കോർപറേഷൻ കൗൺസിൽ പദ്ധതികളുമായി സഹകരിക്കൂ
text_fieldsകൊല്ലം: കോർപറേഷൻ നടപ്പാക്കുന്ന പദ്ധതികൾ കൗൺസിലർമാരുടെ സജീവസഹകരണം ഇല്ലാത്തതിനാൽ ജനങ്ങളിലേക്ക് എത്താതെപോകുന്നതിൽ കൗൺസിൽ യോഗത്തിൽ കനത്ത പ്രതിഷേധം രേഖപ്പെടുത്തി മേയർ പ്രസന്ന ഏണസ്റ്റ്.കോടിക്കണക്കിന് രൂപ ചെലവഴിച്ച വീൽചെയർ പദ്ധതി നടപ്പാക്കി ഉദ്ഘാടനം നടത്തിയതല്ലാതെ, കൗൺസിലർമാർ ലിസ്റ്റ് തയാറാക്കി നൽകാത്തതിനാൽ സി.ഡി.പിയുടെ കൈവശം ഉപകരണങ്ങൾ കെട്ടിക്കിടക്കുകയാണ്.
ഇതുവരെ ഉപകരണങ്ങൾ കൈപ്പറ്റാത്ത കൗൺസിലർമാരുടെ പട്ടിക പരസ്യപ്പെടുത്തുമെന്നും മേയർ കർശനനിലപാടെടുത്തു. ഉറവിട മാലിന്യസംസ്കരണത്തിന് കൂടുതൽ ഊന്നൽ നൽകാൻ മാലിന്യസംസ്കരണ ഉപാധികൾ സൗജന്യമായി നൽകുന്ന പദ്ധതികൾ നടപ്പാക്കാനുള്ള പട്ടികയും ഇതുവരെ ആരും നൽകിയിട്ടില്ല.
ഗാർഹിക ബയോ ഗ്യാസ് പ്ലാന്റ് സൗജന്യമായി നൽകാനുള്ള തീരുമാനം നടപ്പാക്കാനാകാത്ത സ്ഥിതിയാണ്. കോർപറേഷനിലെ 22 വാർഡുകളിൽനിന്ന് അർബുദബാധിതരുടെ പട്ടിക നൽകാൻ ആവശ്യപ്പെട്ടിട്ടും നൽകിയിട്ടില്ല.
അർബുദബാധിതർക്കായി പൂരണ പോഷകാഹാരം നൽകാനുള്ള പദ്ധതിയാണ് കൗൺസിലർമാരുടെ അനാസ്ഥകാരണം കാലതാമസം നേരിടുന്നത്. ഡിവിഷനുകളിലെ ജനങ്ങളുടെ പ്രശ്നങ്ങൾ സർക്കാറിന് മുന്നിൽ എത്തിക്കാനുള്ള ശ്രമം കൗൺസിലർമാരുടെ ഭാഗത്തുനിന്നുണ്ടാവണം. കഷ്ടമാണ് നിലവിലെ സ്ഥിതിയെന്നും മേയർ പറഞ്ഞു.
എല്ലാ വർക്കുകളുടെയും എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതായി ബോധ്യപ്പെട്ട സാഹചര്യത്തിൽ എസ്റ്റിമേറ്റ് വേണ്ടത്ര അവധാനതയോടെ തയാറാക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണം. സമയബന്ധിതമായി മരാമത്ത് പ്രവൃത്തികള്‍ പൂർത്തീകരിക്കാന്‍ കഴിയാത്ത അവസ്ഥ ഉണ്ടാകുന്നു. ഇത് കോർപറേഷന് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാകുന്നു. റിവൈസ് ചെയ്യേണ്ടി വന്നാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്നും വി.എസ്. പ്രിയദർശന് മറുപടിയായി മേയർ പറഞ്ഞു. ക്യു.എസ്.എസ് കോളനി മാലിന്യപ്രശ്നം മന്ത്രിമാരുമായി ചർച്ച നടത്തിയവിവരം മേയർ കൗൺസിലിനെ അറിയിച്ചു. സാധനസാമഗ്രികളുടെ വിലനിലവാരം എസ്റ്റിമേറ്റിനുശേഷം വർധിക്കുന്നതായി സ്ഥിരംസമിതി അധ്യക്ഷൻ എസ്. ജയൻ അഭിപ്രായപ്പെട്ടു.
