കോർപറേഷൻ കൗൺസിൽ യോഗം; വീടുകളിലെ മൃതദേഹ സംസ്കാരത്തിന് കർശന നിയന്ത്രണം
text_fieldsകൊല്ലം: കോർപറേഷൻ പരിധിയിൽ സ്ഥലസൗകര്യമില്ലാത്തവരും വീടുകളിൽ മൃതദേഹ സംസ്കാരം നടത്തുന്നതിനെതിരെ മുനിസിപ്പൽ ആക്ട് പ്രകാരം കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്ന് മേയർ പ്രസന്ന ഏണസ്റ്റ്. കോർപറേഷൻ കൗൺസിലിൽ ശ്മശാനങ്ങളുടെ പ്രവർത്തനം സംബന്ധിച്ച അജണ്ടയിലെ ചർച്ചയിലാണ് മേയർ ഇക്കാര്യം വ്യക്തമാക്കിയത്.
50 മീറ്റർ ദൂരപരിധിക്കുള്ളിൽ വീടുകളുണ്ടെങ്കിൽ സ്വകാര്യവ്യക്തികളുടെ സ്ഥലങ്ങളിൽ സംസ്കാരം അനുവദിക്കില്ല. മൃതദേഹാവശിഷ്ടങ്ങൾ മണ്ണിൽ അലിഞ്ഞുചേരാത്ത കോൺക്രീറ്റ് കല്ലറ, ഗ്യാസ് ക്രിമറ്റോറിയം എത്തിച്ചുള്ള സംസ്കാരം എന്നിവക്ക് 25 മീറ്റർ ദൂരപരിധി മതിയാകും.
ഈ നിയന്ത്രണം മറികടക്കുന്നതിന് കൗൺസിലർമാർ ശിപാർശ നൽകരുതെന്നും കോർപറേഷൻ ശ്മശാനങ്ങളിൽ സംസ്കാരം നടത്തുന്നതിനാകണം പ്രോത്സാഹനം നൽകേണ്ടതെന്നും മേയർ പറഞ്ഞു. പോളയത്തോട് ശ്മശാനത്തിൽ ചൂളയിൽ മൃതദേഹം ദഹിപ്പിക്കുന്നതിന് ആളുകൾ വിമുഖത കാട്ടുന്നത് തുടർന്നും അംഗീകരിക്കാനാകില്ല.
അവശിഷ്ടങ്ങൾ കുന്നുകൂടുന്നതിനും ശ്മശാനത്തിന്റെ നാശത്തിനും ഇത് വഴിവെക്കുന്നതുൾപ്പെടെ പ്രശ്നങ്ങൾ കൗൺസിലർമാരായ എം.എച്ച്. നിസാമുദ്ദീൻ, എ. നൗഷാദ്, സുനിൽ ജോസ്, കുരുവിള ജോസഫ്, സ്ഥിരംസമിതി അധ്യക്ഷരായ ജി. ഉദയകുമാർ, യു. പവിത്ര എന്നിവർ പറഞ്ഞു. മുളങ്കാടകം ശ്മശാനത്തിൽ ചൂള ഉപയോഗം കൃത്യമായി നടക്കുന്നതുപോലെ പോളയത്തോടും കർശനമാക്കുമെന്ന് മേയർ പറഞ്ഞു. ഗ്യാസ് ക്രിമറ്റോറിയം ഉപയോഗിക്കാനും നടപടിയെടുക്കും.
വീടുകളിൽ ഗ്യാസ് ക്രിമറ്റോറിയം എത്തിക്കുന്നവർക്ക് ലൈസൻസ് നിർബന്ധമാക്കും. ശ്മശാനങ്ങളുടെ ചുമതല ഓരോ ഹെൽത്ത് ഇൻസ്പെക്ടർക്കും എ.ഇക്കും നൽകും. മുളങ്കാടകം, പോളയത്തോട്, ആക്കോലിൽ ശ്മശാനങ്ങൾ സൗന്ദര്യവത്കരണത്തിന് പദ്ധതി തയാറാക്കും.
മുണ്ടയ്ക്കൽ പട്ടികജാതി പ്രീമെട്രിക് ഹോസ്റ്റലുകളിൽ അടിസ്ഥാന സൗകര്യപ്രശ്നങ്ങൾ മനസ്സിലാക്കാൻ മേയറുടെ നേതൃത്വത്തിൽ അടിയന്തര സന്ദർശനം നടത്തി വേണ്ട നടപടിയെടുക്കും. മൂടപ്പെട്ടതും കൈയേറിയതുമായ പൊതുകിണറുകൾ കണ്ടെത്തി പൂർവസ്ഥിതിയിലാക്കും. ചാത്തിനാംകുളം ആയുർവേദ ആശുപത്രിയിൽ അടിയന്തരമായി ഫാർമസിസ്റ്റിനെ നിയമിക്കാൻ നടപടിയെടുക്കും.
