ആശ്രാമത്തെ 'അഷ്ടശിൽപ' നിർമാണം തടഞ്ഞു, വേദനയെന്ന് കലാകാരന്മാർ
text_fieldsകൊല്ലം: ആശ്രാമം മൈതാനത്തെ ശിൽപ നിർമാണം പ്രതിഷേധക്കാർ തടഞ്ഞു. അതേസമയം, കാര്യമില്ലാത്ത എതിർപ്പാണെന്നും ശിൽപ നിർമാണം പാതിവഴിയിൽ നിർത്തേണ്ടി വരുന്നത് വേദനയാണെന്നും കലാകാരന്മാർ. കേരള ലളിതകല അക്കാദമിയും ജില്ല ടൂറിസം പ്രമോഷൻ കൗൺസിലും ചേർന്ന് ആശ്രാമം മൈതാനത്തിെൻറ ഒരുവശത്ത് 50 മീറ്റർ പരിധിയിലാണ് എട്ട് ശിൽപം നിർമിക്കാൻ തീരുമാനിച്ചത്. 'അഷ്ടശിൽപ'എന്ന പേരിൽ 18 നാണ് സിമൻറ് മാധ്യമമായുള്ള ശിൽപ നിർമാണം തുടങ്ങിയത്.
നടപ്പാതക്ക് സമാന്തരമായി ശിൽപം നിർമിച്ച ശേഷം ചുറ്റുപാടും പൂന്തോട്ടം ഒരുക്കാനായിരുന്നു പദ്ധതി. രാവിലെയും വൈകീട്ടും നടക്കാനെത്തുന്നവർക്ക് ഉൾപ്പടെ ആസ്വദിക്കത്തക്ക വിധമാണ് പദ്ധതി ആസൂത്രണം ചെയ്തത്. ശിൽപ നിർമാണ ശിൽപശാല ആരംഭിച്ച ശേഷമാണ് വിവാദവും പ്രതിഷേധവും തലപൊക്കിയത്.
ആശ്രാമം മൈതാനത്തെ കോൺക്രീറ്റ് വനമാക്കുെന്നന്ന പ്രചാരണം ശക്തമായതോടെ വിവിധ സംഘടനകൾ പ്രതിഷേധവുമായെത്തി. വ്യാഴാഴ്ച കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രതിേഷധം നടന്നു. സമരത്തിനിടെ ശിൽപനിർമാണത്തിനുള്ള സാമഗ്രികൾ വലിച്ചെറിഞ്ഞു.
ഇതോടെയാണ് നിർത്തിവെക്കാൻ തീരുമാനിച്ചത്. ശിൽപ നിർമാണത്തെ വെറും കോൺക്രീറ്റ് പ്രവൃത്തിയായി കാണുന്നത് വേദനയുളവാക്കുന്നതാണെന്ന് കലാകാരന്മാർ പ്രതികരിച്ചു. പരിസ്ഥിതിക്ക് നാശമുണ്ടാക്കാതെ ആസ്വാദനത്തിനു ഉതകും വിധമുള്ള ശിൽപനിർമാണത്തെ എതിർക്കുന്നത് എന്തുകൊണ്ടെന്ന് അറിയില്ല.
സംസ്ഥാനത്തിനകത്തും പുറത്തും ഇത്തരം സിമൻറ് ശിൽപങ്ങൾ നിലകൊള്ളുന്നു. അവിടെയൊന്നും ആർക്കും എതിർപ്പില്ല. ആശ്രാമം മൈതാനത്തിനു ചുറ്റും വലിയ കോൺക്രീറ്റ് കെട്ടിടങ്ങൾ ഉയരുമ്പോഴും എതിർക്കാത്തവർ ആർക്കും ദ്രോഹം ചെയ്യാത്ത ശിൽപ നിർമാണത്തെ എതിർക്കുന്നത് ഖേദകരമാണെന്ന് കലാകാരന്മാർ പ്രതികരിച്ചു. തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി ഉണ്ടാക്കുന്ന വിവാദങ്ങളിൽ കലയെ വലിച്ചിഴക്കരുതെന്നും അവർ അഭ്യർഥിച്ചു.
ആശ്രാമത്തിനു കൂടുതൽ ഭംഗി പകരുകയെന്ന ലക്ഷ്യത്തിലാണ് ശിൽപനിർമാണം തുടങ്ങിയതെന്ന് എട്ട് ശിൽപികളിൽ ഒരാളായ കെ.വി. ജ്യോതിലാൽ പ്രതികരിച്ചു.
