മത്സ്യത്തൊഴിലാളികൾക്ക് കെണിയൊരുക്കി നീണ്ടകര പാലം നിർമാണം; പ്രതിഷേധം
text_fieldsകൊല്ലം: ദേശീയപാത വികസനത്തിന്റെ ഭാഗമായി നീണ്ടകരയിൽ പുതിയ പാലം നിർമാണം നടക്കുന്നത് മത്സ്യത്തൊഴിലാളികൾക്ക് അപകടക്കെണിയായി മാറുന്നു. നിർമാണപ്രവർത്തനങ്ങൾക്ക് വേണ്ടി ലോഹത്തൂണുകളും മറ്റ് സാമഗ്രികളും കായലിൽ അലസമായാണ് സ്ഥാപിച്ചിരിക്കുന്നത്. ഇത് കാരണം രാത്രികാലങ്ങളിൽ മത്സ്യബന്ധനത്തിന് പോകുന്ന വള്ളങ്ങളും ബോട്ടുകളും നിരന്തരം അപകടത്തിൽപെടുന്നതായി മത്സ്യതൊഴിലാളികൾ ആരോപിക്കുന്നു.
മുന്നറിയിപ്പിന് മുമ്പ് കായലിൽ സ്ഥാപിച്ചിരുന്ന സിഗ്നൽ ലൈറ്റൊന്നും ഇപ്പോൾ പ്രവൃത്തിക്കുന്നില്ല. കഴിഞ്ഞ ദിവസവും ഒരു വള്ളത്തിന് അപകടമുണ്ടായി. ഭീമമായ നഷ്ടമാണ് നേരിട്ടത്. അടിയന്തരമായി അപകടക്കെണികൾ ഒഴിവാക്കി സുരക്ഷിത മത്സ്യബന്ധനത്തിന് വഴിയൊരുക്കണമെന്ന ആവശ്യമാണുയരുന്നത്.
പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കുകയും, നഷ്ടം സംഭവിച്ചവർക്ക് അടിയന്തരമായി നഷ്ടപരിഹാരം നൽകുകയും വേണമെന്ന് ദേശീയ മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.
അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ മത്സ്യത്തൊഴിലാളികളെ സംഘടിപ്പിച്ച് കായൽ ഉപരോധിക്കുകയും, പണി നിർത്തിവെപ്പിക്കുകയും ചെയ്യാനും ജില്ല കമ്മിറ്റി തീരുമാനിച്ചു. ജില്ല പ്രസിഡന്റ് എസ്.എഫ്. യേശുദാസൻ അധ്യക്ഷത വഹിച്ചു. നേതാക്കളായ കെ. സുഭഗൻ, ചവറ ഗോപകുമാർ, ഗിരീഷ് മേച്ചേഴ്ത്ത്, എ.സി. ജോസ്, റീനാ നന്ദിനി വല്യത്ത്, അൽഫോൺസ് ഫിലിപ്, ശിവലാൽ, ഡി. ബിജു, സുനിൽ സിപ്രിയാൻ, റോയി ഓസ്റ്റിൻ, ജോസഫ് ദാസൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.