഡി.എ പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു. പൊലീസ് ഇടപെട്ട് ഉപരോധം അവസാനിപ്പിച്ചിരുന്നു. വീണ്ടും പൊലീസ് സ്റ്റേഷന് മുൻവശം ദേശീയപാതയിൽ തടിച്ചുകൂടിയ എൽ.ഡി.എ പ്രവർത്തകരും നേതാക്കളും ദേശീയപാതയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. അജീഷിനെ ആക്രമിച്ചവരെ അറസ്റ്റ് ചെയ്യാതെ ഉപരോധം അവസാനിപ്പിക്കില്ലെന്ന് പറഞ്ഞു. വൈകീട്ട് 7.30ഓടെ കരുനാഗപ്പള്ളി എ.സി.പി നടത്തിയ ചർച്ചയിൽ ഉപരോധം അവസാനിപ്പിക്കുകയായിരുന്നു.
ഞയറാഴ്ച വൈകീട്ട് നാലരയോടെ കരുനാഗപ്പള്ളി പെട്രോൾ പമ്പിനും പോസ്റ്റ് ഓഫിസിനുമിടയിലാണ് സംഭവം. പൊലീസിെൻറ സമയോചിതമായ ഇടപെടൽമൂലമാണ് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകാതിരുന്നത്. സംഭവത്തിൽ എസ്.ഡി.പി ഐ പ്രവർത്തകർക്കും പരിക്കേറ്റതായി പറയപ്പെടുന്നു. പ്രചാരണജാഥയുടെ പിറകുവശത്തേക്ക് ഇടിച്ചുകയറാൻ ഇരുചക്രവാഹനങ്ങളുമായി എത്തിയവരെ തടയുന്നതിടെയാണ് വാക്കുതർക്കവും പ്രശ്നത്തിന് കാരണമായതെന്ന് എസ്.ഡി.പി.ഐ നേതാക്കൾ ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ടു നാല് എസ്.ഡി.പി.ഐ പ്രവർത്തകരുടെ പേരിൽ പൊലീസ് കേസെടുത്തു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.
കലാശദിവസം പലയിടത്തും സംഘർഷം
ചവറ: കുറ്റിവട്ടത്തു നടന്ന പരസ്യപ്രചാരണ സമാപനത്തിനിടെ ഇരു മുന്നണികളുടെയും പ്രവർത്തകർ തമ്മിലുണ്ടായ തർക്കം നേരിയ സംഘർഷത്തിലും ബഹളത്തിലും കലാശിച്ചു. ആർ.വൈ.എഫ് പ്രവർത്തകനായ നജീമിനെ തലക്ക് പരിക്കേറ്റ നിലയിൽ കരുനാഗപ്പള്ളിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേതാക്കളും പൊലീസും ഇടപെട്ടതുകൊണ്ട് കൂടുതൽ പ്രശ്നങ്ങൾ ഒഴിവായി. ഏറെ സമയം ദേശീയ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു.
യു.ഡി.എഫ് സ്ഥാനാർഥി ഷിബു ബേബിജോൺ വൈകീട്ട് തേവലക്കര, പന്മന പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ കാൽനടയായി റോഡ്ഷോ നടത്തിയ ശേഷം വടക്കുംതല മുതൽ കുറ്റിവട്ടം വരെയുള്ള പ്രകടനത്തിൽ പങ്കെടുത്തു. എൽ.ഡി.എഫ് സ്ഥാനാർഥി ഡോ. സുജിത് വിജയൻപിള്ള നിരവധി വാഹനങ്ങളുടെയും പ്രവർത്തകരുടെയും അകമ്പടിയോടെ തുറന്ന വാഹനത്തിൽ റോഡ്ഷോ നടത്തി.
പത്തനാപുരത്തും നേരിയ സംഘർഷം
പത്തനാപുരം: ആവേശം അണപൊട്ടി, പരസ്യപ്രചാരണം കൊട്ടിത്തീര്‍ത്ത് കലാശം. ഇരുവിഭാഗത്തിെൻറയും പ്രചാരണവാഹനങ്ങള്‍ തടയാന്‍ പ്രവര്‍ത്തകര്‍ നടത്തിയ ശ്രമം പൊലീസ് തടഞ്ഞത് ചെറിയതോതില്‍ സംഘര്‍ഷത്തിനിടയാക്കി. തുടര്‍ന്ന് കൂടുതല്‍ കേന്ദ്രസേനാംഗങ്ങളെ വിന്യസിച്ചാണ് പ്രചാരണപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. വൈകീട്ട് മൂന്നോടെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.ബി. ഗണേഷ്കുമാറിെൻറ റോഡ് ഷോ നടന്നു. നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നെങ്കിലും കിഴക്കൻമേഖലയെ ജനസാഗരമാക്കിയാണ് രണ്ട് മണിക്കൂർ കലാശക്കൊട്ട് നടന്നത്.
നാലിന് യു.ഡി.എഫ് സ്ഥാനാര്‍ഥി ജ്യോതികുമാര്‍ ചാമക്കാലയുടെ റോഡ് ഷോ നടന്നു. പത്തനാപുരത്തിന് പുറമെ പിറവന്തൂർ പഞ്ചായത്തിലെ അലിമുക്ക്, വിളക്കുടി പഞ്ചായത്തിലെ കുന്നിക്കോട്, തലവൂർ പഞ്ചായത്തിലെ രണ്ടാംലുംമൂട്, പട്ടാഴി പഞ്ചായത്തിലെ പട്ടാഴി മാർക്കറ്റ് ജങ്ഷൻ, പട്ടാഴി വടക്കേക്കരയിലെ കടുവാത്തോട് എന്നിവിടങ്ങളിലും ചെറിയ തോതില്‍ മുന്നണികൾ പ്രചാരണത്തിെൻറ കലാശക്കൊട്ട് നടത്തി. സ്ഥാനാർഥികൾ രാവിലെ മുതല്‍ പഞ്ചായത്ത് കേന്ദ്രങ്ങളിൽ വീണ്ടും പര്യടനം നടത്തിയിരുന്നു. കൊടികൾ പാറിച്ചും പ്ലക്കാഡുകൾ ഉയർത്തിയും ഫ്ലക്സുകൾ ഉയർത്തി വോട്ട് തേടിയുമായിരുന്നു അവസാനനിമിഷങ്ങള്‍. മിക്ക സ്ഥലങ്ങളിലും വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് പ്രചാരണം അവസാനിച്ചത്. ഏഴ് മണിയോടെ പരസ്യപ്രചാരണം സമാപിച്ചു. വിവിധ മേഖലകളിലായി ഇരുനൂറിലധികം നിയമപാലകരെയാണ് ക്രമസമാധാനത്തിനായി വിന്യസിച്ചിരുന്നത്. പത്തനാപുരം സി.ഐയുടെ നേതൃത്വത്തിലാണ് സുരക്ഷാസംവിധാനം ഒരുക്കിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.