പണംകിട്ടാതെ കുടുക്കിലായി കരാറുകാർ
text_fieldsകൊല്ലം: സർക്കാർ പദ്ധതികളുടെ കരാർ ഏറ്റെടുത്ത് നിർമാണം പൂർത്തിയാക്കിയിട്ടും മാസങ്ങളായി പണം ലഭിക്കാതെ കുടുക്കിലായി ആയിരക്കണക്കിന് കരാറുകാർ. ജില്ലയിൽ മാത്രം ആയിരത്തിലധികംപേരാണ് സർക്കാർ ലൈസൻസ് എടുത്ത് കരാർമേഖലയിൽ പ്രവർത്തിക്കുന്നത്. ഭൂരിഭാഗവും ചെറുകിടക്കാരായ കരാറുകാർ സർക്കാറിൽനിന്ന് പണം ലഭിക്കാത്തതിനാൽ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. പൊതുമരാമത്ത്വകുപ്പ്, തദ്ദേശസ്വയംഭരണവകുപ്പ്, ജലസേചനവകുപ്പ് പദ്ധതികളുടെ കരാറുകാരാണ് മാസങ്ങൾ പിന്നിട്ടിട്ടും പണം കിട്ടാതെ വലയുന്നത്. ട്രഷറി നിയന്ത്രണവും അകാരണമായി ബില്ലുകൾ ഉദ്യോഗസ്ഥർ പിടിച്ചുെവക്കുന്നതുമാണ് തങ്ങളുടെ പ്രശ്നങ്ങൾക്ക് പ്രധാന കാരണമെന്ന് കരാറുകാർ പറയുന്നു.
ഒമ്പതുമാസത്തോളമായി ബില്ലുകൾ മാറാതെ പ്രതിസന്ധി തുടരുകയാണ്. പതിനായിരങ്ങൾ മുതൽ കോടികൾ വരെ കിട്ടാനുള്ളവർ കൂട്ടത്തിലുണ്ടത്രെ. കടം മറിച്ച് പണമിറക്കി ചെയ്ത പ്രവൃത്തികളുടെ പണം കിട്ടാത്തതിനാൽ പുതിയ വർക്കുകൾ എടുക്കുന്നതിനും കഴിയുന്നില്ല. ഈ പ്രതിസന്ധിയിൽ നിർമാണം വൈകിയാൽ പിഴ കൂടി നൽകേണ്ടിവരുന്നതായും കരാറുകാർ ചൂണ്ടിക്കാട്ടുന്നു. പലരും പദ്ധതികൾ പാതിയിൽ നിർത്തേണ്ട സ്ഥിതിയിലാണ്.
ബാങ്ക് ഓവർ ഡ്രാഫ്റ്റ് എടുത്താണ് കരാറുകാർ പ്രവൃത്തികൾ ചെയ്യുന്നത്. സർക്കാർ പണം നൽകാൻ വൈകുന്നതിന് അനുസരിച്ച് വലിയ ബാധ്യതയാണ് വരുന്നത്. പി.ഡബ്ല്യു.ഡി മേഖലയിലുള്ള ബിൽ ഡിസ്കൗണ്ട് സംവിധാനം തദ്ദേശസ്ഥാപനങ്ങളിൽ നടപ്പാക്കുമെന്നതും ഇതുവരെ യാഥാർഥ്യമായില്ല. ജില്ല പഞ്ചായത്തുകളിൽ മാത്രമാണ് നിലവിൽ ബിൽ ഡിസ്കൗണ്ട് വഴി പണം നൽകുന്നത്. വൻ പ്രതിസന്ധി ബാക്കിയാക്കി, മറ്റ് തദ്ദേശ സ്ഥാപനങ്ങളിൽ ട്രഷറി ബില്ലുകൾ മാറാതെ കോടിക്കണക്കിന് രൂപയാണ് കരാറുകാർക്ക് നൽകാൻ ബാക്കികിടക്കുന്നത്.
2017കാലത്ത് വാറ്റ് പ്രാബല്യത്തിൽ ഉണ്ടായിരുന്നപ്പോൾ ചെയ്ത പ്രവൃത്തികളുടെ പണം ജി.എസ്.ടി കാലഘട്ടം ആരംഭിച്ചതിനുശേഷം അനുവദിച്ചുകിട്ടിയതിന്റെ തിക്തഫലവും കരാറുകാർ അനുഭവിക്കുന്നു. കോടികൾ പിഴ അടക്കണമെന്ന നോട്ടീസുകൾ കരാറുകാരെ തേടിയെത്തുന്നുണ്ട്. ഫണ്ട് നോക്കാതെ പുതിയ പദ്ധതികൾ പ്രഖ്യാപിക്കുമ്പോഴും പഴയതിന്റെ പണം നൽകാൻ ആരും മെനക്കെടുന്നില്ലെന്ന് കരാറുകാർ പറയുന്നു. എം.എൽ.എ ഫണ്ട് പദ്ധതികൾ പോലും വൻ ബാധ്യതയാണ് തങ്ങൾക്ക് വരുത്തിെവക്കുന്നതെന്നും അവർ വ്യക്തമാക്കുന്നു. പരാതികൾക്ക് പരിഹാരമില്ലാതെ സ്ഥിതി ഗുരുതരമായതോടെ പ്രതിഷേധവുമായി തെരുവിലിറങ്ങുകയാണ് കരാറുകാർ.
