കൊല്ലത്തെ കട തുറക്കൽ കാര്യത്തിൽ കൺഫ്യൂഷൻ തീർക്കേണമേ...
text_fieldsകൊല്ലം: കെണ്ടയ്ൻമെൻറ് സോൺ നിയന്ത്രണം ആണോ, അതോ ടി.പി.ആർ മാനദണ്ഡപ്രകാരം കട തുറക്കാമോ... ഒന്നിലും വ്യക്തതയില്ലാതെ നടപടികളിൽ വലഞ്ഞ് കൊല്ലം നഗരത്തിലെ വ്യാപാരികൾ. കഴിഞ്ഞയാഴ്ച വരെ 'ബി' വിഭാഗത്തിലായിരുന്ന കോർപറേഷൻ പുതുക്കിയ ടി.പി.ആർ പ്രകാരം 'സി' യിലേക്ക് മാറിയതോടെ നിയന്ത്രണം കടുത്തു.
സി വിഭാഗത്തിൽ സമ്പൂർണ ലോക്ഡൗൺ ആയതിനാൽ അവശ്യവസ്തുക്കളുടെ കടകൾ മാത്രം രാവിലെ ഏഴുമുതൽ വൈകുന്നേരം ഏഴുവരെ പ്രവർത്തിക്കാം. മറ്റ് കടകൾക്ക് വെള്ളിയാഴ്ച മാത്രമാണ് പ്രവർത്തനാനുമതി. ഇതനുസരിച്ച് വെള്ളിയാഴ്ച തുറന്ന കടകളും അടപ്പിച്ചു. മെയിൻ റോഡിലെയും ചാമക്കട മാർക്കറ്റിലെയും കടകൾ രാവിലെ മുതൽ അടപ്പിച്ചു. സി വിഭാഗമായതിനാൽ വെള്ളിയാഴ്ച തുറക്കാമല്ലോ എന്ന ചോദ്യത്തിന് കെണ്ടയ്ൻമെൻറ് സോൺ ആയതിനാൽ ഇളവില്ല എന്നായിരുന്നു മറുപടി.
കൊല്ലം കോർപറേഷനിലെ പൂർണമായും കെണ്ടയ്ൻമെൻറ് സോണായ ഡിവിഷനുകളിൽ പോലുമില്ലാത്ത നിയന്ത്രണം അടിച്ചേൽപിക്കുന്നത് എന്തിനാണെന്നാണ് വ്യാപാരികളുടെ ചോദ്യം. കട അടച്ചില്ലെങ്കിൽ പിഴ ഇൗടാക്കുമെന്ന മറുപടിയാണ് ഉദ്യോഗസ്ഥർ നൽകിയത്. അതേസമയം, തുറന്ന വൻകിട സ്ഥാപനങ്ങൾ അടപ്പിക്കാനോ മാനദണ്ഡം പാലിക്കാനോ ഉദ്യോഗസ്ഥർ ചെന്നില്ലെന്നും ആക്ഷേപമുണ്ട്. കൊല്ലം കോർപറേഷനിലെ ടി.പി.ആർ 11.44 ആണ്.
കഴിഞ്ഞയാഴ്ചയിൽ ഇതേ ശരാശരിയിൽ ടി.പി.ആർ ആയിരുന്നപ്പോൾ ബി കാറ്റഗറിയിലായിരുന്നു. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ കടകൾ തുറക്കാൻ അനുമതി ഉണ്ടായിരുന്നു. സംസ്ഥാനത്ത് ടി.പി.ആർ മാനണ്ഡം പുതുക്കിയപ്പോൾ കോർപറേഷൻ സിയിലേക്ക് വന്നു. നഗരപ്രദേശത്ത് ഒരു ഡിവിഷനും കെണ്ടയ്ൻമെൻറ് സോണിൽ അല്ല.
കോർപറേഷനിലെ കുരീപ്പുഴ, നീരാവിൽ, അഞ്ചാലുംമൂട്, കടവൂർ, മതിലിൽ, വാളത്തുംഗൽ, ആക്കോലിൽ, തെക്കുംഭാഗം, ഇരവിപുരം, ഭരണിക്കാവ്, തെക്കേവിള ഡിവിഷനുകളാണ് പൂർണമായി കെണ്ടയ്ൻമെൻറ് സോണിലുള്ളത്.
ഇവിടെയില്ലാത്ത നിയന്ത്രണങ്ങളാണ് നഗരപ്രദേശത്ത് വെള്ളിയാഴ്ച നടപ്പാക്കിയതെന്നാണ് പരാതി. വ്യക്തതയില്ലാത്ത കാറ്റഗറി നിർണയത്തിനെതിരെ പ്രതിഷേധത്തിലാണ് വ്യാപാരികൾ. കാറ്റഗറി, കെണ്ടയ്ൻമെൻറ് സോൺ എന്നിവ സംബന്ധിച്ച് വ്യക്തമാകുംവിധം നിർദേശങ്ങൾ പുറത്തിറക്കണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.