കൊല്ലത്തിന് കരുതലോടെ കൈത്താങ്ങ്
text_fieldsകൊല്ലം: ജില്ലയിൽനിന്നുള്ള ആദ്യ ധനമന്ത്രിയുടെ കന്നി ബജറ്റിൽ കൊല്ലത്തിന് കരുതലോടെയുള്ള കൈത്താങ്ങ്. മന്ത്രി കെ.എൻ. ബാലഗോപാൽ വെള്ളിയാഴ്ച അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ ജില്ലയുടെ മുഖമുദ്രയായ ടൂറിസം മേഖലക്ക് പ്രാമുഖ്യം ലഭിച്ചു. 50 കോടിയുടെ രണ്ട് ടൂറിസം സർക്യൂട്ട് പദ്ധതികളിലൊന്ന് കൊല്ലത്താണ്.
ഇതുകൂടാതെ അഞ്ചുകോടി വകയിരുത്തുന്ന ആംഫിബിയൻ വാഹന സൗകര്യത്തിലും ജില്ലയുടെ വിനോദസഞ്ചാരത്തിന് പ്രഥമ പരിഗണന ലഭിച്ചു. ശ്രീനാരായണ ഗുരു ഒാപൺ സർവകലാശാലക്ക് 10 കോടി, ആർ. ബാലകൃഷ്ണപിള്ളയുടെ സ്മാരകത്തിന് രണ്ടുകോടി എന്നിവ ജില്ലയിലെ വിദ്യാഭ്യാസ, സാംസ്കാരിക മേഖലക്കുള്ള കരുതലായി.
കൂടാതെ കൊല്ലം കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിന് ആധുനിക മുഖം കൈവരുമെന്ന പ്രഖ്യാപനവും ഏറെ നാളായുള്ള ആവശ്യത്തിന് മറുപടിയാണ്. തീരസംരക്ഷണത്തിനുള്ള വിവിധ പദ്ധതികളും തീരദേശപാതയും അനുബന്ധ വഴിയോര സൗകര്യ കേന്ദ്രങ്ങളും ഉൾപ്പെടുന്ന വികസന പാക്കേജും മത്സ്യസംസ്കരണ^ മൂല്യവർധിത ഉൽപന്നങ്ങളുടെ നിർമാണത്തിനുള്ള പശ്ചാത്തല വികസനപദ്ധതിയും തോട്ടം മേഖലക്ക് ലഭിച്ച പരിഗണനയും ഏറെ സാധ്യതയും പ്രതീക്ഷയും നൽകുന്നുണ്ട്.
ഉണർേവകാൻ ടൂറിസം സർക്യൂട്ട്
വിനോദസഞ്ചാര ഭൂപടത്തിൽ ജില്ല ഇതിനകമുണ്ടാക്കിയ അടയാളപ്പെടുത്തലിന് അംഗീകാരമായി, പ്രഖ്യാപിച്ച രണ്ട് പ്രധാന പദ്ധതികളിലും കൊല്ലം പരിഗണിക്കപ്പെട്ടു.
കോവിഡ് രൂക്ഷത കുറയുന്നതിനനുസരിച്ച് ടൂറിസം മേഖലയിൽ പുത്തനുണർവ് നൽകാൻ ലക്ഷ്യമിട്ട് പ്രഖ്യാപിച്ച രണ്ട് സർക്യൂട്ട് ടൂറിസം പദ്ധതികളിൽ ഒന്നായി അഷ്ടമുടിക്കായൽ, മൺറോതുരുത്ത്, കൊട്ടാരക്കര മീൻപിടിപ്പാറ, മുട്ടറ മരുതിമല, ജടായുപാറ, തെന്മല, അച്ചൻകോവിൽ എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങൾ ബന്ധിപ്പിച്ച് ജൈവ വൈവിധ്യ സർക്യൂട്ട് നിലവിൽവരും. ഇത് ജില്ലയിലെ മൊത്തത്തിലുള്ള ടൂറിസം വികസനത്തിന് പുതിയ കാൽവെപ്പാകും. മലബാർ ലിറ്റററി സർക്യൂട്ടും കൂടി ഉൾപ്പെടുന്ന ഇൗ പദ്ധതിക്കായി 50 കോടിയാണ് വകയിരുത്തിയിട്ടുള്ളത്.
