ഇഴഞ്ഞിഴഞ്ഞ് കൊല്ലം തോട് പാർശ്വഭിത്തി നിർമാണം
text_fieldsകൊല്ലം: കൊല്ലം തോടിന്റെ പാർശ്വഭിത്തി നിർമാണം ഇഴയുന്നതായി പരാതി. നഗരത്തിന്റെ നാഡിയായി ഒഴുകുന്ന കൊല്ലം തോടിന് സംരക്ഷണ ഭിത്തിയൊരുക്കാൻ പുതിയ എസ്റ്റിമേറ്റ് പ്രകാരം 31കോടി അനുവദിച്ചിരുന്നു.കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നഗരത്തിനുള്ളിൽ കല്ലുപാലത്ത് ആരംഭിച്ച് താന്നി വരെ നീളുന്ന ഭാഗത്ത് കൊല്ലം തോടിന് സംരക്ഷണ ഭിത്തി നിർമിക്കാനാണ് പുതുക്കിയ എസ്റ്റിമേറ്റ് വഴി കൂടുതൽ തുകയും അനുവദിച്ചിരുന്നത്. ആറുവർഷം മുമ്പുള്ള എസ്റ്റിമേറ്റ് പ്രകാരം 23.81 കോടി രൂപയായിരുന്നു പദ്ധതിതുക.
ഉടൻ നിർമാണം ആരംഭിക്കുന്നതിന്റെ ഭാഗമായാണ് എസ്റ്റിമേറ്റ് പുതുക്കിനൽകിയയത്. തോടിന്റെ കര ബലപ്പെടുത്തുന്ന നിർമാണം നടത്തുമെന്നും റോഡിനോട് ചേർന്ന ഭാഗങ്ങളിൽ സംരക്ഷണഭിത്തികൂടാതെ വേലിയും ഉണ്ടാകുമെന്നായിരുന്നു വാഗ്ദാനങ്ങൾ. ഈ രണ്ട് പ്രവൃത്തികളും കൂട്ടിച്ചേർത്തതോടെയാണ് എസ്റ്റിമേറ്റ് പുതുക്കി നൽകിയിരുന്നത്. ഭാവിയിൽ തീരദേശ ഹൈവേ വരുന്ന മേഖലയായതിനാലാണ് കരബലപ്പെടുത്തൽ നിർമാണപ്രവൃത്തികൾ കൂട്ടിച്ചേർത്തത്. എന്നാൽ, നിർമാണം തുടങ്ങി നാളുകളായിട്ടും നിർമാണപ്രവർത്തനങ്ങൾ ഇഴയുന്നതായാണ് നാട്ടുകാരുടെ പരാതി.
രണ്ടുമാസങ്ങൾക്ക് മുമ്പ് തോടിന്റെ കര ബലപ്പെടുത്തുന്നതിനിടെ രണ്ട് കടമുറികൾ തകർന്നുവീണിരുന്നു. കല്ലുപാലത്തിന്സമീപം രാജൻ നടത്തിയിരുന്ന രാജൻ ഫ്ലവർമാർട്ടാണ് തകർന്നത്. അശാസ്ത്രീയ നിർമാണമാണ് കര ഇടിയാൻ കാരണമെന്ന് അന്ന് നാട്ടുകാർ ആരോപിച്ചിരുന്നു. സ്ഥലത്ത് പാർശ്വഭിത്തി നിർമാണത്തിനായി മണ്ണെടുപ്പ് ആരംഭിച്ചപ്പോൾ തന്നെ രാജന്റെ കടകളുടെ ഭിത്തിയിൽ വിള്ളൽ വീണിരുന്നു. തുടർന്നാണ് കടമുറികൾ തോട്ടിലേക്ക് പതിച്ചത്.
വീണ്ടും പണി തുടരുന്നെങ്കിലും കെട്ടിടങ്ങൾ നിൽക്കുന്ന വശത്തുനിന്ന് മണ്ണ് നീക്കം ചെയ്ത് താഴ്ഭാഗം കോൺഗ്രീറ്റ് ചെയ്യുന്ന പ്രവർത്തികളാണ് നടക്കുന്നത്. മണ്ണ് മാറ്റുന്നത് നിലവിലുള്ള കെട്ടിടങ്ങൾക്കും ഭീഷണിയാകുന്ന അവസ്ഥയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.