കുലശേഖരപുരത്ത് കോൺഗ്രസ്-സി.പി.എം സംഘർഷം; 12 പേർക്ക് പരിക്ക്
text_fieldsകരുനാഗപ്പള്ളി: കുലശേഖരപുരം പഞ്ചായത്ത് ഓഫിസിൽ യു.ഡി.എഫ് പഞ്ചായത്ത് അംഗങ്ങളും സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവർത്തകരും തമ്മിൽ സംഘർഷം. ഇരു ഭാഗത്തുനിന്ന് 12 പേർക്ക് പരിക്കേറ്റു. യു.ഡി.എഫ് പഞ്ചായത്ത് അംഗങ്ങളായ യൂസഫ്കുഞ്ഞ്, ഇർഷാദ് ബഷീർ, ഷാലി, ദീപക്, സൗമ്യ, സ്നേഹലത എന്നിവർക്കും കോൺഗ്രസ് ഓച്ചിറ ബ്ലോക്ക് പ്രസിഡൻറ് നീലികുളം സദാനന്ദൻ, ആദിനാട് മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് കെ.എം. നൗഷാദ്, മുൻ പഞ്ചായത്തംഗം എൻ. രാജു എന്നിവർക്കും സി.പി.എം ബ്രാഞ്ച് സെക്രട്ടറി ലിനേഷ്, ഡി.വൈ.എഫ്.ഐ പ്രവർത്തകരായ രഞ്ജിത്, വി.പി. കൃഷ്ണൻ എന്നിവർക്കുമാണ് പരിക്കേറ്റത്. ഇരു ഭാഗത്തിലുമുള്ള 12 പേരും കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ ചികിത്സ തേടി.
വെള്ളിയാഴ്ച ഉച്ചക്ക് 12 ഓടെയാണ് സംഭവം. പഞ്ചായത്തോഫിസിൽ യു.ഡി.എഫ് മെംബർമാരും കോൺഗ്രസ് നേതാക്കളും എത്തി പഞ്ചായത്ത് പ്രസിഡൻറിന് നിവേദനം നൽകുന്നതിനിടെ സമീപമുണ്ടായിരുന്ന സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവർത്തകരുമായി വാക്കേറ്റവും സംഘർഷവുമുണ്ടാകുകയായിരുന്നു. താലൂക്കാശുപത്രിയിൽ വിവരമറിഞ്ഞെത്തിയ കോൺഗ്രസ്-സി.പി.എം പ്രവർത്തകരും തമ്മിൽ വൈകീട്ട് മൂന്നോടെ വാക്കേറ്റവും സംഘർഷവും ഉണ്ടായെങ്കിലും പൊലീസെത്തി നിയന്ത്രിച്ചു.
വ്യാഴാഴ്ച കുലശേഖരപുരം കുടുംബാരോഗ്യകേന്ദ്രത്തിലെത്തി യു.ഡി.എഫ് പഞ്ചായത്ത് അംഗം ഇർഷാദ് ബഷീർ മെംബർമാർക്ക് നൽകിവരുന്ന വാക്സിൻ ക്വോട്ടയിൽ പക്ഷപാതപരമാെണന്ന് മെഡിക്കൽ ഓഫിസറെ കണ്ട് പരാതി അറിയിച്ചിരുന്നു. ഈ വിഷയം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇത് സംബന്ധിച്ച് നിവേദനം നൽകാനെത്തിയപ്പോഴാണ് സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകർ അക്രമം അഴിച്ചുവിട്ടതെന്ന് പറയുന്നു.
ഇർഷാദ് ബഷീറിെൻറ നേതൃത്വത്തിൽ യു.ഡി.എഫ് അംഗങ്ങളും കോൺഗ്രസ് നേതാക്കളും പഞ്ചായത്ത് പ്രസിഡൻറ് ക്യാബിലെത്തി പ്രശ്നങ്ങൾ സൃഷ്ടിക്കുകയും അസഭ്യം പറയുകയും ചെയ്തതായും സി.പി.എം ആരോപിച്ചു. സംഭവത്തിെൻറ പേരിൽ ഇരുവിഭാഗവും പൊലീസിൽ പരാതി നൽകി. സംഭവത്തിൽ യു.ഡി.എഫ് വൈകീട്ട് ആദിനാട് കൊച്ചാലുംമൂട്ടിൽ നിന്ന് കുഴിവേലി ജങ്ഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. പൊലീസ് തടഞ്ഞതോടെ പ്രവർത്തകർ യോഗം നടത്തി പിരിഞ്ഞു. കുലശേഖരപുരത്ത് സി.പി.എം-കോൺഗ്രസ് സംഘർഷം നിലനിൽക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.