വിനോദസഞ്ചാരികളെ ആകർഷിക്കുന്ന പദ്ധതിയുടെ ഭാഗമായി ജലാശയങ്ങളിലും കരയിലും സഞ്ചരിക്കുന്ന ആംഫിബിയൻ വാഹന സൗകര്യം ഏർപ്പെടുത്തുന്ന സ്ഥലങ്ങളിൽ ആദ്യ ഘട്ടത്തിൽതന്നെ കൊല്ലവും ഇടംപിടിച്ചിട്ടുണ്ട്. കൊച്ചിയും തലശ്ശേരിയുമാണ് മറ്റ് സ്ഥലങ്ങൾ. അഞ്ച് കോടിയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. 30 കോടി സർക്കാർ വിഹിതമായി നൽകി നടപ്പാക്കുന്ന ടൂറിസം പുരനുജ്ജീവന പാക്കേജ് യാഥാർഥ്യമാകുേമ്പാൾ ജില്ലയിലെ വിനോദസഞ്ചാര മേഖലക്ക് കൂടുതൽ സഹായം പ്രതീക്ഷിക്കാം.
വരും ആധുനിക ബസ് ടെർമിനൽ
ബജറ്റിൽ ഗതാഗത മേഖലയിലേക്ക് അനുവദിച്ച രണ്ട് പ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതിയിൽ ഒന്ന് സ്വന്തമാക്കി കൊല്ലം. ഏറെനാളത്തെ ആവശ്യമായിരുന്ന ആധുനിക ബസ് ടെർമിനൽ കൊല്ലം നഗരത്തിന് ലഭിക്കും. അഷ്ടമുടിക്കായലിെൻറ തീരത്തുള്ള നിലവിലെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിമിതമായ സൗകര്യങ്ങളാൽ വീർപ്പുമുട്ടുന്ന സ്ഥിതിയാണ്.
പുതിയ ടെർമിനൽ വരുന്നതോടുകൂടി ബസ് സ്റ്റാൻഡ് പ്രവർത്തനം സുഗമമാകുന്നതിനൊപ്പം തിരക്കേറിയ ഷോപ്പിങ് കേന്ദ്രവും സജ്ജമായാൽ അതുവഴി വരുമാനത്തിനും വഴിതുറക്കും. ഇവിടെ കായൽ ടൂറിസം കൂടി ലക്ഷ്യമിട്ടുള്ള ടെർമിനൽ വേണമെന്നാണ് വർഷങ്ങളായി ആവശ്യമുയർന്നിരുന്നത്.
ശ്രീനാരായണ ഗുരു ഒാപൺ സർവകലാശാലക്ക് 10 കോടി
ജില്ലയിലെ ഉന്നത വിദ്യാഭ്യാസ രംഗത്തിന് പുതിയ ഏടായി കഴിഞ്ഞവർഷം ഒക്ടോബർ രണ്ടിന് ആരംഭിച്ച ശ്രീനാരായണ ഗുരു ഒാപൺ സർവകലാശാലക്ക് 10 കോടി രൂപ ബജറ്റിൽ അധികമായി വിലയിരുത്തി. സർവകലാശാലക്ക് അടിസ്ഥാന സൗകര്യം അടിയന്തരമായി ഒരുക്കുന്നതിനാണ് ഇൗ തുക അനുവദിച്ചത്. കൊല്ലം കുരീപ്പുഴയിലാണ് നിലവിലെ താൽക്കാലിക ആസ്ഥാനം പ്രവർത്തിക്കുന്നത്.
ബാലകൃഷ്ണപിള്ളക്ക് സ്മാരകം
അന്തരിച്ച മുൻ മന്ത്രി ആർ. ബാലകൃഷ്ണപിള്ളയുടെ സ്മാരകത്തിനായി രണ്ടുകോടിയും അനുവദിച്ചിട്ടുണ്ട്. പിള്ളയുടെ സ്വന്തം മണ്ഡലമായിരുന്ന കൊട്ടാരക്കരയിൽ രണ്ടുകോടി ചെലവിലാണ് സ്മാരകം ഉയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.