കോര്പറേഷൻ കൗണ്‍സില്‍ യോഗം; ജില്ല ആശുപത്രിക്കും ഡി.ടി.പി.സിക്കും വിമര്‍ശനം
text_fieldsകൊല്ലം: ജില്ല ടൂറിസം പ്രമോഷൻ കൗണ്‍സിലിനും (ഡി.ടി.പി.സി) ജില്ല ആശുപത്രിക്കുമെതിരെ നിശിത വിമര്‍ശനമുയര്‍ത്തി കോര്പറേഷൻ കൗണ്‍സില്‍ യോഗം.
അഷ്ടമുടിക്കായലിലേക്ക് ഒഴുകിവരുന്ന വ്യവസായ സ്ഥാപനങ്ങളുടെയും ജില്ല ആശുപത്രി, വിക്ടോറിയ ആശുപത്രി ഉള്‍പ്പെടെ സ്വകാര്യ ആശുപത്രികളുടെയും മലിനജലവും മാലിന്യവും വന്നുചേരുന്ന വഴികള്‍ തടയണമെന്ന് ബി.ജെ.പി കൗണ്‍സിലര്‍ ടി.ജെ. ഗിരീഷ് പറഞ്ഞപ്പോള്‍ ജില്ല ആശുപത്രിയിലെ മാലിന്യം അഷ്ടമുടികായലിലേക്കാണ് ഒഴുക്കുന്നതെന്ന വിമർശനമാണ് മേയര്‍ ഉന്നയിച്ചത്.
അപൂര്‍വമായ കണ്ടല്ശേഖരങ്ങള് വെട്ടി നശിപ്പിച്ച് അക്കേഷ്യമരങ്ങൾ വെച്ചുപിടിപ്പിക്കുന്നതാണ് ഡി.ടി.പി.സിയുടെ വികസനപ്രവര്ത്തനമെന്നും കായല്‍തീരത്തെ ബോട്ട് യാര്ഡുകളില്നിന്നുള്ള ഇന്ധനമാലിന്യം മത്സ്യസമ്പത്ത് നശിപ്പിക്കുന്നുവെന്നും ഡെപ്യൂട്ടി മേയര്‍ കൊല്ലം മധുവും പറഞ്ഞു.
കോര്പറേഷന് നഗരസഞ്ചയ പദ്ധതിയുടെ ഭാഗമായിട്ടുള്ള അഷ്ടമുടി കായലിന്റെ ശുചീകരണവും അനുബന്ധപ്രവൃത്തികളും നടപ്പാക്കാന്‍ ചുമതലപ്പെടുത്തിയ തീരദേശ വികസന കോര്പറേഷന് 7.45 കോടിയുടെ പദ്ധതി എസ്റ്റിമേറ്റും ഡി.പി.ആറും സമര്‍പ്പിച്ചത് കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചക്ക് എടുത്തപ്പോഴായിരുന്നു ഈ വിമര്‍ശനങ്ങള്‍.
അതേസമയം, കല്ലുപാലം ജനുവരി 15ന് തുറന്ന് നല്‍കുമെന്നും മേയര്‍ പറഞ്ഞു. എം. മുകേഷ് എം.എല്‍.എയുടെ നേതൃത്വത്തില്‍ കരാറുകാരുമായി നടത്തിയ ചര്‍ച്ചയിലാണ് പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മാണം വേഗത്തിലാക്കി പാലം തുറന്നുകൊടുക്കാന്‍ തീരുമാനിച്ചതെന്നും മേയര്‍ പറഞ്ഞു.
അതേസമയം കോര്‍പറേഷനിലെത്തുന്ന ഫയലുകള്‍ കൈകാര്യം ചെയ്യുന്നതില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് അലംഭാവമുണ്ടാകുന്നുവെന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍ കുരുവിള ജോസഫ് ആരോപിച്ചു. കായലിലേക്ക് മാലിന്യം ഒഴുക്കുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കെതിരെയും നടപടിയെടുക്കണമെന്ന് സ്ഥിരം സമിതി അധ്യക്ഷരായ യു. പവിത്ര, ജി. ഉദയകുമാര്‍, ഹണി ബെഞ്ചമിന്‍ എന്നിവര്‍ മറുപടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.