മൈതാനത്ത് എത്തുന്നവർക്ക് വിശ്രമിക്കാൻ ഉതകും വിധമായിരുന്നു നിർമാണം. രാവിലെയും വൈകീട്ടും നടക്കാൻ വരുന്നവർക്ക് ഉൾെപ്പടെ ആസ്വാദനമുണ്ടാക്കും വിധം തുടങ്ങിയ നിർമാണം ആറാം ദിനത്തിൽ നിർത്തേണ്ടി വരുന്നത് വളരെ വിഷമകരമാണെന്നും അദ്ദേഹം പ്രതികരിച്ചു.
ലളിതകലാ അക്കാദമിയുടെ ചരിത്രത്തിൽ ആദ്യമായാണ് ശിൽപനിർമാണം പാതിവഴിയിൽ നിർത്തേണ്ടി വന്നതെന്ന് മാനേജർ എ.എസ്. സുഗതകുമാരി പറഞ്ഞു. സംസ്ഥാനത്തെ ജില്ലകളിലെല്ലാം ഇത്തരത്തിൽ സിമൻറ് ശിൽപം അക്കാദമിയുടെ നേതൃത്വത്തിൽ സ്ഥാപിച്ചിട്ടുണ്ട്.
എല്ലായിടത്തും ശിൽപങ്ങളെ കൈനീട്ടി ആൾക്കാർ വരവേറ്റു. ആശ്രാമത്ത് ശിൽപനിർമാണം പകുതിക്ക് നിർത്തേണ്ടി വരുന്നത് സങ്കടകരമായ അവസ്ഥയാണ്. ശിൽപം എന്ന രീതിയിൽ കാണാതെ കൺസ്ട്രക്ഷൻ എന്ന നിലയിലേക്ക് മാറ്റുന്നത് സങ്കടകരമാണെന്നും അവർ പറഞ്ഞു.
ശിൽപ നിർമാണം വിവാദമായതോടെ എതിർത്തും അനുകൂലിച്ചും വാദങ്ങൾ ഉയരുകയാണ്. മൈതാനത്ത് സ്ഥിരമായി നടക്കാനെത്തുന്നവരിൽ ഭൂരിഭാഗവും ശിൽപ നിർമാണത്തെ അനുകൂലിക്കുന്നു.പരിസ്ഥിതിക്ക് ദോഷമില്ലാതെ ഇത്തരം നിർമിതികൾ കലാസ്വാദകർക്കും കലാകാരന്മാർക്കും പ്രചോദനമെന്നായിരുന്നു അഭിപ്രായം.
വൻകിട കോൺക്രീറ്റ് നിർമിതികൾ മൈതാനത്തും പരിസത്തും വന്നിട്ടും വലിയ എതിർപ്പില്ലായിരുന്നു. ചെറിയ സ്ഥലപരിധിയിൽ ശിൽപങ്ങൾ വരുന്നതിനെ മാത്രം വലിയ കുറ്റമായി കാണുന്നതെന്തിനാണെന്നും ചോദ്യം ഉയരുന്നു. പ്രതിഷേധിക്കുന്നവർ ചുറ്റുമുള്ള വൻകിട കെട്ടിടങ്ങൾ പൊളിച്ചുമാറ്റാൻ ശബ്ദമുയർത്തണമെന്നും അഭിപ്രായം ഉയർന്നു.
'ആശ്രാമം മൈതാനത്തെ കോൺക്രീറ്റ് കോട്ടയാക്കാൻ അനുവദിക്കില്ല'
കൊല്ലം: പ്രകൃതിദത്തമായ ആശ്രാമം മൈതാനത്തെ കോൺക്രീറ്റ് കോട്ടയാക്കാൻ കോൺഗ്രസ് പാർട്ടി അനുവദിക്കില്ലെന്ന് ഡി.സി.സി പ്രസിഡൻറ് ബിന്ദുകൃഷ്ണ പറഞ്ഞു. മൈതാനത്തെ അനധികൃത നിർമാണ പ്രവർത്തനം നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
വാണിജ്യകേന്ദ്രങ്ങളും ശിൽപങ്ങളും നിയമവിരുദ്ധമായി നിർമിക്കാനുള്ള ഡി.ടി.പി.സിയുടെയും ലളിതകലാഅക്കാദമിയുടെയും ശ്രമം ഉപേക്ഷിക്കണമെന്നും മൈതാനത്തിെൻറ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന തനിമ നിലനിർത്തണമെന്നും അവർ ആവശ്യപ്പെട്ടു. എസ്. വിപിനചന്ദ്രൻ, ആദിക്കാട് മധു, ആർ. രമണൻ, ഗീതാകൃഷ്ണൻ, മോഹൻബോസ്, സന്തോഷ് കടപ്പാക്കട, രഞ്ജിത് കലിംഗമുഖം, ഉല്ലാസ് ഉളിയക്കോവിൽ, ആശ്രാമം സജീവ്, എം.എസ്. പുരുഷോത്തമൻ, തുളസി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.