കളിക്കളത്തിനായുള്ള സ്ഥലത്ത് കെട്ടിട നിർമാണം; പ്രതിഷേധം ശക്തം
text_fieldsഇരവിപുരം: കളിക്കളത്തിനായുള്ള സ്ഥലത്ത് സ്കൂൾ കെട്ടിട നിർമാണം നടത്തുവാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം. തട്ടാമലയിലുള്ള ഇരവിപുരം ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ കളിസ്ഥലത്ത് വൊക്കേഷനൽ ഹയർ സെക്കൻഡറിക്ക് കെട്ടിടം നിർമിക്കാനുള്ള നീക്കത്തിനെതിരെയാണ് പ്രതിഷേധം ഉയർന്നത്. ബുധനാഴ്ച ഉച്ചക്ക് ഒന്നോടെ നിർമാണത്തിന് മുന്നോടിയായുള്ള മണ്ണ് പരിശോധന ആരംഭിച്ചപ്പോഴാണ് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിദ്യാർഥികൾക്കൊപ്പം പ്രതിഷേധവുമായി എത്തിയത്. സ്കൂളിന് തൊട്ടരികിലായി എൽ.പി സ്കൂൾ പൊളിച്ചുമാറ്റിയ സ്ഥലം കളിസ്ഥലത്തിന് മാറ്റിയിട്ടിരിക്കുകയാണെന്ന് പ്രതിഷേധവുമായെത്തിയവർ പറയുന്നു.
1500ഓളം കുട്ടികൾ പഠിക്കുന്ന സ്കൂളിനായി ഇവിടെ കെട്ടിടം കെട്ടിയാൽ കുട്ടികൾക്ക് കളിക്കാൻ സ്ഥലം ഇല്ലാതാകുമെന്നാണ് നാട്ടുകാരും പ്രതിഷേധക്കാരും പറയുന്നത്. മണ്ണ് പരിശോധന നടക്കുന്ന സ്ഥലത്തും കുട്ടികളുടെ പ്രതിഷേധമുണ്ടായി. തുടർന്ന് ഹെഡ്മിസ്ട്രസ്, പ്രിൻസിപ്പൽ എന്നിവരുമായി പ്രതിഷേധക്കാർ ചർച്ച നടത്തി.
കോൺഗ്രസ് മണക്കാട് മണ്ഡലം പ്രസിഡന്റ് പാലത്തറ രാജീവ്, ഇരവിപുരം മണ്ഡലം പ്രസിഡന്റ് കമറുദ്ദീൻ, ബ്ലോക്ക് ഭാരവാഹികളായ മണിയംകുളം കലാം, എസ്. അൻസർ, നാസർ പന്ത്രണ്ടു മുറി, അനസ് പിണയ്ക്കൽ, സനോഫർ, യൂത്ത് കോൺഗ്രസ് ജില്ല വൈസ് പ്രസിഡന്റ് അസൈൻ പള്ളിമുക്ക്, ഷാജി ഷാഹുൽ, ഇരവിപുരം അസംബ്ലി മണ്ഡലം പ്രസിഡന്റ് പിണയ്ക്കൽ ഫൈസ്, ഐ.എൻ.ടി.യു.സി നേതാവ് കടകംപള്ളി മനോജ്, ആരിഫ് എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.