തീപിടിത്തത്തിൽ വീട് നഷ്ടപ്പെട്ടതിനെ തുടർന്ന് ഏഴുവര്‍ഷമായി മുണ്ടയ്ക്കല്‍ ഈസ്റ്റ് എല്‍.പി സ്കൂളില്‍ കഴിയുന്ന മൂന്ന് കുടുംബങ്ങള്‍ക്കു വീട് നിര്മിച്ചുനല്കുന്നതിനെച്ചൊല്ലിയുള്ള ചര്‍ച്ചക്കിടെ കുരുവിള ജോസഫും മേയറും തമ്മില്‍ ചൂടേറിയ വാഗ്വാദം നടന്നു. രണ്ട് കുടുംബങ്ങൾക്ക് വീട് നൽകിയപ്പോൾ വീടിന് അര്‍ഹതയുള്ള വയോധികയെ തഴഞ്ഞു എന്നായിരുന്നു പ്രതിപക്ഷ ആരോപണം.
എന്നാല്‍, കോര്പറേഷൻ ജീവനക്കാരനായിരുന്നയാളുടെ ഭാര്യയാണ് വയോധികയെന്നും പെന്ഷന് അര്‍ഹതയുള്ള, പൊതുവിഭാഗത്തില്‍ ഉള്‍പ്പെട്ട ഇവര്‍ക്ക് വീട് നല്കാന് സാങ്കേതികതടസ്സങ്ങളുണ്ടെന്നും മേയര്‍ മറുപടി നല്കി. വയോധികയെ കോര്‍പറേഷന്റെ തറവാട് കേന്ദ്രത്തിലേക്ക് മാറ്റുമെന്നും അറിയിച്ചു.
കെ-സ്മാർട്ട് നിലവിൽ വന്നതോടെ നികുതി നേരിട്ട് കൈപ്പറ്റാൻ സാധിക്കുന്നില്ല. എന്നാല്‍, സാങ്കേതികതടസ്സങ്ങള്‍ കണക്കിലെടുത്ത്, ഏപ്രില്‍ വരെ മാന്വലായി നികുതി സ്വീകരിക്കാമെന്ന് സര്‍ക്കാര്‍ വാക്കാല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മേയര്‍ അറിയിച്ചു. പി.ഒ.എസ് മെഷീന് എത്താത്തതിനാൽ ഫീൽഡിലെത്തി നികുതി ശേഖരിക്കാനും സാധിക്കുന്നില്ല.
അതേസമയം, ആപ്പിലെ തടസ്സം മൂലം നികുതി സ്വീകരിക്കുന്ന നടപടികള്‍ നിര്‍ത്തി എന്ന പ്രചാരണം ശരിയല്ല. ഫീല്‍ഡിലെത്തി നികുതി സ്വീകരിക്കുന്നത് മാത്രമാണ് നിര്‍ത്തിയത്. കൗണ്ടറുകളിലെത്തിയാല്‍, ആപ്പിന്റെ സഹായത്തോടെ ഉദ്യോഗസ്ഥര്‍ നികുതി സ്വീകരിക്കും. കെ-സ്മാർട്ടിന്റെ ഭാഗമായി നഗരസഭയിലെ കൗണ്ടറിലെത്തിക്കുന്ന നികുതി സ്വീകരിക്കുണ്ടെന്നും ഇതിനായി നഗരസഭ സമുച്ചയത്തിൽ അഞ്ച് ഫെസിലിറ്റേഷൻ കൗണ്ടറുകളും എല്ലാ സോണൽ ഓഫിസുകളിലും ഓരോ കൗണ്ടർ വീതവും തയാറാക്കിയിട്ടുണ്ടെന്നും ജീവനക്കാൻ കെ-സ്മാർട്ടിനെപ്പറ്റി മനസ്സിലാക്കാനുള്ള കാലതാമസത്താലാണ് നടപടി വൈകുന്നതെന്നും മേയർ അറിയിച്ചു.
സീവേജ് ലൈൻ പദ്ധതിക്കായി 169.24 കോടി ഭരണാനുമതിയായതായി. എ.ഡി.ബി.ഐ ബാങ്ക് സഹായത്തോടെ ജർമൻ ടെക്നോളജി ഉപയോഗിച്ച് റോഡ് പൊളിക്കാതെയാണ് നിർമാണം നടത്തുന്നത്. ഡെപ്യൂട്ടി മേയർ കൊല്ലം മധു, സ്ഥിരംസമിതി അധ്യക്ഷരായ ഗീതാകുമാരി, യു. പവിത്ര, കൗൺസിലർമാരായ ജോർജ് ഡി. കാട്ടിൽ, എം. പുഷ്പാംഗദൻ, എം. സുമി, കൃഷ്ണേന്ദു, എ. നൗഷാദ്, വി.എസ്. പ്രിയദർശൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.