തന്റെ ഡിവിഷനിൽ നാല് റോഡുകളുടെ നിർമാണത്തിന് കരാർ എടുത്തയാൾ റോഡ് പൊളിച്ചിട്ട് മാസങ്ങളായിട്ടും നിർമാണം നടത്താത്ത സങ്കടസ്ഥിതി ഹംസത്ത് ബീവി വിവരിച്ചു. അത്തരത്തിൽ മുങ്ങുന്ന കരാറുകാരെ കരിമ്പട്ടികയിൽ പെടുത്താൻ ഉദ്യോഗസ്ഥർ ശ്രദ്ധ പുലർത്തണമെന്നും വീഴ്ച വരുത്തിയ കരാറുകാരനെ തിങ്കളാഴ്ച വിളിച്ചുവരുത്താനും മേയർ നിർദേശിച്ചു.
‘ഖൽബിലെ ഖത്തർ’ പരിപാടിക്ക് കോർപറേഷന് പണമൊന്നും ചെലവായിട്ടില്ലെന്ന് ടി.ജി. ഗിരീഷിന്റെ ചോദ്യത്തിന് മേയർ മറുപടി നൽകി. കണ്ടൽക്കാടുകൾക്കിടയിൽ മാലിന്യം കത്തിക്കുന്നതിനെതിരെ കർശന നടപടി വേണമെന്ന് ഡെപ്യൂട്ടി മേയർ കൊല്ലം മധു ആവശ്യപ്പെട്ടു.
ഫയലുകൾ കാണാതെ പോകുന്നതിന് ശാശ്വത പരിഹാരം കാണണമെന്ന് എം. പുഷ്പാംഗദൻ ആവശ്യപ്പെട്ടു. ഓട നിർമാണത്തിന്റെ യഥാർഥ കരാർപത്രം കാണാതെ പോയ സംഭവത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുമെന്ന് മേയർ അറിയിച്ചു. സോഫ്റ്റ്വയറിലെ പ്രശ്നം കാരണം ഓൺലൈൻ നടപടിക്രമങ്ങൾ വൈകുന്നതിനാൽ പുതിയ നിർമാണ കരാർ പദ്ധതികൾക്ക് മാന്വലായി ബില്ലുകൾ മാറാൻ കൗൺസിൽ അനുമതി നൽകി.
കുരീപ്പുഴ ചണ്ടി ഡിപ്പോയിലെ മാലിന്യം നീക്കുന്നതിന് ജനുവരി 31വരെ കരാർ നീട്ടിനൽകി. വർഷങ്ങൾക്ക് മുമ്പ് മത്സ്യഭവൻ ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവർത്തിപ്പിക്കാത്തതിന് അടിയന്തര നടപടിയെടുക്കും.
കോടതി ഉത്തരവിന്റെ മറവിൽ നിരോധിത പ്ലാസ്റ്റിക് ഉപയോഗം അനുവദിക്കില്ലെന്നും കർശന പരിശോധനകൾ തുടരുമെന്നും മേയർ വ്യക്തമാക്കി. സ്ഥിരംസമിതി അധ്യക്ഷരായ എസ്. ജയൻ, എ.കെ. സവാദ്, വി.എസ്. പ്രിയദർശൻ, ബി. സാബു, എസ്. അമ്പിളി, കൃഷ്ണേന്ദു, എസ്. സ്വർണമ്മ, എ. അനീഷ് കുമാർ, സജീവ് സോമൻ, ടെൽസ തോമസ്, എം. സജീവ് എന്നിവരും സംസാരിച്ചു.
ചിന്നക്കടയിലെ നടപ്പാത കൈയേറിയുള്ള കച്ചവടം ഒഴിപ്പിക്കും
കൊല്ലം: ചിന്നക്കടയിൽ ഉൾപ്പെടെ നഗരത്തിൽ നടപ്പാതകൾ കൈയേറിയുള്ള വഴിയോര വാണിഭം വർധിക്കുന്നത് കൗൺസിൽ യോഗത്തിൽ പ്രധാന വിഷയമായി. ഹണി ബെഞ്ചമിൻ ഉൾപ്പെടെയുള്ളവർ ഈ വിഷയം അവതരിപ്പിച്ചു.
ചിന്നക്കട ഹെഡ് പോസ്റ്റോഫിസിന് മുന്നിലെ നടപ്പാതയിലെ കച്ചവടക്കാരെ അടിയന്തരമായി ഒഴിപ്പിക്കാൻ സെക്രട്ടറിക്ക് മേയർ പ്രസന്ന ഏണസ്റ്റ് നിർദേശം നൽകി. ഇത്തരം കച്ചവടക്കാരെ പുനരധിവസിപ്പിക്കാൻ വെൻഡിങ് സോൺ സംബന്ധിച്ച് ഉടൻ തീരുമാനമെടുക്കും.
തെരുവുവിളക്കുകൾ പലതും കത്താത്തത് വീണ്ടും ചർച്ചയിൽ ഉയർന്നതോടെ അത്തരം പരാതികളിൽ സ്വീകരിച്ച നടപടി സംബന്ധിച്ച് അടുത്ത കൗൺസിൽ യോഗത്തിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് മേയർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.