ഉൽപന്നങ്ങൾക്ക് ക്വാളിറ്റി വെല്ലുവിളി, കൊള്ളവിലയും
സർക്കാർ പദ്ധതികളിൽ 50000 രൂപക്ക് മുകളിൽ ഉള്ളതിനെല്ലാം ക്വാളിറ്റി പരിശോധന നിർബന്ധമാണ്. നിർമാണസാമഗ്രികൾ, കോൺക്രീറ്റ്, ടാർ എന്നിവയെല്ലാം പരിേശാധനവിധേയമാക്കണം. എന്നാൽ, സർക്കാർ നിഷ്കർഷിക്കുന്ന ക്വാളിറ്റിയുള്ള നിർമാണസാമഗ്രികൾ ലഭിക്കുന്നില്ല എന്ന വെല്ലുവിളി കരാറുകാരെ വലിയ രീതിയിൽ ബാധിക്കുന്നുണ്ട്. ഓരോ ഘട്ടത്തിലും ക്വാളിറ്റി പരിശോധന നിർബന്ധമാക്കിയപ്പോഴും അത് തങ്ങളുടെ മാത്രം ബാധ്യതയാക്കി സർക്കാർ മാറിനിൽക്കുന്നു എന്ന പരിഭവമാണ് കരാറുകാർക്ക്.
നിർമാണസാമഗ്രികൾക്ക് ഉൽപാദനകേന്ദ്രങ്ങളിൽതന്നെ ക്വാളിറ്റി ഉറപ്പാക്കാൻ സർക്കാർ ഇടപെടുന്നില്ല. ഇത് കരാറുകാർ മെറ്റലും എംസാൻഡും പിസാൻഡും പോലുള്ളവ വാങ്ങി ഉപയോഗിച്ച് മാസങ്ങൾ കഴിഞ്ഞ് ക്വാളിറ്റി പരിശോധനഫലം വരുമ്പോൾ ക്വാളിറ്റി ഇല്ല എന്ന് പറഞ്ഞ് ഉദ്യോഗസ്ഥർ ബില്ലുകൾ എഴുതാതെ പിടിച്ചുവെക്കുന്ന സ്ഥിതിയിലേക്ക് നയിക്കുന്നു. കൊല്ലത്ത് പി.ഡബ്ല്യു.ഡിക്ക് ഉള്ള ഒരു ലാബിൽ പരിശോധിച്ചാൽ ജില്ലയിലെയും തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലെയും മിക്ക സാമ്പിളുകൾക്കും ക്വാളിറ്റിയില്ല എന്ന ഫലമാണ് ലഭിക്കുന്നതെന്ന് കരാറുകാർ പറയുന്നു.
എന്നാൽ, തിരുവനന്തപുരത്തെയും പത്തനംതിട്ടയിലെയും ഇതേ ഉൽപന്നങ്ങൾ അവിടങ്ങളിലെ ലാബുകളിൽ പരിശോധിച്ചാൽ ക്വാളിറ്റി ഉള്ളതായും ഇവർ ചൂണ്ടിക്കാട്ടുന്നു. മെറ്റൽ ആണ് ക്വാളിറ്റി പ്രശ്നം ഏറെ നേരിടുന്നത്. ഈ പ്രശ്നം കാരണം നിരവധി ബില്ലുകൾ ആണ് ജില്ലയിൽ എഴുതാതെ പിടിച്ചുെവച്ചിരിക്കുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പിലാകട്ടെ കരാറുകാർതന്നെ എൻജിനീയറിങ് കോളജുകളിലും മറ്റും പരിശോധിപ്പിക്കുകയാണ്. ഇതിന്റെ ഫലവും കിട്ടാൻ മാസങ്ങളെടുക്കുന്നു.
നിർമാണസാമഗ്രികളുടെ കൊള്ളവിലയാണ് മറ്റൊരു തലവേദന. ജില്ലയിൽ കലക്ടറുടെ അധ്യക്ഷതയിൽ വിലനിർണയ കമ്മിറ്റി ഉണ്ടെങ്കിലും പ്രയോജനമില്ല. വർഷങ്ങൾക്കുമുമ്പ് ജില്ലയിൽ നിർമാണസാമഗ്രികൾക്ക് വിലനിർണയകമ്മിറ്റി വിലനിലവാരം നിശ്ചയിച്ചിരുന്നു. പിന്നീട് പലതവണ കമ്മിറ്റി യോഗം ചേർന്നിട്ടും ഈ പ്രശ്നത്തിൽ ഇടപെടാനോവില പുതുക്കിനിശ്ചയിക്കാനോ കഴിഞ്ഞില്ല. ഇതുകാരണം ഇന്ന് ക്വാറിക്കാർ പറയുന്നതാണ് വില.
കമ്മിറ്റി നിശ്ചയിച്ചതിന്റെ ഇരട്ടിനൽകി വേണം ഇപ്പോൾ സാമഗ്രികൾ വാങ്ങാൻ. മെറ്റലിന് ക്യുബിക് അടിക്ക് 55 രൂപയും എംസാൻഡിന് 72 രൂപയും പിസാൻഡിന് 80 രൂപയും വരെ ക്വാറിയിൽ നൽകണം. ഇതുകൂടാതെയാണ് ഗതാഗതചെലവ്. നിർമാണസാമഗ്രികൾക്ക് ക്വാളിറ്റി ഉറപ്പാക്കാനും പരിശോധനഫലങ്ങൾ വേഗത്തിലാക്കാനും വില ക്രമീകരിക്കാനും സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് കരാറുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.